തിരുവനന്തപുരം: സിവിൽ ഡിഫൻസ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ദുരന്തങ്ങൾ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച നൂറുകണക്കിന് ആളുകളെ ഓരോ പ്രദേശത്തും സന്നദ്ധമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ 124 ഫയർ സ്റ്റേഷനുകൾക്ക് അനുബന്ധമായി 50 പേരടങ്ങുന്ന ഓരോ സിവിൽ ഡിഫൻസ് യൂണിറ്റാണ് രൂപീകരിക്കുന്നത്. അത്തരത്തിൽ കേരളത്തിലാകെ 6200 സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ഈ ഘട്ടത്തിൽ കേരളത്തിലുണ്ടാകും. ഇതിനൊരു വിപുലീകൃത രൂപമുണ്ടാകണം. നൂറു പേർക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഈ സേന വളരണം. സന്നദ്ധതയുള്ള യുവാക്കളും യുവതികളും സിവിൽ ഡിഫൻസിന്റെ ഭാഗമാകും. ഡോക്ടർമാർ, എൻജിനിയർമാർ, വിരമിച്ച ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ജനകീയ ദുരന്ത പ്രതികരണ സേനയിൽ ഉണ്ടാകും.
പ്രകൃതി ദുരന്തം മാത്രമല്ല, വാഹനാപകടങ്ങളും മറ്റെല്ലാ പ്രശ്നങ്ങളും നേരിടാനാവുന്ന സേനയായി ഇതിനെ മാറ്റും. ഏകോപിപ്പിക്കാൻ ഡയറക്ടറേറ്റും ഉണ്ടാകും. മത്സ്യത്തൊഴിലാളികൾ, ആദിവാസി വിഭാഗത്തിലുള്ളവർ തുടങ്ങിയവരുടെ പ്രാതിനിധ്യം ഉണ്ടാകും. വോളണ്ടിയർമാരുടെ മുൻകാല പ്രവർത്തനം, സ്വഭാവ സവിശേഷത ഒക്കെ പരിശോധിച്ച് യോഗ്യത ഉറപ്പാക്കും. സമഗ്ര പരിശീലനം ഇവർക്ക് നൽകും. വ്യക്തിത്വ വികസനം, മാനസിക പിരിമുറുക്കം കുറയ്ക്കൽ ഉൾപ്പെടെ പരിശീലനം ഉണ്ടാകും. 30 ശതമാനം വനിതാ പ്രാതിനിധ്യം സന്നദ്ധസേനയിൽ ഉണ്ടാകും. വീട്ടിൽ ഗ്യാസ് സിലിണ്ടറിൽ തീപിടിത്തം ഉണ്ടായപ്പോൾ കൃത്യമായി ഇടപെട്ട് തീയണച്ച് അഞ്ചു പേരുടെ ജീവൻ രക്ഷിച്ച ആലപ്പുഴ സ്വദേശി അഞ്ചാം ക്ലാസുകാരൻ അഖിലിനെ മുഖ്യമന്ത്രി ചടങ്ങിൽ അനുമോദിച്ചു. സിവിൽ ഡിഫൻസ് വെബ്സൈറ്റിന്റെ ഉദ്ഘാടനവും അതിജീവനം കൈപ്പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ചടങ്ങിൽ വി എസ് ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ കെ ശ്രീകുമാർ, സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ, ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി, ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ്, ഫയർ ആന്റ് റസ്ക്യൂ ഡയറക്ടർ (ടെക്നിക്കൽ) ആർ പ്രസാദ്, ഡയറക്ടർ ( ഭരണം) എം നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു. ഫയർ ആൻറ് റസ്ക്യൂ ഡയറക്ടർ ജനറൽ എ ഹേമചന്ദ്രൻ സ്വാഗതവും സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ വി സിദ്ധകുമാർ നന്ദിയും പറഞ്ഞു. അഗ്നി രക്ഷാ ഉപകരണങ്ങളുടെ പ്രദർശനവും വിവിധ രക്ഷാപ്രവർത്തനങ്ങളുടെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ ഫോട്ടോ പ്രദർശനവും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.