March 21, 2023 Tuesday

Related news

February 11, 2023
February 8, 2023
February 7, 2023
December 16, 2021
March 31, 2021
January 29, 2021
September 14, 2020
September 2, 2020
August 16, 2020
April 6, 2020

കോവിഡ് കാലത്തെ സമ്മേളനത്തിനായി; പാർലമെന്റ് ഒരുങ്ങുന്നു

Janayugom Webdesk
ന്യൂഡൽഹി
August 16, 2020 9:38 pm

വരുന്ന പാർലമെന്റ് വർഷകാല സമ്മേളനം പതിവ് രീതികളിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ പാർലമെന്റ് സമ്മേളനമാണ് നടക്കാൻ പോകുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായി ഇരുസഭകളിലും വലിയ മാറ്റങ്ങൾ വരുത്തിയാണ് സമ്മേളനങ്ങൾ നടത്തുന്നത്. ലോക്‌സഭാ സമ്മേളനം സെപ്റ്റംബർ ആദ്യവാരത്തിലും രാജ്യസഭയിലേത് ഈ മാസം മൂന്നാമത്തെ ആഴ്ചയിലും നടക്കുമെന്നാണ് വിവരം. ഇരിക്കുന്നതിനായി ഇരുസഭകളിലേയും ചേംബറുകളും ഗ്യാലറികളും പ്രത്യേകം സജ്ജീകരിക്കും. ചേംബറുകളിൽ 85 ഇഞ്ചിന്റെ നാല് വലിയ സ്ക്രീനുകളും 40 ഇഞ്ചിന്റെ ആറ് ചെറിയ സ്ക്രീനുകളും സജ്ജീകരിക്കും.

നാല് ഗ്യാലറികളിലും ഓഡിയോ കൺസോളുകളും തത്സമയ ഓഡിയോ-ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനായി കേബിളുകളും സ്ഥാപിക്കും. അംഗങ്ങൾക്ക് സംവാദങ്ങളിലും ചർച്ചകളിലും പങ്കെടുക്കുന്നതിനായി കമ്മ്യൂണിക്കേഷൻ കൺസോളുകളും സ്ഥാപിക്കും. ഗ്യാലറിയെയും ചേംബറിനെയും വേർതിരിക്കുന്നതിന് പോളി കാർബനേറ്റ് ഷീറ്റുകൾ ഉപയോഗിക്കും. 1952 മുതലുള്ള പാർലമെന്റ് ചരിത്രത്തിൽ ഇതാദ്യമായാണ് സമ്മേളനം ചേരുന്നതിനായി ഗ്യാലറിയും ചേംബറും ഉപയോഗിക്കുന്നത്. കൂടാതെ വൈറസുകളെയും രോഗാണുക്കളെയും നശിപ്പിക്കുന്നതിന് രാജ്യസഭയിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ അൾട്രാവൈലറ്റ് വികിരണ സംവിധാനം ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്.

സാമൂഹിക അകലം പാലിക്കാൻ കഴിയുന്ന രീതിയിലായിരിക്കും എല്ലാ സജ്ജീകരണങ്ങളും ക്രമീകരിക്കുക. 60 അംഗങ്ങൾ രാജ്യസഭ ചേംബറിലും 51 അംഗങ്ങൾ രാജ്യസഭ ഗ്യാലറികളിലും മറ്റുള്ള 132 അംഗങ്ങൾ ലോക്‌സഭാ ചേംബറിലും എന്ന ക്രമത്തിലാണ് സീറ്റുകൾ സജ്ജീകരിക്കുക. ഓരോ രാഷ്ട്രീയ പാർട്ടിയിലെയും അംഗബലം അനുസരിച്ചായിരിക്കും സീറ്റുകൾ അനുവദിക്കുക. ലോക്‌സഭയിലെ രണ്ടു ബ്ലോക്കുകളിലുള്ള ചേംബറുകളാണ് മറ്റുള്ളവർക്ക് അനുവദിക്കുക. ഇതിൽ ഒന്ന് ഭരണകക്ഷിക്കും രണ്ടാമത്തേത് മറ്റുള്ളവർക്കുമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിമാർ, സഭാ നേതാക്കൾ, പ്രതിപക്ഷ അംഗങ്ങൾ എന്നിവർക്ക് പ്രത്യേകം റിസർവ് ചെയ്ത സീറ്റുകൾ ഉണ്ടായിരിക്കും. മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്, എച്ച് ഡി ദേവഗൗഡ തുടങ്ങിയവർക്കും ചേംബറിൽ പ്രത്യേകം സീറ്റുകൾ അനുവദിക്കും. ഇരുസഭകളിലെയും സമ്മേളനം നാലു മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദൂരദർശൻ, വാർത്താ ഏജൻസികളായ പിടിഐ, യുഎൻഐ എന്നിവ കൂടാതെ രാജ്യസഭ സമ്മേളനത്തിൽ ഏഴ്, ലോക്‌സഭയിൽ 15 എന്നിങ്ങനെ മാത്രമേ മാധ്യമ പ്രവർത്തകരെ അനുവദിക്കൂ എന്നാണ് സൂചന. സമ്മേളനം നടക്കുമ്പോൾ മാധ്യമപ്രവർത്തകരെയോ മുൻ എംപിമാരെയോ പൊതുഹാളിൽ പ്രവേശിപ്പിക്കില്ല. എല്ലാ നടപടി ക്രമങ്ങളും തത്സമയമായി രാജ്യസഭ ലോക്‌സഭ ടിവികളിൽ സംപ്രേഷണം ചെയ്യും.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.