ഇന്ത്യയുടെ സാമ്പത്തിക ദീനങ്ങള്‍ മൂര്‍ച്ഛിക്കുകയും കൊറോണ വൈറസ് ഭീതി ആഗോള സമ്പദ്വ്യവസ്ഥകളിലാകെ പടരുകയും ചെയ്തതോടെ രൂപയുടെ മൂല്യം പാതാളത്തിലേക്കു നിപതിക്കുന്നു. ഇന്നലത്തെ വിനിമയനിരക്കനുസരിച്ച് ഒരു ഡോളറിന് 72.27 രൂപ നല്‍കണം. ഏതാനും മാസം മുമ്പ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 66.15 വരെയായിരുന്നു. ഗള്‍ഫ് നാടുകളിലെ ഏറ്റവും ശക്തമായ കറന്‍സിയായ ദിര്‍ഹവുമായുള്ള വിനിമയമൂല്യവും തകര്‍ന്നു. 15.8 രൂപ നല്കിയാല് ഒരു ദിര്‍ഹം ലഭിക്കുമായിരുന്നു എന്ന നിലവരെ ഭദ്രമായിരുന്നു രൂപ. ഇപ്പോള്‍ 19.72 രൂപ നല്‍കിയാലേ ഒരു ദിര്‍ഹം ലഭിക്കു.
രൂപയുടെ മൂല്യത്തില്‍ ആറുമാസത്തിനുള്ളിലെ ഏറ്റവും ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് ലുലു എക്സ്ചേഞ്ചിലേയും യുഎഇ എക്സ്ചേഞ്ചിലേയും അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസാണ് ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളടക്കമുള്ള ലോകത്തെ മിക്ക കറന്‍സികളുടേയും വിലയിടിവിനു കാരണമെങ്കില്‍ ‘പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണി‘യും എന്ന മട്ടില്‍ മൂല്യത്തകര്‍ച്ചയ്ക്ക് കൊറോണ വൈറസും ഒരു നിമിത്തമായേയുള്ളൂവെന്നാണ് കറന്സികാര്യവിദഗ്ധരുടെ നിഗമനം. സ്റ്റോക്ക് വിപണിയില്‍ അടുത്തകാലത്തെ ഏറ്റവും വലിയ തകര്‍ച്ച രേഖപ്പെടുത്തിയത് 1,450 പോയിന്റാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അവരോഹണത്തിന്റെ പാതയിലാണെന്ന് കേന്ദ്ര ബജറ്റില്‍ത്തന്നെ സമ്മതിച്ച സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് പിന്മാറുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കു വഴിമരുന്നിട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മാത്രം 6,750 കോടി രൂപയുടെ ഓഹരികളാണ് വിപണികളില്‍ നിന്നു പിന്‍വലിച്ചത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ 5,400 കോടി രൂപയുടെ വിദേശ നിക്ഷേപവും പിന്‍വലിക്കപ്പെട്ടത് രൂപയുടെമേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സെന്‍സെക്സില്‍ 3.64 ശതമാനം ഇടിവുണ്ടായത് 2015 നു ശേഷം ഇതാദ്യത്തെ ഗുരുതരമായ വീഴ്ചയാണെന്നും നിഗമനമുണ്ട്.
രാജ്യതലസ്ഥാനത്ത് നടന്ന വര്‍ഗീയ കലാപങ്ങളും ഇന്ത്യ നിക്ഷേപത്തിനുള്ള സുരക്ഷിത രാജ്യമല്ലെന്ന ബോധ്യം വിദേശനിക്ഷേപകരിലുണ്ടാക്കി. ഡോളര്‍പോലും ദുര്ബലമായിക്കൊണ്ടിരിക്കുന്നതിനിടെ രൂപയുടെ മൂല്യം ഇനിയും ഗണ്യമായി ഇടിയുമെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. പൊതുക്കടത്തിന്മേല് കേന്ദ്രസര്‍ക്കാരിന് നിയന്ത്രണമില്ലാതായി എന്ന അന്തര്‍ദേശീയ നാണ്യനിധിയുടെ കുറ്റപ്പെടുത്തലും ശ്രദ്ധേയമാണ്. ജനങ്ങളുടെ വാങ്ങല്‍ശേഷി അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താണ തലത്തിലെത്തിയത് സമ്പദ്ഘടനയുടെ തകര്‍ച്ചയുടെ ലക്ഷണമായി റേറ്റിംഗ് ഏജന്‍സിയായ മൂഡി മുന്നറിയിപ്പു നല്‍കിയിരുന്നു. ദേശീയ സാമ്പത്തിക വളര്‍ച്ചനിരക്ക് 6.6 ശതമാനത്തില്‍ നിന്നും 5.4 ശതമാനമായി കുത്തനെ താഴുന്നതിനാണ് ഈ വര്‍ഷം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും മൂഡി പ്രവചിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സാമ്പത്തിക മാന്ദ്യസമാനമായ അവസ്ഥയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ രൂപയുടെ കഷ്ടകാലം അടുത്തെങ്ങും തീരില്ലെന്ന വിദഗ്ധരുടെ നിഗമനം ശരിവയ്ക്കുന്നവിധമാണ് രൂപയുടെ ഇപ്പോഴത്തെ വീഴ്ച എന്ന അഭിപ്രായവും ശക്തിപ്രാപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.