Web Desk

കൊച്ചി

January 24, 2020, 9:32 pm

ഫാക്ടിന്റെയും എച്ച്എംടിയുടെയും ഭൂമി വിൽപ്പനക്ക്; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയുടെ കണക്കെടുപ്പ് ഊർജ്ജിതം

Janayugom Online

വിൽപ്പനയ്ക്കുള്ളതും അല്ലാത്തതുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയുടെ കണക്കെടുപ്പ് കേന്ദ്രം ഊർജിതമാക്കുന്നതായി വിവരം. ബിപിസിഎൽ കൊച്ചിൻ റിഫൈനറി അടക്കമുള്ളവയുടെ വിൽപ്പന പ്രതീക്ഷിച്ചതു പോലെ ക്ലച്ച് പിടിക്കാത്ത സാഹചര്യത്തിലാണ് അവയുടെ ഹെക്ടർ കണക്കായ ഭൂമിയിൽ കേന്ദ്രം കണ്ണുവച്ചിട്ടുള്ളത്.

പൊതുജനങ്ങൾക്കു സംശയം ജനിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ പൊതുവിവരശേഖരണം എന്ന പേരിലാണ് ഭൂമിയുടെ കണക്കെടുപ്പ്. ഓഹരി വിറ്റഴിക്കലിനു പട്ടികയിൽപ്പെടുത്തിയവയ്ക്കു പുറമെ, ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടാൻ നിതി
ആയോഗ് ശുപാർശ ചെയ്ത കളമശേരി എച്ച്എംടി അടക്കമുള്ള 26 പൊതുമേഖലാ സ്ഥാപനങ്ങളുടെയും 50 ശതമാനം ഓഹരി വിറ്റഴിക്കലിനായി ശുപാർശ ചെയ്യപ്പെട്ട ഉദ്യോഗമണ്ഡലിലെ എഫ്എസിടി അടക്കമുള്ള 32 കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും ഭൂമി കണക്കെടുക്കാനുള്ളവയുടെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിവ്.

എഫ്എസിടി അടക്കമുള്ള ചില സ്ഥാപനങ്ങൾ കൊള്ളപ്പലിശയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്നു വായ്പ സ്വീകരിച്ചിട്ടുള്ളതിനാലും പലിശയുൾപ്പെടെയുള്ള തിരിച്ചടവ് മുടങ്ങിയിട്ടുള്ളതിനാലും അത്തരം സ്ഥാപനങ്ങളെ കെണിയിൽപ്പെടുത്തുക എളുപ്പമാന്നെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. മുംബൈ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലായി പൊതു മേഖലയിലെ ഔഷധക്കമ്പനികളായ ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്സ്, ബിസിപിഎൽ, ഐഡിപിഎൽ എന്നിവയുടേതായി ഹെക്ടർ കണക്കിനു ഭൂമിയുണ്ട്. ഇവ ഓഹരി വിൽപ്പനയുടെ പട്ടികയിലില്ലെങ്കിലും ഭൂമിയുടെ കണക്കെടുക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

മുൻ എൻഡിഎ സർക്കാരിന്റെ കാലത്ത് തുടങ്ങിയതാണ് കൊച്ചി ഉൾപ്പെടെ12 മേജർ തുറമുഖങ്ങളുടെ കൈവശമുള്ള ഭൂമിയിൽ ഉന്നം വച്ചുള്ള കരുനീക്കങ്ങൾ.മേജർ തുറമുഖങ്ങൾക്കു മാത്രം സ്വന്തമായുള്ളത് 2.60 ലക്ഷം ഏക്കർ ഭൂമിയാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ അധീനതയിൽ മാത്രം2000 ഏക്കറിലധികം ഭൂമിയുണ്ട്. കൊച്ചി തുറമുഖത്തെ പൊതു-സ്വകാര്യ സംരംഭമാക്കാനുള്ള ആലോചനകൾ കഴിഞ്ഞ മോഡി സർക്കാരിന്റെ കാലം മുതൽ സജീവമാണ്. സ്വകാര്യവത്കരണത്തിനും ഭൂമി വിൽപ്പനയ്ക്കുമായി കേന്ദ്രത്തിന്റെ കണ്ണ് പതിഞ്ഞിട്ടുള്ള മറ്റൊന്ന് പ്രതിരോധ മേഖലയാണ്. യുപി, മഹാരാഷ്ട്ര, ഒഡിഷ, കേരളം, മദ്ധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഓർഡിനൻസ് ഫാക്ടറികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വകയായി ലക്ഷക്കണക്കിന് ഏക്കർ ഭൂമിയുണ്ട്. ആശുപത്രികൾ, വിദ്യാലയങ്ങൾ, സ്പോർട്സ് കോംപ്ലക്സുകൾ തുടങ്ങി മറ്റ് സൗകര്യങ്ങളടക്കം 30‑തിലേറെ റസിഡൻഷ്യൽ ടൗൺഷിപ്പുകൾ വേറെയുമുണ്ട്. കഴിഞ്ഞ ഭരണകാലത്ത് പലവിധ ആലോചനകൾ നടത്തിയെങ്കിലും പല കാരണങ്ങളാൽ ലക്ഷ്യം കാണാതെപോയ ഭൂമി വിൽപ്പനയുടെ കാര്യത്തിൽ ഇക്കുറി വാശിയോടെയുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്.

Eng­lish sum­ma­ry: For sale of Fact and HMT land; Land Esti­ma­tion of Pub­lic Sec­tor Undertakings

YOU MAY ALSO LIKE THIS VIDEO