ഈ ചോദ്യത്തിന് മറുപടി ഇപ്പോള്‍ എല്ലാവര്ക്കും അറിയാം അല്ലെങ്കില്‍ അറിയാത്തവര്‍ ആരുമില്ല. ഇപ്പോള്‍ ബോധോദയം ഉണ്ടായിരിക്കുന്നവരില് ‘കേരള മോഡല്‍’ കാലഹരണപ്പെട്ടു എന്ന് പ്രഖ്യാപിച്ച നവ ഉദാരവല്‍ക്കരണക്കാര്‍ മുതല്‍ ഇതാണോ ഒരു സര്‍ക്കാരിന്റെ ജോലി? സ്കൂള്‍ നടത്തുക, ആശുപത്രി നടത്തുക, ബസോടിക്കുക സര്‍ക്കാരിന് ഇതൊന്നും നടത്താനാവില്ല. ഇതൊക്കെ സ്വകാര്യമേഖലയെ ഏല്‍പ്പിക്കുക. വെറുതെ നികുതിപ്പണം ധൂര്‍ത്തടിക്കാതെ സര്‍ക്കാര്‍ ക്രമസമാധാനം നോക്കിയാല്‍ മതി എന്നൊക്കെ പാണ്ഡിത്യം വിളമ്പിയ അല്പജ്ഞാനികള്ക്കു വരെ ഇപ്പോള്‍ മേല്‍ചോദ്യത്തിന് മറുപടി അറിയാം. ധര്മ്മാശുപത്രിയെന്നൊന്നേ മനുജന് ശാശ്വതമീയുലകില്‍ എന്ന്. സാമാന്യ ബുദ്ധിയും ലോജിക്കുമുപയോഗിച്ച് സാധാരണ ജനങ്ങള്‍ക്ക് മനസിലാവുന്ന പല കാര്യങ്ങളും തികച്ചും നിസാരവല്ക്കരിച്ചുകൊണ്ടാണ് ഉദാരവല്‍ക്കരണത്തിന്റെ വക്താക്കളായവര്‍ കഴിഞ്ഞ 28 വര്‍ഷമായി കൃത്യമായി പറഞ്ഞാല്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലംതൊട്ട് നമ്മളോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതിവിചിത്രമായ വാദമുഖങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പലപ്പോഴും ഇക്കൂട്ടര്‍ സ്വകാര്യവല്‍ക്കരണത്തിനായി സംസാരിക്കുക. ഇവരുടെ ഒരു പ്രധാന വാദം സര്‍ക്കാരിന് അതിന്റെ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്താന്‍ സാധിക്കുകയില്ല എന്നതാണ്. ലാഭകരമായി നടത്തേണ്ടവ ഏത്?
സേവനമായി നടത്തേണ്ടവ ഏത് എന്നൊന്നും ഒരു വേര്‍തിരിവുമില്ലാതെയാണ് പ്രസ്താവന. ഇത്തരക്കാര്‍ ഇപ്പോള്‍ ലാഭത്തിലുള്ള എന്ന് മാത്രം പറഞ്ഞാല്‍ പോര കേന്ദ്രസര്‍ക്കാരിന്റെ റവന്യു വരുമാനത്തിലേക്ക് ഗണ്യമായി സംഭാവന ചെയ്യുന്ന എന്നാല്‍ പൊന്മുട്ടയിടുന്ന താറാവിനെ വെട്ടി കറിവയ്ക്കാന്‍ കൊടുക്കുന്നതുപോലെ വില്ക്കാന് വച്ചിരിക്കുന്ന ഭാരത് പെട്രോളിയം, എല്‍ഐസി ബിമല്‍ തുടങ്ങിയ പൊതുമേഖല കമ്പനികളുടെ വളര്‍ച്ച എന്തെന്ന് അറിയണം. അവയുടെ ആസ്തി എന്ത്, ലാഭമെത്ര എന്നൊക്കെ അറിയണം. പഞ്ചരത്ന, നവരത്ന എന്നൊക്കെ അറിയപ്പെടുന്ന പൊതുമേഖല കമ്പനികള്‍ രാഷ്ട്രത്തിന്റെ ഖജനാവിലേക്ക് നല്കുന്ന വിഹിതമെന്ത് എന്നറിയണം. മറ്റൊന്നുകൂടി അറിയണം സര്‍ക്കാര്‍ വെറും തൊഴില്ദായകനല്ല. ‘മാതൃകാതൊഴില് ദായകന് അഥവാ മോഡല്‍ എംപ്ലോയര്‍ ആയിരിക്കണം എന്ന കാര്യവും. ഇന്ത്യ എന്ന പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് നിലവില്‍ വന്ന് ഒന്നര മാസത്തിനുള്ളില്‍ 1950 മാര്‍ച്ച് 15ന് ഇന്ത്യന്‍ പ്രധാനമന്ത്രി ചെയര്‍മാനായി രൂപംകൊടുത്ത സ്ഥാപനമാണ് പ്ലാനിംഗ് കമ്മീഷന്. 1951ലാണ് ആദ്യത്തെ പഞ്ചവത്സര പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങുന്നത്.
കാര്‍ഷിക രംഗത്തും അടിസ്ഥാന വ്യാവസായിക മേഖലയിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ഇന്ത്യ കെെവരിച്ച നേട്ടങ്ങള്‍ക്ക് പിറകില്‍ ആസൂത്രണ കമ്മീഷനിലെ വിദഗ്ധരുടെ ബുദ്ധിയും കഴിവുമുണ്ടായിരുന്നു. കമ്മീഷന് രൂപീകൃതമായപ്പോള്‍ അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഒന്നും രണ്ടും ഇപ്രകാരമാണ്. ഒന്ന്- ടു മേക്ക് ആന്‍ അസസ്മെന്റ് ഇന്‍ ദ മെറ്റീരിയല്‍, ക്യാപ്പിറ്റല്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സസ് ഓഫ് ഇന്ത്യ … രണ്ട്- ടു ഫോര്‍മുലേറ്റ് എ പ്ലാന്‍ ഫോര്‍ ദ മോസ്റ്റ് ഇഫക്ടീവ് ആന്‍ഡ് ബാലന്‍സ്ഡ് യൂട്ടിലെെസേഷന് ഓഫ് കണ്ട്രീസ് റിസോഴ്സസ്. അങ്ങനെ എട്ട് തീരുമാനങ്ങള്‍. പ്രധാനമന്ത്രി ചെയര്‍മാനും പ്രധാനപ്പെട്ട വകുപ്പുകളുടെ (ധനകാര്യം, കൃഷി, ആഭ്യന്തരം, ആരോഗ്യം, മനുഷ്യവിഭവശേഷി, ഐടി, രാസവളം, നിയമം, പ്ലാനിംഗ്) ക്യാബിനറ്റ് മന്ത്രിമാര്‍, മുന്‍ ഓഫീസ് മെമ്പര്‍മാരും വിവിധ മേഖലകളിലെ വിദഗ്ധര്‍ (ധനകാര്യം, വ്യവസായം, വാണിജ്യം, ശാസ്ത്രം തുടങ്ങി) മുഴുവന്‍ സമയ മെമ്പര്‍മാരും ജനറല്‍ പ്ലാനിങ് വിഭാഗങ്ങള്‍, പദ്ധതി നിര്‍വഹണ വിഭാഗങ്ങള്‍ എന്നിങ്ങനെ പദ്ധതി ആസൂത്രണവും നിര്‍വഹണവും പൂര്‍ണമായി നിരീക്ഷിക്കുവാനുള്ള വിപുലമായ സംവിധാനങ്ങളോടു കൂടിയ ആസൂത്രണ കമ്മീഷനും, സംസ്ഥാനങ്ങളിലെ ആസൂത്രണ ബോര്‍ഡുകളും ചേര്‍ന്ന് രാജ്യത്തിന്റെ വികസനത്തിന് അടിത്തറ പാകി. സാങ്കേതിക രംഗത്തെ ഇന്ത്യയുടെ കുതിപ്പിന് കാരണമായത് ആദ്യ പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച അഞ്ച് ഐഐടികളാണ്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് രൂപീകൃതമാവുന്നതും ഭക്രാനംഗല്‍ അടക്കം നാല് വലിയ ജലസേചന പദ്ധതികള്‍ ആരംഭിക്കുന്നതും ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്തുതന്നെ.
ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണ പദ്ധതികള്‍ ആരംഭിച്ചതും ഇക്കാലത്തുതന്നെ. രണ്ടാം പഞ്ചവത്സര പദ്ധതി അടിസ്ഥാന വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും മൂന്നാം പദ്ധതി കൃഷി, വിദ്യാഭ്യാസം, ഊര്‍ജ്ജം എന്നിവയ്ക്കും ഊന്നല്‍ നല്കി. അവസാന പഞ്ചവത്സര പദ്ധതി 12-ാം പഞ്ചവത്സര പദ്ധതി (2012–17) 50 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, ഉന്നത വിദ്യാഭ്യാസം, ശുദ്ധജല ലഭ്യത, കുഞ്ഞുങ്ങളിലെ പോഷകാഹാര കുറവ് എന്നിവ പ്രധാന ലക്ഷ്യങ്ങളായി കണ്ടു. എന്നാല്‍ 2014ല്‍ നരേന്ദ്രമോഡി അധികാരത്തില്‍ വന്നശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്ലാനിംഗ് കമ്മീഷന് നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചു. 2014 ഓഗസ്റ്റ് 17ന് കേന്ദ്ര ആസൂത്രണ കമ്മീഷന് ഓര്‍മയായി. പകരം നിതി ആയോഗ് നിലവില്‍ വന്നു. ‘ഇന്ത്യയെ ഇന്നത്തെ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ മത്സരസജ്ജമാക്കാനാണ്’ ഈ പുതിയ സ്ഥാപനം എന്നാണ് അന്നത്തെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെട്ടത്. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഒരു സ്ഥാപനമാണ് നാഷണല്‍ ഇന്സ്റ്റിട്യൂഷന് ഫോര്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ. ലോകം കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടലിലേക്ക് പോവുന്നതിന് തൊട്ടുമുമ്പ് 2020 ജനുവരി മാസത്തില്‍ നിതി ആയോഗ് ഒരു നിര്‍ദേശം മുന്നോട്ടുവച്ചു.
രാജ്യത്തെ സര്‍ക്കാര്‍ ജില്ലാ ആശുപത്രികളെ സ്വകാര്യ മെഡിക്കല്‍ കോളജുകളായി ബന്ധിപ്പിക്കുക, പൊതു സ്വകാര്യ പങ്കാളിത്തമെന്ന പേരില്‍ ജില്ലാ ആശുപത്രികളുടെ നടത്തിപ്പും വികസനവും സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് കെെമാറുക. 750 കിടക്കകളുള്ള ജില്ലാ ആശുപത്രികളെ സ്വകാര്യ മെഡില്‍ കോളജുകള്‍ക്ക് കെെമാറും. 300 കിടക്കകള്‍ സ്വകാര്യ മേഖലയിലെ നിരക്കില്‍ (മാര്‍ക്കറ്റ് ബെഡ്) ബാക്കി 450 കിടക്കകള്‍ (റെഗുലേറ്റഡ് ബെഡ്) സൗജന്യ ചികിത്സ നിര്‍ദ്ധന രോഗികള്‍ക്ക്, നടത്തിപ്പും നവീകരണവും സ്വകാര്യ ആശുപത്രിക്കാര്‍ക്ക്. കാരണം കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനും മറ്റും ചെലവാക്കാന്‍ പണമില്ലത്രേ. ഈ നിര്‍ദേശം വന്നപ്പോള്‍ സ്വീകാര്യമല്ലെന്ന് ആദ്യം പറഞ്ഞ സംസ്ഥാനമാണ് കേരളം. കേന്ദ്രം ജിഡിപിയുടെ ഒരു ശതമാനം മാത്രം ആരോഗ്യ മേഖലയ്ക്ക് നീക്കിവയ്ക്കുന്നതാണ് പണമില്ലാത്തതിന് കാരണം എന്നും നമ്മുടെ ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രി നവീകരണത്തിന് കിഫ്ബി വഴി പണം കണ്ടെത്തുമെന്നും മന്ത്രി സഭയെ അറിയിച്ചു. ഇത് മാരകമായ ഒരു പകര്‍ച്ചവ്യാധി മുന്നില്‍ കണ്ടുകൊണ്ടായിരുന്നില്ല. ആരോഗ്യ പരിപാലനരംഗത്ത് സാധാരണ ജനങ്ങള്‍ക്ക് സൗജന്യമായോ മിതമായ നിരക്കിലോ ചികിത്സ ലഭ്യമാക്കുവാന്‍ പൊതു ആരോഗ്യ സ്ഥാപനങ്ങള്‍ നിലനില്ക്കുകയും ശക്തിപ്പെടുകയും വേണം എന്ന ഇടതുപക്ഷ നിലപാടിന്റെ ഭാഗമായി തന്നെയാണ് ഈ പ്രസ്താവന.
കോവിഡ് 19 ബാധിച്ച് ഇന്ന് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ക്ക് ജീവന് നഷ്ടപ്പെട്ടത് യുഎസിലാണ്. ആഗോളവല്‍ക്കരണത്തിന്റെ പാണന്മാര് നാട്ടിലുടനീളം സാമൂഹ്യസുരക്ഷയുടെ മാതൃകകള്‍ കൊട്ടിപ്പാടിയ രാജ്യത്ത്. എന്തുകൊണ്ടാണ് അവിടെ ആളുകള്‍ മരിക്കുന്നത്? ചികിത്സ കിട്ടാത്തതു കൊണ്ടുതന്നെ. എന്തുകൊണ്ടാണ് ചികിത്സ കിട്ടാത്തത്? ചികിത്സിക്കാന്‍ പണമില്ലാത്തതു കൊണ്ടുതന്നെ. അപ്പോള്‍ സര്‍ക്കാര്‍ വക ആശുപത്രികള്‍? ഇല്ല. സ്വകാര്യ ആശുപത്രികള്‍ മാത്രം. അപ്പോള്‍ കോവിഡ് 19 വന്നാല്‍? ടെസ്റ്റിനു മാത്രം ഇന്ത്യന്‍ രൂപ കണക്കില്‍ ഒരു മൂന്നര ലക്ഷം, അപ്പോള്‍ ആശുപത്രിയില്‍ കിടന്നാലോ ഒരു മുപ്പത്തഞ്ചു ലക്ഷം. ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലോ? സാധാരണ ഇന്‍ഷുറന്‍സാണെങ്കില്‍ ഒരു പത്തു പതിനാറു ലക്ഷം കൊടുക്കണം. ബാക്കി ഇന്ഷുറന്സുകാര് കൊടുക്കും. അപ്പോള്‍ ഒരു കുടുംബത്തിന് ഒരു കൊല്ലം ഏകദേശം എത്ര തുക ഇന്‍ഷുറന്‍സിന് വേണ്ടിവരും? 2019ലെ കണക്കനുസരിച്ച് നാലുപേരുള്ള ഒരു കുടുംബത്തിന് 20,576 ഡോളര്‍. ഏകദേശം ഒരു ഹോണ്ട സിവിക് കാറിന്റെ വിലയേക്കാള്‍ 226 ഡോളര്‍ കൂടുതല്‍. അവിടെ എല്ലാവര്ക്കും ഇന്‍ഷുറന്‍സ് ഉണ്ടോ? ഇല്ല മൂന്നുകോടി ജനങ്ങള്‍ക്ക് ഇല്ല. അപ്പോള്‍? രോഗം വന്നാല്‍ ആയുസുണ്ടെങ്കില്‍ ജീവിക്കും. അല്ലെങ്കില്‍ മരിക്കും. ആഗോളീകരണത്തിന്റെ പറുദീസ എന്ന് വാഴ്ത്തപ്പെടുന്ന അമേരിക്കയിലെ സ്ഥിതി ഇതാണ്. ഒന്നര ലക്ഷം പേരെങ്കിലും മരിക്കും എന്നാണ് ആ രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ഇവിടെ ഇങ്ങ് കൊച്ചുകേരളത്തില്‍ തൊണ്ണൂറു കഴിഞ്ഞ വൃദ്ധദമ്പതികള്‍ രോഗം ഭേദമായി വീട്ടില്‍ പോയി. രോഗികളെയും രോഗസാധ്യതയുള്ളവരെയും തിരഞ്ഞ് കണ്ടെത്തി ആശുപത്രികളിലാക്കുന്ന സര്‍ക്കാര്‍. ഭക്ഷണവും ചികിത്സയും മരുന്നും നല്കി ശുശ്രൂഷിക്കുന്നു. ലോക് ഡൗണില്‍ പെട്ടുപോയവര്‍ക്ക് സമൂഹ അടുക്കളകള്‍ വഴി ഭക്ഷണമെത്തിക്കുന്നു. മനുഷ്യര്‍ക്ക് മാത്രമല്ല തെരുവുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുപോലും. ഈ മഹാമാരിയുടെ കാലവും നമ്മള് അതിജീവിക്കും. പക്ഷെ ഓര്‍മകള്‍ നിലനില്‍ക്കണം. സമൂഹമാണ് ശക്തി. സമൂഹത്തെ ഭിന്നിപ്പിച്ച് വെറും വ്യക്തികളായി മാറ്റി അവനെ കോര്‍പ്പറേറ്റുകളുടെ ആര്‍ത്തിക്ക് വിട്ടുകൊടുക്കുന്നത് എത്രമാത്രം കൊടിയ വിപത്തിലേക്കാണ് നയിക്കുക എന്ന് മനസിലാക്കേണ്ട സന്ദര്‍ഭമാണിത്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു കാലത്തിന്റെ സാക്ഷാത്കാരത്തിനായി ഏവരും പ്രതിജ്ഞ ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോവുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.