15 November 2025, Saturday

Related news

October 20, 2025
October 19, 2025
September 26, 2025
August 7, 2025
July 17, 2025
April 12, 2025
April 2, 2025
March 12, 2025
February 15, 2025
December 30, 2024

ബിഎസ്എന്‍എല്‍ ലേലത്തിന്

നാല് ലക്ഷം കോടി ആസ്തിയുള്ള സ്ഥാപനത്തിന്റെ അടിസ്ഥാന ലേലത്തുക 20,000 കോടി മാത്രം
കെ രംഗനാഥ്
ന്യൂഡല്‍ഹി
June 1, 2024 7:13 pm

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നത് ദിനചര്യയാക്കിയ മോഡി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ബിഎസ്എന്‍എല്ലും ലേലത്തില്‍ വില്ക്കുന്നു. ഒപ്പം മുംബെെ ആസ്ഥാനമായ എംടിഎന്‍എല്ലിന്റെ സ്ഥാവരജംഗമ സ്വത്തുക്കളും ലേലം ചെയ്യും. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ സെക്രട്ടറി നീരജ് മിത്തന്‍ പുറപ്പെടുവിച്ചു.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് വില്പന. ലേലവിവരം കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രത്തിന്റെ വിവിധ മന്ത്രാലയങ്ങളെയും അറിയിച്ചിട്ടുണ്ട്. ടാറ്റ, അംബാനി, അഡാനി എന്നീ കോര്‍പറേറ്റ് ഭീമന്മാര്‍ക്കാണ് ലേലം ചെയ്തുകൊടുക്കുന്നതെന്നാണ് സൂചന. 34 ലക്ഷം വീടുകളിലേക്ക് ലാന്‍ഡ്‌ലെെന്‍ കണക്ഷനുകളും കോടിക്കണക്കിന് മൊബെെല്‍ സേവനവും നല്കാനുള്ള വമ്പന്‍ പദ്ധതിയും ലേലം പിടിക്കുന്നവര്‍ക്ക് കെെമാറും. ബിഎസ്എന്‍എല്ലിന്റെ മൊത്തം ആസ്തി 4.31 ലക്ഷം കോടിയോളമാണെങ്കിലും 1.26 ലക്ഷം കോടി മാത്രമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ദുഷ്യന്ത് ചൗഹാന്‍ രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്കിയത് ചുളുവിലയ്ക്ക് വില്പന നടത്താനുള്ള ആസൂത്രിത പദ്ധതിയുടെ മുന്നോടിയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എംടിഎന്‍എല്ലിന്റെ മൊത്തം ആസ്തി 1.15 ലക്ഷം കോടിയാണെങ്കിലും കേന്ദ്രമന്ത്രിയുടെ കണക്കില്‍ അത് വെറും 12,000 കോടി.
ബിഎസ്എന്‍എല്ലിന് 10,568 ഏക്കര്‍ നഗരഭൂമിയുണ്ട്. എംടിഎന്‍എല്ലിന്റെ കെെവശമുള്ളത് 334.34 ഏക്കറും. ഇതിനുപുറമെ അംബരചുംബികളായ ആസ്ഥാനമന്ദിരങ്ങള്‍, മിക്കവാറും എല്ലാ നഗരങ്ങളിലും ബഹുനിലമന്ദിരങ്ങള്‍, അത്യാധുനിക സാങ്കേതികോപകരണങ്ങള്‍, ടെലിഫോണ്‍ ടവറുകള്‍ എന്നിവയും ഈ മൊബെെല്‍ സേവനദാതാക്കള്‍ക്ക് സ്വന്തം. ബിഎസ്എന്‍എല്ലിന്റെ എല്ലാ സ്ഥാപനങ്ങളുടെയും സാങ്കേതിക സംവിധാനങ്ങള്‍ 2.10 ലക്ഷം കോടി രൂപ ചെലവഴിച്ച് ഈയടുത്ത് അത്യാധുനികവല്‍ക്കരിച്ച ശേഷമാണ് വില്പനയെന്നതും സംഗതികള്‍ സംശയാസ്പദമാക്കുന്നു. കടത്തിലായിരുന്ന ബിഎസ്എന്‍എല്‍ നേരിയ ലാഭത്തിലേക്ക് കരകയറിയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് കച്ചവടമെന്നതും ശ്രദ്ധേയം. 2022ല്‍ ഇന്ത്യയിലെ ദുര്‍ഘട പ്രദേശങ്ങളില്‍ പോലും ടെലിഫോണ്‍ സൗകര്യം എത്തിക്കാനെന്ന പേരില്‍ ആധുനികവല്‍ക്കരണത്തിന്റെ മറവില്‍ 1.64 ലക്ഷം കോടിയും അതിനുമുമ്പ് പുനരുജ്ജീവന പദ്ധതി പ്രകാരം 69,000 കോടി രൂപയും ചെലവഴിച്ചിരുന്നു. ഈ പദ്ധതികളുടെ ഭാഗമായി ബിഎസ്എന്‍എല്ലിന്റെ നഷ്ടം 32,944 കോടിയില്‍ നിന്നും 22,289 കോടിയായി കുറഞ്ഞ കണക്കുമുണ്ട്.
കാലണപോലും മുടക്കാതെ തന്നെ ബിഎസ്എന്‍എല്ലിന്റെ ലോകോത്തര സാങ്കേതിക ഉപകരണങ്ങളും ആസ്തികളും ലഭ്യമാകുന്നതോടെ ലേലം കൊള്ളുന്ന കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് പുതുപുത്തന്‍ ബിഎസ്എന്‍എല്ലിനെയാണ് കെെപ്പിടിയിലൊതുക്കാനാവുക. ബിഎസ്എന്‍എല്ലില്‍ 2023 മാര്‍ച്ച് 31 വരെയുള്ള കള്ളക്കണക്കനുസരിച്ച് 58,277 ജീവനക്കാരാണുള്ളത്. എംടിഎന്‍എല്ലില്‍ 3,397 പേരും. ഈ രണ്ട് സ്ഥാപനങ്ങളും കോര്‍പറേറ്റുകളുടെ കെെവെള്ളയിലൊതുങ്ങുന്നതോടെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ കുത്തകശക്തികള്‍ സ്വകാര്യ മേഖലയാകും. മൂലധനശക്തികളുടെ ഈ അധിനിവേശത്തിനിടെ ബിഎസ്എന്‍എല്ലില്‍ ആയിരങ്ങള്‍ പിരിച്ചുവിടപ്പെടുമെന്ന ആശങ്കയുമുണ്ട്. മാത്രമല്ല, ലാന്‍ഡ് ലെെന്‍, മൊബെെല്‍ ഫോണ്‍ നിരക്കുകളില്‍ വന്‍ വര്‍ധനവുണ്ടാകും. നിരക്കുകളില്‍ 25 ശതമാനം വര്‍ധന വരുത്തുമെന്ന വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ കുറേ ദിവസങ്ങളായി വീശിയടിക്കുന്നുമുണ്ട്. ബിഎസ്എല്‍-എംടിഎല്‍ കച്ചവടത്തിനെതിരെ തൊഴിലാളികള്‍ ഇതിനകം പ്രക്ഷോഭപരിപാടികളും ആവിഷ്കരിച്ചുകഴിഞ്ഞു. നാല് ലക്ഷത്തിലേറെ കോടികളുടെ ആസ്തി ലേലം ചെയ്യുന്നതിനുള്ള അടിസ്ഥാനമൂല്യം തുച്ഛമായ 20,000 കോടിയായി നിജപ്പെടുത്തിയതും സംശയം ജനിപ്പിക്കുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പക്ഷം.

Eng­lish sum­ma­ry; For BSNL auction
you may also like this video;

Kerala State - Students Savings Scheme

TOP NEWS

November 15, 2025
November 15, 2025
November 14, 2025
November 14, 2025
November 14, 2025
November 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.