എന്തിനാണ് അവര്‍ മഹാത്മജിയെ വധിച്ചത്?

Web Desk
Posted on February 04, 2019, 10:34 pm

ഹരീഷ് ഖരെ

തങ്ങളുടെ സ്വതസിദ്ധമായ സ്വാര്‍ഥതയോടെ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം അത്ഭുതാവഹമായ രീതിയില്‍ ഒരു സംഭവമാക്കി മാറ്റാനാണ് ഇപ്പോഴത്തെ ഭരണാധികാരികള്‍ ശ്രമിച്ചത്. ഇവരുടെ മഹത്തരമെന്ന രീതിയിലുള്ള അധരവ്യായാമങ്ങളെ അത്ര പ്രാധാന്യത്തോടെ എടുക്കേണ്ടതില്ലെന്നത് ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്.

കേവലം ഒറ്റപ്പെട്ട ഒരു മനുഷ്യന്‍ നടത്തിയ കൊലപാതകമായി മാത്രം ഗാന്ധിജിയുടെ വധത്തെ കാണാന്‍ കഴിയില്ല. മറിച്ച് തിന്മയും ക്രൂരതയും നിറഞ്ഞ ഒരു കൂട്ടം മനുഷ്യരുടെ ആസൂത്രണമാണ് ആ നിഷ്ഠൂരമായ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ, ഋഷിതുല്യനായ ഒരു മനുഷ്യനെ സായാഹ്ന പ്രാര്‍ഥനയ്ക്കിടെ ക്രൂരമായി വധിച്ചുവെന്നത് ഓരോ ഇന്ത്യാക്കാരനും നിര്‍ബന്ധമായും ഇത്തരുണം ഓര്‍ക്കേണ്ടതാണ്.
എല്ലാറ്റിനുമുപരിയായി ഒരു ചോദ്യം ഉന്നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിദ്വേഷത്തിന്റെ ഏത് ദര്‍ശനമാണ് ഈ ഹീനമായ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഈ വര്‍ഷം ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തേണ്ടത് ഏറെ പ്രധാനമാണ്. ഗാന്ധിജിയുടെ വധം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരുടെ പിന്തുടര്‍ച്ചക്കാര്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും ഔന്നത്യങ്ങളിലെന്നതാണ് ഇതിനുള്ള കാരണം.

വിഭജനത്തിന് ശേഷം ഉണ്ടായ പ്രശ്‌നങ്ങളില്‍ മുസ്‌ലിങ്ങളോട് വിദ്വേഷം പ്രകടിപ്പിക്കാന്‍ മഹാത്മാഗാന്ധി തയ്യാറായില്ലെന്നതാണ് അദ്ദേഹത്തിന്റെ വധത്തിന് പിന്നിലുള്ള ആസന്നമായ കാരണം. ഹിന്ദുക്കളുടെ വാദം അംഗീകരിച്ച് മുസ്‌ലിങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാകാത്തത് ഹിന്ദു വര്‍ഗീയ വാദത്തിന്റെ ഉപജ്ഞാതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനത്ത് മുസ്‌ലിങ്ങള്‍ക്കെതിരെ ഉണ്ടായ അതിക്രമങ്ങള്‍ അംഗീകരിക്കാന്‍ ഗാന്ധിജി തയ്യാറാകാത്തത് ഈ വര്‍ഗീയവാദികളുടെ രോഷം കൂട്ടി. രാജ്യത്ത് സമാധാനവും സമചിത്തതയും ആവശ്യപ്പെട്ട് ഗാന്ധിജിയുടെ അവസാനത്തെ സത്യഗ്രഹ സമരത്തിന് മുന്നോടിയായുള്ള സന്ധ്യാ പ്രാര്‍ഥനയ്ക്കിടെ ജനങ്ങളോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഏറെ പ്രസക്തമാണ്.

എന്റെ കണ്‍മുന്നില്‍വച്ച് ഡല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ കൊല്ലപ്പെടുന്നു. എന്റെ പ്രിയപ്പെട്ട വല്ലഭ്ഭായ് രാജ്യത്തെ ആഭ്യന്തര മന്ത്രിയായി തുടരുമ്പോഴാണ് ഈ പാതകങ്ങള്‍ നടക്കുന്നത്. രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്. മുസ്‌ലിങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നുമാത്രമല്ല ഇതുമായി ബന്ധപ്പെട്ട എല്ലാ പരാതികളേയും വല്ലഭ്ഭായി നിസാരമാക്കി അവഗണിച്ചു. എന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി മാറുന്നതുവരെ സത്യഗ്രഹം തുടരുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഇതായിരുന്നു ഗാന്ധിജിയുടെ വാക്കുകള്‍.

ഹിന്ദുരാഷ്ട്രമെന്ന വാദം ഉന്നയിക്കുന്നവര്‍ക്ക് ഗാന്ധിജിയുടെ ധാര്‍മ്മിക രോഷം ഏറെ പ്രകോപനം സൃഷ്ടിച്ചു. സമൂഹത്തെ ഇളക്കിമറിക്കുന്ന, സഹിഷ്ണുതയും സഹനവും പ്രസംഗിക്കുന്ന ഈ പുരോഹിതനെതിരെ എന്തെങ്കിലും ചെയ്യണം. അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള ആജ്ഞയും അവര്‍ നല്‍കി. അങ്ങനെ ഹിന്ദുക്കളുടെ പേരില്‍ ഒരു ക്രൂരകൃത്യം നടന്നു. ഇതുമായി ബന്ധപ്പെട്ട് ഡോ. രാജേന്ദ്ര പ്രസാദ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇനിയും വ്യക്തമായ ഉത്തരമുണ്ടായിട്ടില്ല. എങ്ങനെയാണ് ഗാന്ധിജിയുടെ വധം ഹിന്ദുമതത്തേയും ഹിന്ദുസമൂഹത്തേയും രക്ഷിച്ചതെന്ന ചോദ്യമാണ് രാജേന്ദ്രപ്രസാദ് ഉന്നയിച്ചത്. ഹിന്ദുരാജ്യത്തെ എതിര്‍ത്തതും ഹിന്ദു- മുസ്‌ലിം ഐക്യത്തെ അനുകൂലിച്ചതും അഹിംസാ വാദത്തെ രാഷ്ട്രീയ ഉപകരണമാക്കിയതിനാലും ഗാന്ധിജി സംഘപരിവാറിന്റെ രോഷത്തിന് പാത്രമായി.

ഗാന്ധിജിയുടെ ശത്രുക്കള്‍ക്ക് അക്രമം അത്യന്താപേക്ഷിതം മാത്രമല്ല ഹിന്ദുസമൂഹത്തിന് അതിന്റെ മഹത്തരമെന്ന് കരുതുന്ന ഭൂതകാലം വീണ്ടെടുക്കുന്നതിന് ഇത് അത്യന്താപേക്ഷിത ഘടകവുമാണ്. രാഷ്ട്രീയ ധ്രുവീകരണത്തിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ അതീവ താല്‍പ്പര്യത്തോടെ ഫാസിസത്തേയും അതിന്റെ ഭാഗമായി അക്രമത്തേയും ആശ്ലേഷിക്കുന്ന കാലഘട്ടമായിരുന്നു അത്. അക്രമത്തില്‍ നിന്നും അക്രമത്തിനുള്ള പ്രേരണകളില്‍നിന്നും അക്രമാസക്തമായ ഇരുപതാം നൂറ്റാണ്ടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത് ഗാന്ധിജിയുടെ സേവനങ്ങളായിരുന്നു. എന്നാല്‍ മറുവശത്ത് ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളില്‍ ഫാസിസ്റ്റുകള്‍ നേടിയ വിജയത്തില്‍ ഹിന്ദുരാഷ്ട്രവാദികള്‍ പ്രചോദിതരായി.

അക്രമത്തോടുള്ള യുക്തിരഹിതമായ അനുരാഗം ഭരണഘടന നിലവില്‍വന്ന് ആറു ദശാബ്ദങ്ങള്‍ക്കുശേഷവും ഉപേക്ഷിക്കാനും മറക്കാനും ഇവരുടെ പിന്‍ഗാമികള്‍ തയ്യാറാകുന്നില്ല. ഈ നിലപാട് ഇപ്പോഴും ശക്തമാണ്. രാഷ്ട്രീയ വാദഗതികള്‍, ആശയ വിനിമയം, സാഹചര്യത്തിന്റെ പ്രേരണ എന്നിവയിലൂടെ സമവായത്തിലെത്തുക എന്ന നെഹ്രുവിയന്‍ സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്ന രീതികളാണ് ഇപ്പോള്‍ അധികാരത്തിലുള്ള ഹിന്ദുരാഷ്ട്രത്തിന്റെ പ്രയോക്താക്കള്‍ പിന്തുടരുന്നത്. സമൂഹത്തില്‍ വിദ്വേഷപരമായ സമ്മര്‍ദ്ദം ചെലുത്തുന്നതും അക്രമത്തില്‍ അധിഷ്ഠിതവുമായ ഒരു ഭരണവര്‍ഗമാണ് നമുക്ക് ഇപ്പോഴുള്ളത്.
പുതിയ ശത്രുക്കളെ സൃഷ്ടിച്ച് അവയെ ശക്തമായും അക്രമാസക്തമായും ആധിപത്യത്തോടെയും നേരിടുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. ഇന്നത്തെ ഭൂരിപക്ഷ രാഷ്ട്രീയം വാക്കുകളിലും പ്രവൃത്തികളിലും അക്രമത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നമ്മുടെ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ അക്രമത്തോടുള്ള അനാവശ്യമായ ഒരു ആകര്‍ഷണീയത ഇന്ന് ദൃശ്യമാണ്.

സാമൂഹ്യ മാധ്യമങ്ങള്‍, ടെലിവിഷന്‍ സ്റ്റുഡിയോകള്‍, വര്‍ത്തമാന പത്രങ്ങള്‍ എന്നിവയില്‍ അക്രമവും ഭീഷണിയും സംബന്ധിച്ച വാര്‍ത്തകള്‍ തികച്ചും യുക്തിസഹജമായ വിധത്തില്‍ നല്‍കണം. ഹിന്ദു സമാജത്തിന്റെ ദീര്‍ഘകാലത്തെ രോഷവും ശക്തമായ എതിര്‍പ്പുമാണ് ഗോരക്ഷകരുടെ ക്രൂരത, രോഷം, കൊലപാതങ്ങള്‍ക്കുള്ള പ്രേരണകള്‍ എന്നിവയ്ക്കുള്ള മുഖ്യമായ കാരണങ്ങള്‍.

തീവ്ര ദേശീയതയെ കൗശലബുദ്ധിയോടെയുള്ള വിദ്വേഷം, തീരാപ്പക എന്നിവയില്‍ നിന്നും വേര്‍തിരിക്കാന്‍ കഴിയണം. കൃത്രിമ പകിട്ടോടെയുള്ള ദേശീയതയ്ക്ക് ഭൂരിഭാഗം സമൂഹവും ഇരയായ അവസ്ഥയാണ് ഇപ്പോഴുള്ളത്. എല്ലാറ്റിലും വ്യംഗ്യമായ അവസ്ഥയില്‍ അക്രമം ഒളിഞ്ഞിരിക്കുന്നു. അക്രമത്തില്‍ നിന്നും മാറി തികച്ചും മഹത്തരവും അഹിംസയുടെ ആത്മീയമായ ആനന്ദത്തിലേക്ക് ഇന്ത്യാക്കാരെ എത്തിക്കാന്‍ കഴിഞ്ഞതാണ് മഹാത്മാ ഗാന്ധിയുടെ ഏറ്റവും പ്രകടമായ നേട്ടം.

മഹാത്മാ ഗാന്ധിയുടെ അഹിംസയുടെ വാക്കുകള്‍ സംഘപരിവാറുകാരെ ഏറെ വ്രണപ്പെടുത്തുന്നതാണ്. പരമ്പരാഗതമായ ഹിന്ദുഭീരുത്വത്തിനുള്ള അത്യാവശ്യവും അത്യന്താപേക്ഷിതവുമായ ഒരു മറുമരുന്നായി അക്രമത്തെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു. അക്രമത്തിനെതിരെയുള്ള നമ്മുടെ മേധാവിത്തത്തെ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വൈദേശിക ആധിപത്യം ഇല്ലാതാക്കി.

അക്രമത്തോടുള്ള അദമ്യമായ അഭിനിവേശം ഇങ്ങനെ തുടരുന്നത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് പ്രവാസികളായ ഇന്ത്യാക്കാരെയാണ്. വടക്കന്‍ അമേരിക്കയിലെ ഇന്ത്യാക്കാരുടെ സുരക്ഷപോലും അപകടത്തിലാകുന്ന അവസ്ഥയിലാണ്. രാജ്യത്ത് നിലനില്‍ക്കുന്ന വൈകാരിക രാഷ്ട്രീയ സംഭവങ്ങള്‍ അവര്‍ക്ക് ജോലിചെയ്യുന്ന രാജ്യം പോലും വിടേണ്ട അവസ്ഥ സൃഷ്ടിക്കുന്നു. കൂടാതെ ആഗോളതലത്തില്‍ ഉണ്ടാകുന്ന രാഷ്ട്രീയ നിമ്‌നോന്നതങ്ങള്‍ അവരുടെ ആശങ്കകളും മുന്‍വിധികളും വര്‍ധിപ്പിക്കുന്നു.

രോഷപൂരിതമായ ദേശീയത കൊടികുത്തിവാഴുന്ന കാലഘട്ടത്തില്‍ ഹിന്ദുത്വത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളില്‍ പക്ഷംചേരേണ്ട അവസ്ഥ പ്രവാസികള്‍ക്കും വന്നുഭവിക്കുന്നു. വര്‍ഗീയതയുടെ പേരില്‍ നടക്കുന്ന അക്രമം സൃഷ്ടിക്കുന്ന അവതാളങ്ങള്‍ പുതിയ ഇന്ത്യയുടെ ആവിഷ്‌കാരമായി ഏഴ് ആഴികളിലും പ്രതിധ്വനിക്കുന്നു. പ്രതിലോമകരമായ ഈ പുതിയ ഊര്‍ജ്ജം, ഊര്‍ജ്ജസ്വലത എന്നിവയ്ക്കുള്ള അത്യന്താപേക്ഷിതമായ ഘടകങ്ങളായി അക്രമത്തേയും അടിച്ചമര്‍ത്തലുകളേയും ഭൂരിപക്ഷ സമൂഹം മാറ്റിയെടുക്കുന്നു,

അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ നിരവധി ആഘോഷങ്ങളും ദൃശ്യ വിരുന്നുകളും, കൂട്ടായ്മകളും സംഘടിപ്പിക്കുന്നു. എന്നാല്‍ മഹാത്മാ ഗാന്ധിക്കും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ക്കുമെതിരെയുള്ള യുദ്ധങ്ങള്‍ക്ക് ശിഥിലീകരണം സംഭവിക്കുന്നില്ല. എല്ലാറ്റിനുമുപരിയായി അദ്ദേഹത്തിന്റെ വധം വിഫലമാകാന്‍ ഈ സന്ദര്‍ഭത്തില്‍ അനുവദിച്ചുകൂടാ.