23 April 2024, Tuesday

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു വിപിഎസ് ലേക്ഷോർ

Janayugom Webdesk
കൊച്ചി
October 15, 2021 2:44 pm

കേരളത്തിലാദ്യമായി കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു കൊച്ചിയിലെ വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ ചരിത്രം കുറിച്ചു. കഴിഞ്ഞ ആറു വർഷമായി ഡൈലേറ്റഡ് കാർഡിയോമയോപ്പതി (ഡിസിഎം) എന്ന ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന 61 വയസ്സുള്ള സ്ത്രീയിലാണ് വിജയകരമായി എൽവിഎഡി അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീർണവും രാജ്യത്തു തന്നെ അപൂർവവുമായ ശസ്ത്രക്രിയ നടത്തിയത്. കാർഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മർദവുമായി കഴിഞ്ഞ സെപ്തംബർ 13‑നാണ് രോഗിയെ വിപിഎസ് ലേക്ഷോറിൽ പ്രവേശിപ്പിച്ചത്.
ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളിൽ ദ്രാവകം രൂപപ്പെടുന്ന പൾമനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായ രോഗിയെ വൈകാതെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കിഡ്നികളുടെ പ്രവർത്തനവും പരാജയപ്പെട്ട രോഗിയ്ക്ക് തുടർച്ചയായ ഡയാലിസിസ് ചികിത്സയും വേണ്ടി വന്നു. കരളിലെ എൻസൈമുകളുടെ അമിത ഉൽപ്പാദനവും പ്രശ്നം ഗുരുതരമാക്കി. ഇതേത്തുടർന്ന് രക്തസമ്മർദ്ദം സാധാരണനിലയിൽ നിർത്താൻ ബഹുവിധ സപ്പോർട്ടുകളും വേണ്ടി വന്നു. എന്നാൽ ഇതിലൊന്നും രോഗിയുടെ നില മെച്ചപ്പെട്ടില്ല. വെന്റിലേറ്ററിൽ തുടർന്നാൽ ജീവൻ നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്ക് മറ്റാമെന്ന് ഡോക്ടർമാർ തീരുമാനിച്ചു.

തുടർന്ന് സെപ്തംബർ 16 മുതൽ 20 ദിവസം വിഎ എക്മോയുടെ സഹായത്തോടെയാണ് രോഗിയുടെ ജീവൻ നിലനിർത്തിയത്. കിഡ്നിയുടേയും കരളിന്റേയും പ്രവർത്തനം പൂർവസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവർത്തനം 10 ശതമാനം മാത്രമായിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കാറായതിനാൽ വിഎ എക്മോയിൽ തന്നെ തുടർന്നു.
ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു രോഗിയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വരാനുള്ള ഏക പോംവഴി. എന്നാൽ ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഇവിടെയും ഭീഷണിയായി. വിഎ എക്മോയിൽ തുടരുന്നതിലും പലവിധ സങ്കീർണതകളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനിടെ ദാതാവിനെ കണ്ടെത്തലും അസാധ്യമായി. അങ്ങനെയാണ് എൽവിഎഡി എന്ന കൃത്രിമഹൃദയം രോഗിയിൽ ഇംപ്ലാന്റ് ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചത്.

ഒടുവിൽ രോഗിയുടെ കുടുംബത്തിന്റെ അനുമതിയോടെ നടന്ന 9 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയാണ് രോഗിയുടെ ജീവൻ രക്ഷിച്ചത്. രോഗി ഇപ്പോൾ സുരക്ഷിതയായിക്കഴിഞ്ഞു. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയ രോഗി പുനരധിവാസ സ്ഥിതിയിലാണ്. അത്യപൂർവമായ എൽവിഎഡി ഇംപ്ലാന്റേഷൻ വളരെ അനുഭവസമ്പത്ത് ആവശ്യമായ പ്രക്രിയയാണ്. ഇന്ത്യയിൽ വളരെ ചുരുക്കം കേന്ദ്രങ്ങളിൽ മാത്രമാണ് ഇത് നടക്കുന്നത്. രണ്ടാം തലമുറയിൽപ്പെട്ട വെന്റ്റിക്യൂലർ അസിസ്റ്റ് ഉപകരണമായ ഹാർട്ട്മേറ്റ് 2 ആണ് രോഗിയിൽ ഇംപ്ലാന്റ് ചെയ്തത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീർഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് രോഗിയെ ചികിത്സിച്ച മെഡിക്കൽ ടീമംഗങ്ങൾ അറിയിച്ചു.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കേരളത്തിൽ മുരടിപ്പ് നേരിടുന്ന പശ്ചാത്തലത്തിൽ കൃത്രിമഹൃദയം എന്ന ഓപ്ഷൻ വലിയ അനുഗ്രഹമാണെന്ന് വിപിഎസ് ലേക് ഷോർ ഹോസ്പിറ്റലലിെ കാർഡിയോതൊറാസിക് സർജൻ ഡോ. സുജിത് ഡി എസ് പറഞ്ഞു. ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാർ (കാർഡിയോളജിസ്റ്റ്), ഡോ. നെബു (കാർഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെർഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20‑ലേറെ സ്റ്റാഫംഗങ്ങളാണ് രോഗിയുടെ ശസ്ത്രിക്രിയിലും ചികിത്സയിലും പങ്കെടുത്തത്.

 

Eng­lish Sum­ma­ry: For the first time in Ker­ala, VPS Lakeshore implant­ed an arti­fi­cial heart

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.