Janayugom Online
വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ച നാടന്‍ ചെടികളുടെ തൈകള്‍ കൂട്ടായിമയില്‍ ഉള്ളവര്‍ പരസ്പരം കൈ മാറുന്നു

നാട്ടുചെടികളും നാടന്‍ വിഭവങ്ങളുമായി അവര്‍ ആദ്യമായി നേരില്‍ കണ്ടു

Web Desk
Posted on July 27, 2019, 5:39 pm

കൊച്ചി: കനകാംബരം, കദളി, ചെത്തി, മന്ദാരം, പാര്‍വതിപ്പൂക്കള്‍, നിശാഗന്ധി, മൃതസഞ്ജീവിനി, കുറുമൊഴിമുല്ല എന്നിങ്ങനെ നാട്ടിലെ വീട്ടുമുറ്റങ്ങളില്‍ സുഗന്ധവും, വര്‍ണ്ണങ്ങളും നിറച്ച ചെടികള്‍ കൊച്ചിനഗരത്തിലെ ഉദയനഗറില്‍ ഭാരതീയ വിദ്യഭവന്‍ മഹിളാ ഹാളില്‍ അണിനിരന്നപ്പോള്‍ ഓരോ ചെടിയ്ക്കും പറയുവാനുണ്ടായിരുന്നത് ഓരോ നാടിന്റെ കഥയായിരുന്നു. 60 ഇനത്തിലധികം ചെടികള്‍ വയനാട് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് എത്തിയത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് രൂപംകൊണ്ട നാട്ടുപൂക്കളും നാട്ടറിവും എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഇവര്‍ ഒത്തു ചേര്‍ന്നത്.
പതിനായിരത്തിലധികം അംഗങ്ങള്‍ ഉണ്ടെങ്കിലും 20 ഓളം പേരാണ് ഇന്നലെ ഒത്തു ചേര്‍ന്നത്. ഈ ഒത്തുചേരലില്‍ മറ്റൊരു സവിശേഷതയും ഉണ്ടായിരുന്നു, വരുന്ന ഓരോ ആളും വീട്ടില്‍ നിന്ന് ഭക്ഷണം പാകം ചെയ്യാനായി വസ്തുക്കള്‍ കൊണ്ടുവരണം. കാച്ചിലും ‚ചേമ്പും ‚ചേനയും കപ്പയും ഒക്കെ എത്തി ചേര്‍ന്നപ്പോള്‍ പിന്നെ പുഴുക്കും ‚മറ്റ് കറികളുമൊക്കെയായി പഞ്ഞ കര്‍ക്കിടകകത്തിലെ പഴയ കൂട്ടായ്മകളുടെ ഓര്‍മ്മയില്‍ അവര്‍ ഭക്ഷണം വിളമ്പി.

കൂട്ടായ്മ കഴിഞ്ഞപ്പോള്‍ ഒരു സൊസൈറ്റി രൂപീകരിച്ചു അന്യം നിന്നുപോകുന്ന ചെടിയിനങ്ങള്‍ പരസ്പരം കൈമാറുവാനും തീരുമാനമെടുത്തു .ഓരോ ജില്ലയിലും സ്ഥലങ്ങള്‍ അനുവദിച്ചുകിട്ടുകയാണെങ്കില്‍ അവിടെ ചെടികള്‍ നട്ട് സംരക്ഷിക്കും .സ്‌കൂളുകളില്‍ ഇത്തരത്തില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുകയും അതിന്റെ തുടര്‍ സംരക്ഷണം ഏറ്റെടുക്കാനും കൂട്ടായ്മ ഉദ്ദേശിക്കുന്നുണ്ട് .നാടന്‍ ചെടിയിനങ്ങളുടെ നഴ്‌സറി ‚വിത്ത് ബാങ്ക് എന്നിവയും കൂട്ടായ്മ ലക്ഷ്യം വെയ്ക്കുന്നു .കൂടായ്മയില്‍ 80 ശതമാനത്തിലധികംപേര്‍ സ്ത്രീകളാണെന്ന് കൂട്ടയ്മയുടെ അഡ്മിന്‍ മാരിലൊരാളായ ശോഭ ശശിധരന്‍ പറഞ്ഞു .അതില്‍ തന്നെ ഭൂരിഭാഗം പേരും വീട്ടമ്മ മാരാണ് .അഞ്ച് തരത്തിലുള്ള ആമ്പലുകള്‍ ‚താമരയിനങ്ങള്‍ എന്നിങ്ങനെ ചെടികള്‍ ആവശ്യമുള്ളവര്‍ ഇന്‍ബോക്‌സില്‍ വന്ന് ആവശ്യപെടുന്നതിനനുസരിച്ചു ചെടികള്‍ വിലയ്ക്കും അല്ലാതെയും മാറുന്നവരുണ്ട്.

ചേവായൂരില്‍ നിന്ന് വന്ന ഷില്ലിയും പയ്യോളിയില്‍ നിന്ന് വന്ന സുലേഖ, കൊല്ലത്തുനിന്നുള്ള തുഷാര ഇവരെല്ലാം പുതിയ ചെടികളും അതോടൊപ്പം ഫേസ്ബുക്കില്‍ മാത്രം കണ്ട് പരിചയിച്ച ആളുകളെ നേരില്‍ കണ്ട സന്തോഷത്തിലായിരുന്നു. സ്‌കൂളുകളില്‍ പൂച്ചെടികള്‍ നട്ടുവളര്‍ത്തുന്നതിനൊപ്പം ജല സംരക്ഷണം, മയക്കുമരുന്നിനെതിരായ പ്രചാരണം എന്നിവയും നടത്തും ചീമേനിയിലെ ഗവ .ജിയുപി എസില്‍ ആദ്യമായി പിടിഎ സഹകരണത്തോടെ നാടന്‍പൂച്ചെടി തോട്ടം നാട്ടുനനച്ചു വളര്‍ത്തും. അതോടൊപ്പം നാട്ടിന്‍പുറത്തിന്റെ നന്മകള്‍ കൂടി പകരാനാണ് കൂട്ടായ്മ ശ്രമിക്കുന്നതെന്ന് അഡ്മിന്‍ മാരിലൊരാളായ രതീഷ് പറഞ്ഞു.