വയനാടൻ ഗ്രാമങ്ങളിൽ വീണ്ടും വോളിബോൾ ആരവം

Web Desk
Posted on May 27, 2019, 12:46 pm
മാനന്തവാടി: ഒരു കാലത്ത് വയനാടിന്റെ പ്രധാന കായിക വിനോദമായിരുന്നു  വോളിബോൾ .എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ  വോളിബോളിന് വേണ്ടത്ര വളർച്ച ഉണ്ടായില്ലന്ന് മാത്രമല്ല തളർച്ചയും ഉണ്ടായി. മുമ്പ് നിരവധി താരങ്ങളെ അണിനിരത്തിയ യവനാർകുളത്തിന്റെ മണ്ണിൽ നിന്ന്   വീണ്ടും  വോളിബോൾ ഉയിർത്തെഴുന്നേൽക്കുകയാണ്. അതിന് മുന്നോടിയായി  യവനാർകുളം ചലഞ്ചേഴ്സ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ നടത്തിയ പ്രീ മൺസൂൺ ത്രിബിൾസ് ടൂർണ്ണമെന്റ് വൻ വിജയമായി.  ജില്ലയിലെ 20 ടീമുകൾ ഞായറാഴ്ച നടന്ന ഏകദിന മത്സരത്തിൽ പങ്കെടുത്തു. ജില്ലാ വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ  യവനാർകുളം ചലഞ്ചേഴ്സ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ നവാഗതരായ താരങ്ങൾക്ക് പരിശീലനം, വോളിബോൾ ക്യാമ്പ് ,  പുതിയ താരങ്ങളെ കണ്ടെത്തൽ എന്നിവ നടത്തും.   ഞായറാഴ്ച്ച നടന്ന   മത്സരത്തിൽ   യുവശക്തി കോട്ടത്തറ ജേതാക്കളായി .സ്പാർട്ടൺ വോളി ടീം വയനാട് റണ്ണർ അപ്പ് ആയി. വിജയികൾക്ക്   തവിഞ്ഞാൽ കൃഷി ഓഫീസർ കെ.ജി. സുനിൽ ട്രോഫി വിതരണം ചെയ്തു. കെ.ജയേന്ദ്രൻ കളിക്കാരെ പരിചയപ്പെട്ടു. ജോസ് നരിക്കുഴ അധ്യക്ഷത വഹിച്ചു. എം.ജി. യൂണിവേഴ്സിറ്റി  എം. എസ്. സി അനാട്ടമിയിൽ ഒന്നാം റാങ്ക് നേടിയ മെജി ജോസഫിനും  മികച്ച വിജയം  നേടിയ വിദ്യാർത്ഥികളെയും   ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ  സംസ്ഥാന സെക്രട്ടറി പി.ആർ. ഉണ്ണികൃഷ്ണൻ ആദരിച്ചു. വോളിബോൾ  അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ജോണി മറ്റത്തിലാനി, അരുൺ വിൻസന്റ്,  തുടങ്ങിയവർ പ്രസംഗിച്ചു.