29 March 2024, Friday

വിദേശകാര്യ മന്ത്രിക്ക് ലോകം ചുറ്റുന്നതിന് കോവിഡ് തടസമായില്ല; 21 മാസത്തിനിടെ 27 രാജ്യങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 20, 2021 12:35 pm

ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ 27 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. ഒരേ രാജ്യത്ത് രണ്ടുതവണ പോയതിന്റെ കണക്കെടുത്താല്‍ വിദേശ യാത്രകളുടെ എണ്ണം 35 ആകും. സാധാരണ സാഹചര്യങ്ങളില്‍ ഒരു വിദേശകാര്യ വകുപ്പ് മന്ത്രി ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഉന്നതതല ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നത് അസാധാരണമല്ല. പക്ഷേ ലോകമാകെയും ഇന്ത്യ പ്രത്യേകിച്ചും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ 21 മാസത്തിനിടെയാണ് അദ്ദേഹം 27 രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. കോവിഡ് പൊട്ടിപ്പുറപ്പെട്ട 2020 ജനുവരിക്കും രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചിനുമിടയില്‍ നാലു രാജ്യങ്ങളിലാണ് അദ്ദേഹം പോയത്. അതിനുശേഷമുള്ള 18 മാസത്തിനിടെ 23 രാജ്യങ്ങളാണ് ജയശങ്കര്‍ സന്ദര്‍ശിച്ചതെന്ന് ദി പ്രിന്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യതരംഗ വേളയില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷമാണിത്.

 


ഇതുകൂടി വായിക്കൂ:  അഫ്ഗാനിസ്ഥാനും ഇന്ത്യന്‍ നയതന്ത്ര വെല്ലുവിളികളും

 


 

പല വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായിരുന്നു ഇക്കാലയളവ്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ സ്വദേശത്തും വിദേശത്തുമായി കുടുങ്ങിക്കിടക്കുമ്പോഴാണ് വിദേശകാര്യമന്ത്രിയുടെ വിദേശസഞ്ചാരം.

2020 ജനുവരിയില്‍ നൈജീരിയ, തുണീഷ്യ, ഫെബ്രുവരിയില്‍ ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്ന മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ അദ്ദേഹം സുപ്രധാനമായആഗോള സമ്മേളനങ്ങളില്‍ വിര്‍ച്വലായാണ് പങ്കെടുത്തത്. സെപ്റ്റംബറില്‍ ഇറാന്‍, റഷ്യ, ഒക്ടോബറില്‍ ജപ്പാന്‍, നവംബറില്‍ ബഹ്‌റൈന്‍, യുഎഇ, സീഷെല്‍സ് ഡിസംബറില്‍ ഖത്തര്‍, ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്ക, ഫെബ്രുവരിയില്‍ മാലിദ്വീപ്, മൗരീഷ്യസ്‍, മാര്‍ച്ചില്‍ബംഗ്ലാദേശ്, താജിക്കിസ്ഥാന്‍, ഏപ്രിലില്‍ യുഎഇ, മെയില്‍ ബ്രിട്ടന്‍, യുഎസ്, ജൂണില്‍ ഖത്തര്‍, കുവൈറ്റ്, കെനിയ, ഖത്തര്‍, ജൂലൈയില്‍ ഇറാന്‍, റഷ്യ, ജോര്‍ജിയ, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ഓഗസ്റ്റില്‍ ഇറാന്‍, യുഎസ്, സെപ്റ്റംബറില്‍ സോല്‍വേനിയ, ഡെന്മാര്‍ക്ക്, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

 

 

Eng­lish Sum­ma­ry: covid did not pre­vent the for­eign min­is­ter from trav­el­ing around the world; 27 coun­tries in 21 months

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.