19 April 2024, Friday

Related news

April 19, 2024
April 19, 2024
April 18, 2024
April 18, 2024
April 16, 2024
April 16, 2024
April 14, 2024
April 13, 2024
April 12, 2024
April 9, 2024

പോരാട്ടങ്ങള്‍ക്കൊപ്പം അഴിമതിരഹിത സിവില്‍ സര്‍വീസിനായി

ഡോ. കെ എസ് സജികുമാര്‍
കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ്
May 21, 2022 6:00 am

സിവിൽ സർവീസ് രംഗത്തെ കാര്യക്ഷമവും സുതാര്യവും അഴിമതിരഹിതവും ജനോപകാരപ്രദവുമാക്കുന്നതിൽ ഗൗരവമായ ഇടപെടലുകൾ തുടരുന്ന സംഘടനയാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്). ഗസറ്റഡ് ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്കായി ഭരിക്കുന്ന സർക്കാരിന്റെ കൊടിയുടെ നിറം നോക്കാതെ സന്ധിയില്ലാത്ത സമരപോരാട്ടപാതയിലാണ് സംഘടന. നൂതനമായ പല നിർദേശങ്ങളും സർക്കാരിൽ അവതരിപ്പിക്കുകയും അവയിൽ പലതും നേടിയെടുക്കുവാനും കഴിഞ്ഞുവെന്നത് നേട്ടമാണ്. അവകാശ പോരാട്ടങ്ങൾക്കുവേണ്ടി പ്രക്ഷോഭത്തിന്റെ പാത സ്വീകരിക്കുകയും അതോടൊപ്പം തന്നെ സർക്കാരിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ അവരുടെ കയ്യിൽ എത്തിക്കുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കെജിഒഎഫ് നടത്തുന്നത്. സംസ്ഥാനത്ത് സ്റ്റേറ്റ് സിവിൽ സർവീസ് രൂപീകരിക്കുന്നതിന്റെ ആവശ്യകത സംഘടനയുടെ രൂപീകരണകാലം മുതല്‍ക്കെ സര്‍ക്കാരുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഒന്നായിരുന്നു. നിരന്തരമായ പ്രക്ഷോഭങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായി കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് യാഥാർത്ഥ്യമായത് ഗസറ്റഡ് ജീവനക്കാരുടെ സമരസംഘടനയായ കെജിഒഎഫിന്റെ കിരീടത്തിലെ പൊൻതൂവൽ ആണെന്ന് നിസംശയം പറയാം.

 


ഇതും കൂടി വായിക്കാം; സിവില്‍ സര്‍വീസ് പരീക്ഷയില്‍ മാറ്റങ്ങള്‍ അനിവാര്യമോ


 

കൊളോണിയൽ ഭരണകാലത്തിന്റെ തിരുശേഷിപ്പായി നിലനിൽക്കുന്ന പ്രൊബേഷൻ, റഗുലറൈസേഷൻ, കൺഫർമേഷൻ, ഡിപിസി, സിആർ, പേസ്ലിപ്പ് എന്നീ സമ്പ്രദായങ്ങൾ തുടരുന്നതിനെതിരെയും കെജിഒഎഫ് തുടക്കം മുതല്‍ കാര്യകാരണ സഹിതം വിവരിക്കുന്നുണ്ട്. പ്രൊഫഷണൽ പാരിറ്റി എന്ന മുദ്രാവാക്യം മുഴക്കി കുറെ വർഷങ്ങളായി സമര രംഗത്തുള്ള ഏക സംഘടനയാണ് കെജിഒഎഫ്. അതോടൊപ്പം അർഹതയുള്ള എല്ലാ പ്രൊഫഷണൽ വിഭാഗ ജീവനക്കാർക്കും സിഎഎസ് അനുവദിക്കണമെന്നതും സംഘടന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിവരുന്ന ഒന്നാണ്. സ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ചതും ഓൺലൈൻ ആയി സ്ഥലംമാറ്റം നടത്താനുള്ള തീരുമാനവും പുതിയ തസ്തികകൾ സൃഷ്ടിച്ചതും സംഘടനയുടെ നിരന്തര പോരാട്ടങ്ങളുടെ കൂടി ഫലമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ട തീരുമാനത്തെ ഈ അവസരത്തില്‍ കെജിഒഎഫ് സ്വാഗതം ചെയ്യുന്നു. പല രീതികളിലുള്ള പെൻഷൻപ്രായം തുടരാതെ, പെൻഷൻപ്രായം 60 വയസാക്കി ഏകീകരിക്കണമെന്നതാണ് സംഘടനയുടെ അഭിപ്രായവും ആവശ്യവും. സമയബന്ധിതമായി ഡിപിസി കൂടാത്തതിനാൽ ചില വകുപ്പുകളിൽ അർഹമായ പ്രൊമോഷനുകൾ ലഭിക്കാതെ ജീവനക്കാർക്ക് പെൻഷനാകേണ്ടിവരുന്നുണ്ട്. ഡിപിസി സമ്പ്രദായം അവസാനിപ്പിക്കുകയോ, അല്ലെങ്കിൽ ഓരോ വർഷവും ഒഴിവുകൾ മുൻകൂട്ടിക്കണ്ട് സെലക്ട് ലിസ്റ്റ് തയാറാക്കി പ്രൊമോഷൻ ഒഴിവുവരുന്ന തീയതിക്ക് മുൻപായി ഉത്തരവ് ഇറക്കുകയോ വേണം. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാൻ സമിതിയെ നിയോഗിച്ചതും സ്വാഗതാർഹമാണ്. എങ്കിലും ആ റിപ്പോർട്ട് പുറത്തുവിടാതെ പൂഴ്ത്തിവച്ചിരിക്കുന്നത് യോജിക്കാവുന്ന നടപടിയല്ല. അടിയന്തരമായി റിപ്പോര്‍ട്ട് പുറത്തുവിടണം.

സ്റ്റാറ്റ്യൂട്ടറി പെൻഷനുവേണ്ടിയുള്ള ശ്രമങ്ങള്‍ സർക്കാർ വേഗത്തിലാക്കുകയും വേണം. ഇപ്പോഴത്തെ ഈ മെല്ലെപ്പോക്ക് ഖേദകരമാണ്. പ്രക്ഷോഭങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം. കേന്ദ്ര നയങ്ങളുടെ ഫലമായി അവശ്യസാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാണ്. ഇത് സാധാരണക്കാരെയെന്നപോലെ സര്‍വീസ് രംഗത്തുള്ളവരെയും സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. പൊതുവിതരണ ശൃംഖലവഴി സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ വിലക്കയറ്റത്തെ മറികടക്കാന്‍ ചെയ്യുന്നുണ്ടെന്നത് അഭിമാനകരം തന്നെ. എന്നാല്‍ ജീവനക്കാരുടെ ക്ഷേമം കൂടി പരിഗണനയ്ക്കെടുക്കണം. ഡിഎ കുടിശികയെങ്കിലും ഉടൻ അനുവദിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര ശ്രദ്ധചെലുത്തുമെന്നാണ് കെജിഒഎഫ് പ്രതീക്ഷിക്കുന്നത്. എല്ലാ അധികാരങ്ങളും സെക്രട്ടേറിയറ്റിൽ കേന്ദ്രീകരിച്ചിരിക്കുന്നത് ഒട്ടേറെ പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. സര്‍ക്കാരിനെയാണ് പലരും പഴിചാരുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ചയായും ഫയലുകളുടെ വേഗക്കുറവിനെ കാണുന്നു. അധികാരം സെക്രട്ടേറിയറ്റില്‍ കേന്ദ്രീകരിച്ചതുമൂലം ഫയലുകള്‍ ഒച്ചിന്റെ വേഗത്തിൽ നീങ്ങുന്നത് ഒഴിവാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഭരണ പരിഷ്ക്കാര കമ്മിഷൻ ശുപാർശ ചെയ്യുന്ന വിപുലമായ അധികാര‑വികേന്ദ്രീകരണമാണ് കാലഘട്ടത്തിന്റെ ആവശ്യം. വകുപ്പ് അധ്യക്ഷന്മാര്‍ക്കും ജില്ലാ-താലൂക്ക്തല ഉദ്യോഗസ്ഥർക്കും വിപുലമായ അധികാരം നൽകുന്നതിനാണ് കമ്മിഷന്റെ ശുപാര്‍ശ. ഇത് പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതിനൊപ്പം അവര്‍ക്ക് സ്വാതന്ത്യ്രവും അനുവദിക്കണം. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മുന്നോട്ടുപോകുന്നത് അര നൂറ്റാണ്ട് പഴക്കമുള്ള മാന്വലുകൾ അനുസരിച്ചാണ്. പുതിയ കാലഘട്ടത്തിനനുസൃതമായി മാറ്റങ്ങള്‍ വരുത്തേണ്ട കാലം അതിക്രമിച്ചു. മാന്വലുകളുടെ കാലോചിതമായ പരിഷ്ക്കാരം നടപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയും കെജിഒഎഫിനുണ്ട്. വകുപ്പ് അധ്യക്ഷന്മാർ അയയ്ക്കുന്ന നിർദേശങ്ങൾ വീണ്ടും സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് പരിശോധിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് ഒഴിവാക്കണം. വകുപ്പ് അധ്യക്ഷന്മാരെ ബന്ധപ്പെട്ട വകുപ്പിന്റെ അഡീഷണൽ സെക്രട്ടറിമാരായി പരിഗണിക്കുന്നത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.

 


ഇതും കൂടി വായിക്കാം; സിവില്‍ സര്‍വീസ്‌ സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യത


 

സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം പൊതുഭരണം, നിയമ നിർമ്മാണം, സാമ്പത്തിക നിയന്ത്രണം എന്നീ മേഖലകളിലാക്കി പരിമിതപ്പെടുത്തിക്കൊണ്ട് അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പിലാക്കുന്നതും സംസ്ഥാന സിവില്‍ സര്‍വീസ് രംഗത്തെ മുന്നേറ്റത്തിന് കരുത്താകും. ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ച്ച ജനങ്ങളുടെയും ഒപ്പം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രതീക്ഷകളുടെയും പ്രത്യാശയുടെയും കൂടി ഫലമാണ്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലാണ് കെജിഒഎഫ് അതിന്റെ 26-ാം സംസ്ഥാന സമ്മേളനവും ചേരുന്നത്. സമൂഹവും സര്‍ക്കാരും നേരിടുന്ന പ്രതിസന്ധികളെ മറികടക്കുന്നതിന് ഗസറ്റഡ് ജീവനക്കാരും അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്. സദാ കര്‍മ്മനിരതരായിരിക്കുമ്പോഴും ഔദ്യോഗിക രംഗത്തെ ഒട്ടേറെ പ്രതിബന്ധങ്ങളെയും നേരിടേണ്ടിവരുന്നു. അത്തരം പ്രശ്നങ്ങളടക്കം തിരുവനന്തപുരത്ത് ആരംഭിച്ച സംസ്ഥാന സമ്മേളനം ചര്‍ച്ചചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ‘മൂലധന ശക്തികള്‍ക്കായുള്ള ഭരണകൂട നയമാറ്റവും സിവില്‍ സര്‍വീസിന്റെ ഭാവിയും’ എന്ന വിഷയത്തിലെ സെമിനാര്‍ പോലും സംഘടന ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന ഗൗരവത്തിന്റെ മൂര്‍ച്ചകൂട്ടുന്നതാണ്. സിവില്‍ സര്‍വീസിനെ ശക്തമാക്കുന്നതിനും അഴിമതി രഹിതമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും സമ്മേളനം തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.