Web Desk

ന്യൂഡൽഹി:

January 26, 2021, 8:24 am

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലാദ്യം;സമാന്തര പരേഡ് ഇന്ന്

Janayugom Online

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 72 വർഷത്തെ ചരിത്രത്തിലാദ്യമായി ഔദ്യോഗിക പരേഡിന് സമാന്തരമായുള്ള കിസാൻ ഗണതന്ത്ര പരേഡിന് ഇന്ന് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കും. മൂന്ന് കാർഷിക കരിനിയമങ്ങൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നവംബർ 26 മുതൽ ഡൽഹിയുടെ അതിർത്തികളിൽ നടത്തിവരുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കിസാൻ ഗണതന്ത്ര പരേഡ് എന്ന ട്രാക്ടർ റാലി സംഘടിപ്പിക്കുന്നത്. പരേഡ് നടത്താൻ അനുവദിക്കില്ലെന്ന നിലപാട് കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ തിരുത്തേണ്ടിവന്നു. കർശന ഉപാധികളോടെയാണ് പരേഡിന് അനുമതി നല്കിയിട്ടുള്ളതെങ്കിലും മുൻ നിശ്ചയിച്ചതു പ്രകാരം രണ്ടു ലക്ഷത്തിലധികം ട്രാക്ടറുകൾ പരേഡിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നിടങ്ങളിൽനിന്ന് ആരംഭിക്കുന്ന പരേഡുകൾ നഗരത്തിൽ പ്രവേശിച്ച് നിശ്ചിതദൂരം സഞ്ചരിച്ച് തിരികെ അതാതിടങ്ങളിൽ സമാപിക്കും. നഗര അതിർത്തിയായ ടിക്രിയിൽ നിന്ന് നഗരത്തിൽ പ്രവേശിക്കുന്ന പരേഡ് നംഗ്ലോയി, നജഫ്ഗഡ്, ഝരോദ, കെഎംപി എക്സ്‌പ്രസ് വേ വഴി 64 കിലോമീറ്റർ സഞ്ചരിച്ചാണ് തിരികെയെത്തുക. സിംഘുവിൽ നിന്ന് പുറപ്പെട്ട് സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട്നഗർ, കാഞ്ജൻവാല, ഭാവന, ഔചന്ദി ബോർഡർ, കെഎംപി എക്സ്‌പ്രസ് വഴി 62 കിലോമീറ്റർ സഞ്ചരിച്ച് രണ്ടാമത്തെ പരേഡ് സിംഘുവിൽ തിരിച്ചെത്തും. ഗാസിപ്പൂരിൽ നിന്ന് പുറപ്പെടുന്ന മൂന്നാമത്തെ പരേഡ് 46 കിലോമീറ്ററാണ് സഞ്ചരിക്കുക. 56 ഫൂട്ട് റോഡ്, അപ്സര ബോർഡർ, ഹാപ്പൂർ, കെജിപി എക്സ്‌പ്രസ് വഴി സഞ്ചരിച്ചാണ് ഈ പരേഡ് ഗാസിപ്പൂരിൽ സമാപിക്കുക. കിസാൻ ഗണതന്ത്ര പരേഡ് സമാധാനപരവും തടസമില്ലാതെയും നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സംയുക്ത കർഷക മോർച്ചയും പൊലീസും പുറപ്പെടുവിച്ചിട്ടുണ്ട്. മുഴുവൻ ട്രാക്ടറുകളും ദേശീയ പതാക ഉയർത്തിയാണ് പരേഡിൽ പങ്കെടുക്കുക. ഓരോ ട്രാക്ടറിലും ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർ വീതം സഞ്ചരിക്കും. ഡൽഹി പിടിച്ചടക്കുകയല്ല ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് പരേഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.\

ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച്

കർഷക പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടമായി ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാർലമെന്റ് മാർച്ച്നടത്തുമെന്ന് സംയുക്ത കിസാൻമോർച്ച പ്രഖ്യാപിച്ചു. മൂന്ന് കരിനിയമങ്ങളും പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പാർലമെന്റ് മാർച്ച് വിവരം പ്രഖ്യാപിച്ച മോർച്ച നേതാവ് കവിത കുരുഗൻഡി പറഞ്ഞു. അതിനിടെ കർഷക പ്രക്ഷോഭം കൂടുതൽശക്തിയാർജ്ജിക്കുന്നതും വ്യാപിക്കുന്നതും കേന്ദ്ര സർക്കാരിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഡൽഹിയിൽനടക്കുന്ന ട്രാക്ടർപരേഡിന് ഐക്യദാർഢ്യവുമായി രാജ്യവ്യാപകമായി വിവിധ പരിപാടികൾ തൊഴിലാളി — യുവജന — വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മുംബൈ, പട്ന, കൊൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളിൽ നടന്ന പ്രതിഷേധത്തിൽ വൻപങ്കാളിത്തമാണുണ്ടായത്.

ഇതിഹാസമായി കർഷക റാലി

 

മുംബൈ: തൊഴിലാളി — കർഷകസംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലി ചരിത്രമായി. സംസ്ഥാനത്തെ 21 ജില്ലകളിൽനിന്നായി സഞ്ചരിച്ചെത്തിയ പതിനായിരങ്ങൾ ആസാദ് മൈതാനിയിൽ ഒത്തുചേർന്നു. റാലിയിൽപങ്കെടുക്കുന്നവർ ഞായറാഴ്ചവൈകിട്ടോടെ തന്നെ ആസാദ് മൈതാനിയിലെത്തി തുടങ്ങിയിരുന്നു. ഇന്നലെ രാവിലെയോടെ ചരിത്രസമ്മേളനങ്ങൾക്ക് സാക്ഷ്യം വഹിച്ച ആസാദ് മൈതാനം ജനസഞ്ചയത്തെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി തുക്കാറാം ബാംസെ, കിസാൻസഭ സംസ്ഥാന സെക്രട്ടറി നാംദേവ് ഗവാഡെ, സിപിഐ നേതാക്കളായ നരസയ്യ ആഡം, പ്രകാശ് റെഡ്ഡി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, അശോക്ധാവ്‌ലെ, സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ബാലാസാഹേബ് തോറത്ത്, ജയന്ത് പാട്ടീൽ (പെസന്റ് വർക്കേഴ്സ് പാർട്ടി) തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നേതാക്കൾ രാജ്പാൽ ഭവനിലെത്തി ഗവർണർ ഭഗത്‌സിങ് കോഷിയാരിയെ സന്ദർശിച്ച് നിവേദനം നല്കി. വിവിധ പ്രദേശങ്ങളിൽ നിന്ന് രണ്ടും മൂന്നും ദിവസം സഞ്ചരിച്ചാണ് പ്രവർത്തകർ ആസാദ് മൈതാനിയിലെ റാലിക്കെത്തിയത്. നാസിക്കിൽനിന്ന് ശനിയാഴ്ച പുറപ്പെട്ട റാലിയിൽമാത്രം പതിനായിരങ്ങൾ പങ്കെടുത്തു.

ENGLISH SUMMARY ;For the first time in the his­to­ry of the Repub­lic of India; Par­al­lel Parade today
you may also like this video