December 2, 2023 Saturday

Related news

November 29, 2023
October 8, 2023
September 23, 2023
September 21, 2023
September 21, 2023
September 20, 2023
September 14, 2023
September 12, 2023
September 10, 2023
September 2, 2023

അറേബ്യന്‍ മണ്ണില്‍ ഫുട്ബോള്‍ വസന്തം

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
August 27, 2023 10:12 pm

യൂറോപ്യൻ ഫുട്‌ബോളിനോട് കിടപിടിക്കുന്ന ശക്തിയായി വളരാൻ കഴിയുമോയെന്ന ചിന്തയിലാണ് അറബ് ലോകം. സ്വന്തം ശക്തി വർധിപ്പിക്കാൻ കളിക്കാരുടെ കരുത്ത് വിലയ്ക്കെടുത്ത് അറബ് ജനതയിൽ ഫുട്‌ബോൾ ജ്വരം പരമാവധി വളർത്തിയെടുക്കുകയാണ് അവർ ചെയ്യുന്നത്. നേരത്തെ തികച്ചും അപ്രധാനമായ അറബ് ക്ലബ്ബുകളെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങളാണ് തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്. ഏതു തരം കരാറും നൽകി ശക്തരായ കളിക്കാരെ ആകർഷിക്കാനും അവരിലൂടെ പ്രശസ്തി കൈവരിക്കാനും കഴിയുമെന്ന് ലോകകപ്പ് മത്സരങ്ങൾ മുതൽ അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ലോകകപ്പ് ഖത്തറിൽ വന്നപ്പോൾ കണ്ട ഫുട്‌ബോൾ വികാരം സ്വന്തം രാജ്യത്തിനുകൂടി പ്രയോജനപ്പെടുത്താനാണ് തുടർച്ചയായി അവർ ശ്രമിക്കുന്നത്. അതിനുവേണ്ടി പ്രമുഖ കളിക്കാരെ സംഭരിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന അറബ് ലോകം ഫുട്‌ബോളിന്റെ വ്യാപനത്തിന് സംഘടിതമായി മുന്നോട്ടു പോവുകയാണ്. സൗദി അറേബ്യയിലെ വലിയ സാമ്പത്തിക ശൃംഗലയാണ് സൗദി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അതോറിട്ടി. അവർക്ക് യൂറോപ്യൻ ക്ലബ്ബുകളുമായി സാമ്പത്തിക ഇടപാടുണ്ട്. മാത്രമല്ല അവർ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു ക്ലബ്ബ് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നുമുണ്ട്. സൗദി അറേബ്യയിലെ നാലു ക്ലബ്ബുകളെ പണംകൊടുത്ത് നിലനിർത്തുന്നതും അവർതന്നെയാണ്. അൽ നസർ, അൽഹിലാൽ, അൽ അഹ്ലി, അൽ ഇത്തിഹാദ് എന്നിവയാണ് ആ ക്ലബ്ബുകൾ.
അൽ നസർ വഴി ക്രിസ്റ്റ്യാനോ വന്നതോടെ അറബ് ഫുട്ബോളിൽ ഒരു പുതിയ ആവേശം ഉടലെടുത്തു. ഇതോടെ ഫുട്‌ബോൾ ഹരവും പതിന്മടങ്ങ് വർധിച്ചു. സ്റ്റേഡിയങ്ങൾക്ക് ജനബാഹുല്യം താങ്ങാൻ പ്രയാസമായി. അൽ ഇത്തിഹാദിൽ കരിം ബെൻസേമയും കരുത്ത് കാട്ടുകയാണ്. ഇത്തരമൊരു സന്ദർഭത്തിലാണ് അൽ ഹിലാലിൽ നെയ്മർ എത്തിച്ചേർന്നത്. രാജകുടുംബത്തിന് ലഭിക്കുന്നതുപോലുള്ള സൗകര്യമാണ് ബ്രസീൽ നായകനായ നെയ്മറിന് നൽകുന്നത്. അതിനുവേണ്ടി സൗദിയിലെ നിയമങ്ങളിൽപോലും ഇളവ് വരുത്തുവാൻ സർക്കാർ തയ്യാറായി. ഇപ്പോൾ ഒരു കാര്യം ഉറപ്പാണ്, ലോക ഫുട്ബോളിലെ പ്രധാന ശക്തികളാകുവാൻ എളുപ്പമല്ലെങ്കിലും അറബ് ഫുട്‌ബോൾ ശ്രദ്ധിക്കുന്ന തലത്തിലെത്തിയിരിക്കുകയാണ്.

എഎഫ്‌സി കപ്പിൽ നെയ്മറുടെ സാന്നിധ്യം ഏഷ്യൻ ഫുട്‌ബോളിൽ പുതിയ ചൈതന്യം വളർത്താതിരിക്കില്ല. ലോകം ശ്രദ്ധിക്കുന്ന മികച്ച മൂന്നു കളിക്കാരിൽ ഒരാളായ നെയ്മറുടെ അതിമനോഹരമായ ഡ്രിബ്ലിങ്ങും ഏത് ഡിഫൻഡറേയും വട്ടംകറക്കി കണിശമായി സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിക്കാനുള്ള കഴിവും ഇന്ത്യൻ ഫുട്ബോളിലെ കളിക്കാർക്ക് പഠനാർഹമാകും. എഎഫ്‌സിയിൽ മുംബൈ എഫ്‌സി എതിരാളിയായി വന്നേക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ ഇന്ത്യൻ താരങ്ങൾക്കും അത് വലിയ അനുഭവമാകും. എഎഫ്‌സി മത്സരങ്ങൾക്ക് മുമ്പെങ്ങുമില്ലാത്ത വലുപ്പവും പ്രചരണമൂല്യവും ഇത്തവണ കൈവരികയാണ്. ഹോം ആന്റ് എവേ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. അതിൽ മുംബൈ സിറ്റിയുടെ ഹോം മത്സരങ്ങൾ മുംബൈയിലാണ് നടക്കുന്നത്. അൽ ഹിലാലിന് പൂനെയിലേക്കും വരേണ്ടിവരും. എഫ്‌സി നസാജി മേസൻഡറൻ ക്ലബ്ബ് ഇറാൻ, നാവഭോർ ക്ലബ്ബ് ഉസ്ബെക്കിസ്ഥാൻ എന്നിവരാണ് അൽ ഹിലാലിനും, മുംബൈ സിറ്റിക്കും ഒപ്പം ഗ്രൂപ്പിൽ മത്സരിക്കുന്നത്. ഗ്രൂപ്പ് ഡി യിലാണ് ഇവർ മാറ്റുരയ്ക്കുക. സെപ്റ്റംബർ 19ന് കളികൾക്ക് തിരശീലയുയരും. അടുത്ത വർഷം ഫൈനൽ മത്സരം നടക്കും. 11, 18 തീയതികളിലാണ് മത്സരങ്ങൾ നടക്കുക.

നെയ്മറുടെ ഫിറ്റ്നസ് ഇപ്പോഴും പൂർണമായിട്ടില്ലെന്നത് സത്യമാണ്. മൂന്നു മാസത്തോളം വിശ്രമം നിർദേശിച്ചതായിരുന്നു. ഈ മാസം തുടക്കത്തിൽ പിഎസ്ജി വിട്ട നെയ്മറുടെ വരവേൽപ്പ് അറബ് ലോകം നന്നായി ആഘോഷിച്ചു . ഇനിയുള്ള ദിവസങ്ങളിലെ ആകാംക്ഷ അദ്ദേഹത്തിന്റെ കളി കാണുവാനാണ്. അൽ ഹിലാൽ സൗദി അറേബ്യയിൽ പ്രമുഖസ്ഥാനത്തുള്ളവർ തന്നെയാണ് 2022–23 സീസണിൽ പ്രോ ലീഗിൽ മൂന്നാം സ്ഥാനത്തായിരുന്നു. അതുകൊണ്ടാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയുന്നത്.
മുമ്പ് ഒമ്പത് തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ചരിത്രം അവരുടെ കൂടെയുണ്ട്. അതിൽ നാലു തവണയും കിരീടം നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസറും ഇത്തവണ എഎഫ്‌സിയിൽ യോഗ്യത നേടിയിട്ടുണ്ട്. താരനിരയിലെ പ്രഗൽഭർ ബലപരീക്ഷണം നടത്തുന്ന വേദിയായി ഇത്തവണ എഎഫ്‌സി മാറുമോയെന്ന് കാത്തിരുന്നു കാണാം. രണ്ട് കളികളിൽ തോറ്റതിൽ ആശങ്കയുണ്ടായിരുന്ന ക്ലബ്ബിനും ആരാധകർക്കും നിറഞ്ഞ ചാരിതാർത്ഥ്യത്തിന് വഴിയൊരുക്കിക്കൊണ്ടാണ് റൊണാൾഡോയുടെ ഉജ്വല പ്രകടനം. കൂട്ടിന് ആഫ്രിക്കൻ പടയാളി സാദിയോ മാനെയും, എതിരാളികളെ നിഷ്പ്രഭമാക്കുന്ന അഭൂതപൂർവമായ പ്രകടനമാണ് രണ്ടു പേരും ചേർന്ന് നടത്തിയത്. ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കിന് ഏറെ തിളക്കമുണ്ട്. സൗദി പ്രോ ലീഗിൽ രണ്ട് തുടർച്ചയായ തോൽവിയിൽ വിഷമിച്ചിരിക്കുന്ന ടീമിനെ വിജയ വഴിയിലേക്ക് നയിക്കുക മാത്രമല്ല സീസണിൽ ആദ്യജയവും സ്വന്തമാക്കി. കഴിഞ്ഞ കളികളിൽ നിസഹായനെപ്പോലെയായിരുന്ന റൊണാൾഡോയുടെ അസാധാരണ തിരിച്ചു വരവാണ് കണ്ടത്. സ്വന്തം കരിയറിലെ 63-ാമത് ഹാട്രിക്കിന് അദ്ദേഹം അർഹനായി. എന്നാൽ ഈ മത്സരം കൊണ്ട് മാത്രം അൽ നസർ വലിയ കുതിപ്പ് നേടിയെന്ന് പറയാറായിട്ടില്ല. ഇപ്പോഴും 10-ാം സ്ഥാനത്താണ് നിൽക്കുന്നത്. പരാജയം ഏറ്റുവാങ്ങിയ അൽ ഫത്ത എട്ടാം സ്ഥാനത്തുമാണ്.
സൗദി അറേബ്യയിൽ പ്രചരണത്തിന്റെ വലിയ ഓളവുമായി കടന്നുവന്ന റൊണാൾഡോ ജനഹൃദയങ്ങളിൽ മാന്യമായ സ്ഥാനം നേടിക്കഴിഞ്ഞു. അൽ നസർ സ്വപ്നം കാണാത്ത കപ്പ് സ്വന്തം കളിയിലെ പ്രാവീണ്യം കൊണ്ട് നേടിയെടുത്ത ലോകതാരം കോടാനുകോടി ആരാധകവലയത്തെ കൂട്ടിച്ചേർത്തു കഴിഞ്ഞു. ശൂന്യതയിൽ നിന്നും ബൈസിക്കിൾ കിക്കെടുത്ത മഹാനായ ഫുട്‌ബോളറുടെ സാന്നിധ്യം തന്നെ അൽ നസർ ക്ലബ്ബിന് വലിയ സമ്പാദ്യമായി. ആഫ്രിക്കൻ ചാമ്പ്യനായ സാദിയെ മാനെ കൂടി ചേർന്നപ്പോൾ ഏറ്റവും കരുത്തുള്ളതും ഏത് വലിയ ഡിഫൻസ് കോട്ടയെയും തകർക്കുന്ന വലിയ ശക്തിയായി അവർ മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.