Web Desk

തിരുവനന്തപുരം

January 14, 2021, 8:57 pm

ആദ്യമായി ഇ- വോട്ടിങ്: കേരള നിയമസഭ പൂര്‍ണമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയിൽ

Janayugom Online

കേരള നിയമസഭ ആദ്യമായി ഇ- വോട്ടിങ് നടത്തി ചരിത്രം കുറിച്ചു. പൂര്‍ണമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് മാറിയതിന് സാക്ഷാത്കാരമായി ഇ- വോട്ടിങ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയമാണ് ഡിജിറ്റല്‍ വോട്ടിങിലൂടെ പാസാക്കിയത്. എല്ലാ അംഗങ്ങളുടെയും ഇരിപ്പിടത്തില്‍ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റൽ സ്‌ക്രീനിലെ വിന്‍ഡോയില്‍ തെളിയുന്ന ‘യെസ്, നോ’ ഓപ്ഷനുകളിലൂടെയാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തെ ചര്‍ച്ചക്ക് ശേഷം വ്യാഴാഴ്ച നന്ദിപ്രമേയം പാസാക്കുന്ന ഘട്ടത്തിലാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ഇ- വോട്ടിങ് പ്രഖ്യാപിച്ചത്. ആദ്യം റിഹേഴ്‌സലായിരുന്നു. ബെല്‍ മുഴങ്ങി 40 സെക്കൻറിനകം അനുകൂലിക്കുന്നവര്‍ ’യെസ്’ എന്ന ബട്ടണിലും എതിര്‍ക്കുന്നവര്‍ ‘നോ’ യിലും ടച്ച് ചെയ്യണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ റിഹേഴ്‌സലില്‍ പല അംഗങ്ങളുടെയും വോട്ട് സ്‌ക്രീനില്‍ തെളിഞ്ഞില്ല.
തുടര്‍ന്ന് വീണ്ടും റിഹേഴ്‌സല്‍ ആകാമെന്ന് സ്പീക്കര്‍ അറിയിച്ചു. 

രണ്ടാം തവണയാകട്ടെ മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റോഷി അഗസ്റ്റിൻ എന്നിവരുടെ കമ്പ്യൂട്ടറില്‍ വോട്ട് ചെയ്യേണ്ട വിന്‍ഡോ തെളിഞ്ഞില്ല. അനുകൂലിക്കുന്നവര്‍ 70 ഉം എതിര്‍ക്കുന്നവര്‍ 32 എന്ന നിലയാണ് ദൃശ്യമായത്. തുടര്‍ന്ന് തകരാറുകള്‍ പരിഹരിച്ച് വോട്ടിങ്ങിലേക്ക് കടന്നു. നിശ്ചിത സമയമായ 40 സെക്കന്റിനുള്ളില്‍ പ്രമേയത്തെ അനുകൂലിച്ച് 75 പേരും എതിര്‍ത്ത് 32 പേരും വോട്ട് ചെയ്തു. പക്ഷെ പ്രതിപക്ഷ നേതാവിന്റെ വോട്ട് അപ്പോള്‍ രേഖപ്പെടുത്താനായില്ല. പ്രതിപക്ഷ നേതാവിന്റെ കമ്പ്യൂട്ടറിലെ സാങ്കേതിക പിഴവ് പരിഹരിക്കാന്‍ ഐ ടി വിഭാഗം ജീവനക്കാര്‍ അദ്ദേഹത്തിന് സമീപമെത്തിയെങ്കിലും 40 സെക്കൻറ് കഴിഞ്ഞതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 

തുടർന്ന് എതിര്‍ക്കുന്ന വോട്ടുകള്‍ക്കൊപ്പം സ്പീക്കര്‍ അത് ചേര്‍ക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ സിസ്റ്റത്തിലെ തകരാര്‍ പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി. നേരത്തെ രണ്ട് വിധത്തിലാണ് നിയമസഭയില്‍ വോട്ട് ചെയ്തിരുന്നത്. ഓരോ അംഗങ്ങളുടെയും ഇരിപ്പിടത്തില്‍ സജ്ജീകരിച്ചിട്ടുള്ള ബട്ടനില്‍ വിരല്‍ അമര്‍ത്തുന്നതായിരുന്നു ഒരു രീതി. മറ്റൊന്ന് കൈ ഉയര്‍ത്തിയുള്ള ശബ്ദവോട്ടും. അതിൽ നിന്നാണ് ഇപ്പോൾ പൂർണമായും ആധുനിക സാങ്കതിക വിദ്യ ഉപയോഗിച്ചുള്ള വോട്ടിങ്ങിലേക്ക് നിയമസഭ മാറിയത്.

ENGLISH SUMMARY:For the first time, e‑voting: Ker­ala Leg­isla­tive Assem­bly is ful­ly digital
You may also like this video