ഏതൊരു മഹാ പ്രക്ഷോഭത്തിനും രണ്ടു സമാന്തര ധാരകളുണ്ടാവും. ആദ്യത്തേത് അതിന്റെ പ്രകടനാത്മകവശമാണ്. തെരുവുകളില്‍ ജാഥകള്‍, നിരാഹാരസമരങ്ങള്‍, ബന്ധപ്പെട്ട അധികൃതരുടെ ഓഫീസുകള്‍ പ്രതിരോധിക്കല്‍ തുടങ്ങിയ പല പ്രകടന രൂപങ്ങളുമുണ്ടാവും. സാധാരണ ഇതൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് നടക്കുക. എന്നാല്‍ കാര്യത്തിന്റെ ഗൗരവമനുസരിച്ച് പാര്ട്ടിതലങ്ങള് ഭേദിച്ച് ഒട്ടൊക്കെ നിഷ്പക്ഷരെങ്കിലും ധര്‍മ്മാധര്‍മ്മ ബോധമുള്ള ജനപരിഛേദവും സമരമുഖത്തെത്തും. വിദ്യാര്‍ത്ഥികള്‍, സര്‍ഗ്ഗധനരായ എഴുത്തുകാര്‍, പൊതുവെ നിഷ്പക്ഷരായ യുവത്വം തുടങ്ങിയ വിഭാഗങ്ങളും സമരരംഗത്തെത്തും. അവരുമടങ്ങുന്ന അസ്തിത്വത്തിന്റെ വ്യാപകമായ പ്രസക്തിയാണ് അതിനു കാരണം. അതിനെത്രയോ ഉദാഹരണങ്ങളുണ്ട്. മുംബൈയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരുടെ മഹായാത്ര വലിയൊരു ഉദാഹരണമാണ്. ഇപ്പോഴിതാ പൗരത്വ ബില്ലിനെതിരായ പ്രതിഷേധക്കൂട്ടായ്മ. മറ്റൊന്ന് അതിന്റെ സൈദ്ധാന്തികവശമാണ്. അതില്ലാതെ ഒരു പ്രക്ഷോഭത്തിനും ശക്തിനേടാനാവില്ല. വിവിധ സമൂഹങ്ങളെ ഒരു പാതയിലെത്തിക്കുന്നത് ഈ സൈദ്ധാന്തിക ശക്തിയാണ്.
ഗാന്ധിജി സ്വാതന്ത്ര്യസമരക്കാലത്ത് ഇത് രണ്ടുംകൂടി സമന്വയിപ്പിച്ചാണ് സമരം നയിച്ചത്. അത്തരത്തിലൊരു ശേഷി ജനങ്ങള്‍ക്കുണ്ടെന്ന് നാമറിയുന്നത് അന്നാണ്. അതേ ആവര്‍ത്തനത്തില്‍ ഇന്നു നാം വീണ്ടും പ്രക്ഷോഭപാതയിലാണ്. ഒരു ജനതയുടെ ശരി നിയമത്തിന്റെയോ, നിയമനിര്‍മ്മാണസഭയുടെ തീരുമാനത്തിന്റെയോ മാത്രം പ്രശ്നമല്ല. അത് നീതിയുടെ പ്രശ്നം കൂടിയാണ്. നീതി എന്നാല്‍ അമര്‍ത്യാസെന്നിന്റെ ന്യായീകരണത്തില്‍ ജീവിതമെങ്ങനെ പോകുന്നു എന്നതിന്റെ സൂചകവും ആധാരവുമാണ്. പൗരത്വബില്‍ ജനങ്ങളുടെ ജീവിതം, വിഭ്രാമകമാക്കുന്നതുകൊണ്ട് അതിന്റെ നിയമപരമായ അപ്രമാദിത്വത്തിനപ്പുറത്ത് പലതുമുണ്ട്. ഈ പലതിലാണ് നാം നമ്മുടെ ദേശീയ പ്രക്ഷോഭത്തിന്റെ അടിത്തറ കണ്ടെത്തുന്നത്. അതുകൊണ്ട് ഈ സമരമാണ് ശരി. ശക്തിയല്ല ശരി, ശരിയാണ് ശക്തി. ശരി ചെയ്യുമ്പോള്‍ കുറ്റബോധമോ കീഴടങ്ങലോ ആവശ്യമില്ല. 1922 ല്‍ ‘യങ് ഇന്ത്യ’യിലെഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി ഗാന്ധിയെ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിനു മുമ്പ് കോടതിയെ അഡ്രസ് ചെയ്യാനദ്ദേഹത്തിനു സമ്മതം നല്കി അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാരിനെതിരെ തനിക്കു വിരോധമുണ്ടെന്ന വാദം ശരിയാണെന്നും അത് ഇപ്പോഴല്ല റൗലത്ത് ആക്ട് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചതു മുതല്‍ തുടങ്ങിയതാണെന്നും പറഞ്ഞു. രാഷ്ട്രീയമായും സാമ്പത്തികമായും ബ്രിട്ടീഷ് കണക്ഷന് ഇന്ത്യയെ ദുര്ബലമാക്കുന്നതുകൊണ്ടാണ് താന്‍ പ്രതിഷേധം നയിച്ചത്. ഇത് രാജ്യസേവനമായി കരുതുന്നു എന്നദ്ദേഹം വ്യക്തമാക്കി. ഗാന്ധിജിയുടെ പ്രശസ്തമായൊരു അഭിസംബോധനയായിരുന്നു അത്. അതിലദ്ദേഹം പറഞ്ഞ വാചകം മറക്കാനാവില്ല. ‘ഞാന്‍ അഗ്നികൊണ്ടാണ് കളിക്കുന്നതെന്നറിയാം. അതിന്റെ അപകടമെനിക്കുണ്ടെങ്കിലും എന്നെ സ്വതന്ത്രനാക്കിയാല്‍ ഞാന്‍ ഇതേ കാര്യമേ ചെയ്യൂ’. നേരത്തെ പറഞ്ഞ ഒരു പ്രക്ഷോഭത്തിന്റെ സൈദ്ധാന്തിക നൈതിക തലമാണിത്. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികമാഘോഷിക്കുന്ന ഈ സമയത്ത് അങ്ങനെയൊരു പൊതു പ്രക്ഷോഭം അനിവാര്യമായതിന്റെ അടിസ്ഥാനമാണ് ഈ വചാകം. എന്തിന് പൗരത്വ ബില്ലിനെതിരെ സമരമെന്നതിന്റെ ന്യായീകരണമാണിത്. പാര്‍ലമെന്റ് പാസാക്കിയത് കൊണ്ട് ഒരു നിയമം അനിഷേധ്യമാവുന്നില്ല. അതൊരു രാഷ്ട്രീയ സാങ്കേതിക നടപടി മാത്രമാണ്.
ഭരിക്കുന്ന പാര്‍ട്ടിക്ക് പിന്തുണച്ചവരെക്കാള്, പേര് പിന്തുണയ്ക്കാത്തവരായുണ്ട്. സീറ്റ് നേടലിന്റെ ഗണിതശാസ്ത്രം അത് വ്യക്തമാക്കുന്നു. മൊത്തം ജനസംഖ്യയുടെ പകുതിയിലും എത്രയോ കുറവ് പേര് പിന്തുണച്ചാലും ഭൂരിപക്ഷം നേടാം. അവര്‍ അപ്പുറത്തെ ഭൂരിപക്ഷത്തെ നിരാകരിക്കുന്ന ഇത്തരം ബില്ലുകള്‍ പാസാക്കുന്നത് ദേശദ്രോഹമാണ്. ഗാന്ധിജി പറഞ്ഞതുപോലെ അതിനെയാണ് ജനങ്ങള്‍ എതിര്‍ക്കുന്നത്. അതുകൊണ്ട് നിയമത്തിന്റെ കേവലമായ ശരിയെക്കാള്‍, ശരിയുടെ നിയമത്തിനുവേണ്ടിയാണ് ഈ എതിര്‍പ്പുകള്‍. ഒരു സമൂഹത്തെ വിഛേദിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്ന, നിയമനിര്‍മ്മാണം നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന് അധികാരമില്ലെന്നതാണ് ദേശവ്യാപകമായ ഈ പ്രക്ഷോഭത്തിന്റെ സാരം. അധികാരത്തിന്റെ അഹങ്കാരത്തെ നിഷേധിച്ചുകൊണ്ട് അതാവര്‍ത്തിച്ച് പറഞ്ഞ് കുറ്റം ഏറ്റുവാങ്ങിയ ഒട്ടേറെ മഹാപ്രതിഭകളുടെ ചരിത്രം ഈ പ്രതിഷേധത്തിന് മൂലധനമാവുന്നു. ഡ്രെഫസ് എന്ന മിലിറ്ററി ഉദ്യോഗസ്ഥനെ കുറ്റവാളിയാക്കിയതില്‍ പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരി എമിലിസോള തന്റെ പ്രതിഷേധം ജൂറിയെ അറിയിക്കുന്നതില്‍ ഒരു ഭാഗത്ത് പറയുന്നു. ‘എന്റെ രാജ്യം നുണയ്ക്കും അനീതിക്കും ഇരയാവരുതെന്നു ഞാന്‍ കരുതുന്നു. ഞാനിവിടെ ശിക്ഷിക്കപ്പെട്ടേക്കാം. എന്നാല്‍ ഒരു ദിവസം വരും.
അന്ന് നാടിന്റെ അന്തസ് സംരക്ഷിക്കാന്‍ സഹായിച്ചതിന് ഫ്രാന്‍സ് എന്നോട് നന്ദി പറയും’. ഇന്ന് പണ്ഡിതന്മാരും എഴുത്തുകാരും ചരിത്രകാരന്മാരും സര്‍ക്കാരിനെയും ഈ നിയമകാപട്യത്തെയും എതിര്‍ക്കുന്നത് ഇത്തരം ചരിത്രസന്ദര്‍ഭങ്ങളുടെ പിന്തുണകൊണ്ടാണ്. അവസാന വിധിക്കു മുമ്പ് ശിക്ഷകരെ നോക്കി സോക്രട്ടീസ് പറഞ്ഞതും തന്റെ പ്രതിഷേധത്തെ ന്യായീകരിച്ചുകൊണ്ടും ന്യായാസനത്തിന്റെ അബദ്ധം വെളിവാക്കിക്കൊണ്ടുമായിരുന്നു. നിയമനിഷേധമല്ല, നിയമത്തെ മാനുഷികമാക്കലാണ് ലക്ഷ്യമെന്നു പറഞ്ഞുകൊണ്ടദ്ദേഹം വധശിക്ഷ ഏറ്റുവാങ്ങിക്കൊണ്ടു പറഞ്ഞു ‘പിരിയാന്‍ നേരമായി- എനിക്കു മരിക്കാനും നിങ്ങള്‍ക്ക് ജീവിക്കാനും. പക്ഷേ ഇതിലാരായിരിക്കും ഭേദമെന്ന് ദൈവത്തിനൊഴികെ ആര്‍ക്കും അറിയില്ല’ എന്ന്. ചരിത്രത്തില്‍ ഇതിന്റെയൊക്കെ എത്രയോ ആവര്‍ത്തന സന്ദര്ഭങ്ങളുണ്ടായതില് ഒന്നിലാണ് ഇന്ത്യ ഇപ്പോള്‍. വിധിക്കപ്പെട്ടവരോ വാഴുന്നവരോ ആരാണ് ഭേദമെന്നറിയില്ല. ഇന്നത്തെ സ്ഥിതിയാണെങ്കില്‍ നമുക്ക് ഇങ്ങനെ വാഴുന്നതിലര്ത്ഥമില്ല. മനുഷ്യമഹാശൃംഖലയും പ്രകടനങ്ങളും പ്രഭാഷണങ്ങളും അതിനുവേണ്ടിയാണ്.
ഭരണഘടന ഒരു ടെക്സ്റ്റ് ബുക്കല്ല. ഒരു രാജ്യത്തിന്റെ ഭൗതികവും ധാര്‍മ്മികവുമായ ജീവിതത്തിന്റെ ആധാരമാണ്. തെരഞ്ഞെടുപ്പിന്റെ രീതിശാസ്ത്രം വച്ച് പിരിച്ചുടച്ച് വ്യാഖ്യാനിക്കാനും വേര്‍തിരിച്ച് മനുഷ്യരെ ദ്രോഹിക്കാനുമുള്ളതല്ല. ഏതു പ്രമാണവും നീച ബുദ്ധികളുടെ കയ്യിലെത്തുമ്പോള്‍ മാരകമാകുന്നതിന്റെ അനുഭവമാണിന്ന്. ഇതിനെതിരെ ഒരു സാംസ്കാരിക മുന്നേറ്റമാണ് വേണ്ടത്. എം ജി എസ് നാരായണന് ഒരഭിമുഖത്തില്‍ ഈ സമരം ഏറ്റെടുക്കേണ്ടത് സര്‍വകലാശാലകളാണെന്ന് പറയുകയുണ്ടായി. അതാണ് ശരി. ഇത് ഭാവിയുടെ പ്രശ്നമാണ്. ചരിത്രം കുടിയേറ്റത്തിന്റെയും അതിന്റെ സ്വീകാര്യതയുടേതുമാണെന്നദ്ദേഹം പറഞ്ഞു. ആ ചരിത്രത്തിന്റ പേരിലാണ് എം ജി എസും ഇര്ഫാന് ഹബീബും രാമചന്ദ്ര ഗുഹയുമൊക്കെ കുടിയേറ്റ നിയമത്തെ എതിര്‍ക്കുന്നത്. അതാണ് ഈ പ്രക്ഷോഭം വെറും പ്രകടനാത്മകമല്ലാതെ മറ്റ് സൈദ്ധാന്തിക തലത്തിലേക്കുയരുന്നത്. ഗാന്ധിജിയുടെ സമാധാനവും ഏകസ്വരതയും അംബേദ്ക്കറുടെ ഡമോക്രാറ്റിക് നാഷണലിസവും ഇവിടെ അന്തര്‍ലീനമാണ്. ഭരണഘടനാ ജനാധിപത്യം ഇവിടത്തെ ന്യൂനപക്ഷമടക്കമുള്ള സകലരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനാണെന്ന് അംബേദ്കര്‍. ഗാന്ധിജിയുടെ ജനാധിപത്യം പാര്‍ലമെന്റിലല്ല, ധാര്‍മ്മിക സംഹിതകളിലാണ്. നിയമനിര്‍മ്മാണസഭയെ അദ്ദേഹം ‘മച്ചിപ്പശു’ എന്നുവരെ ‘ഹിന്ദ് സ്വരാജി‘ല്‍ അധിഷേപിച്ചു. നമുക്ക് വേണ്ടത് ജനാധിപത്യ പൗരത്വവും ദേശീയതയുമാണ്. ഈ പ്രക്ഷോഭത്തിന്റെ മഹാപ്രസ്ഥാനപാത അതാകുന്നു.