October 1, 2022 Saturday

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു നിർബന്ധമാക്കി

Janayugom Webdesk
ന്യൂഡല്‍ഹി:
May 2, 2020 8:59 pm

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് കേന്ദ്രം നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം 100 ശതമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട മേധാവികളെ ചുമതലപ്പെടുത്തി. കോവിഡ് 19 രോഗികളുള്ള സോണുകളില്‍ താമസിക്കുന്നവര്‍ക്ക് മൊബൈല്‍ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജീവനക്കാര്‍ക്കിടയില്‍ ഈ ആപ്ലിക്കേഷന്‍ 100 ശതമാനവും നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് അതത് സ്ഥാപന മേധാവികളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ നിർബന്ധമാക്കി കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പടെ മൊബൈൽ ഫോണുകളിൽ കോവിഡ് മുന്നറിയിപ്പ് ഉൾപ്പടെയുള്ള വിവരങ്ങൾ നൽകുന്ന ആരോഗ്യ സേതു ആപ്പ് നിർബന്ധമായും ഡൗൺ ലോഡ് ചെയ്യണമെന്ന് കേന്ദ്ര പഴ്‌സണൽ കാര്യ വകുപ്പ് നിർദേശത്തിൽ പറയുന്നു. കോവിഡ് അണുബാധയ്ക്ക് സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപഭോക്താക്കളെ സഹായിക്കും. ഫോണിന്റെ ജിപിഎസ് സിസ്റ്റവും ബ്ലൂടൂത്തും ഉപയോഗിച്ച് കൊറോണ വൈറസ് അണുബാധ ട്രാക്കുചെയ്യാന്‍ സഹായിക്കുകയും വിവരങ്ങള്‍ നല്‍കുകയും ചെയ്യും. ഈ ആപ്പിലൂടെ ഉപയോക്താവ് ഒരു കോവിഡ് ‑19 രോഗബാധിതനായ വ്യക്തിയുടെ സമീപത്താണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കാനും സാധിക്കും.

അതേസമയം ഈ ആപ്പ് സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം കോവിഡ് പ്രതിരോധത്തിനും വിവര കൈമാറ്റത്തിനും കേന്ദ്ര സർക്കാർ നിർബന്ധമാക്കിയ ആരോഗ്യസേതു ആപ്പ് ശത്രു രാജ്യങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സൈനികർ ശ്രദ്ധിക്കണമെന്നും ഇന്ത്യൻ ആർമി മുന്നറിയിപ്പ് നൽകി. ഇതേ ആപ്പിന് സമാനമായ ആപ്ലിക്കേഷനുണ്ടാക്കി വിവരങ്ങൾ ചോർത്താൻ ശത്രുരാജ്യങ്ങൾ ശ്രമിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

കണ്ടെയ്ൻമെന്റ് സോണുകളിലും നിർബന്ധമാക്കും

കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാക്കി കേന്ദ്രം. രാജ്യത്തെ റെഡ് സോണിൽ ഉൾപ്പെട്ട 130 ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകളിലെ ജനങ്ങളും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നാണ് നിർദേശം. ഇതുവഴി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട ഓരോ വ്യക്തിയെയും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. ആവശ്യമെങ്കിൽ ക്വാറന്റീനിലേക്ക് മാറ്റാനുള്ള നടപടി ക്രമങ്ങൾ അതിവേഗം ഏർപ്പെടുത്താനും കഴിയും. സമ്പർക്കവിലക്കിൽ കഴിയുന്നതിനെക്കുറിച്ചുള്ള മാർഗ നിർദേശങ്ങളും ആരോഗ്യ സേതു വഴി ലഭ്യമാകും. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട വീടുകൾ കയറിയുള്ള പരിശോധനയും രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് ഊർജിതമാക്കുമെന്നും കേന്ദ്രം അറിയിച്ചു.

 

ENGLISH SUMMARY: aro­gya sethu manda­to­ry for gov­ern­ment and pri­vate sec­tor employees

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.