യു എസ് രാഷ്ട്രീയത്തില്‍ വിദേശ ഇടപെടല്‍ ട്രംപിന് കുരുക്ക് മുറുകുന്നു

Web Desk
Posted on October 06, 2019, 11:14 pm

പ്രത്യേക ലേഖകന്‍

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ജനപ്രതിനിധി സഭയുടെ വിചാരണക്കുരുക്ക് മുറുകുന്നു. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളിയായി ഉയര്‍ന്നുവന്നേക്കാവുന്ന ഡമോക്രാറ്റിക് നേതാവും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനെതിരെ ഉക്രൈന്‍, ചൈന എന്നീ രാജ്യങ്ങളുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങളാണ് ട്രംപിന് വിനയായി വരുന്നത്.

ട്രംപ് ഉക്രൈനുമായി നടത്തിയ ഇടപാടുകളെപ്പറ്റി നേരിട്ട് അറിവുള്ള യു എസ് ചാരവൃത്തത്തിലെ ഉദ്യോഗസ്ഥനായ മാര്‍ക് സയ്ദ് മറ്റൊരു ചാര ഉദ്യോഗസ്ഥന്‍ കൂടി സമാനമായ വെളിപ്പെടുത്തല്‍ നടത്തിയതായി എബിസി ടെലിവിഷന്‍ ശൃംഖലയ്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യു എസ് ചാരസംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഇന്‍സ്‌പെക്ടര്‍ ജനറലിന് മുമ്പാകെയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
തന്റെ രാഷ്ട്രീയ പ്രതിയോഗിയായ ജോബൈഡന്റെ മകന്റെ ഉക്രൈനിലെ ബിസിനസ് ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കിയെ ജൂലൈ 25ന് ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതിനുവേണ്ടി ട്രംപ് നടത്തിയ രാജ്യാന്തര ഇടപെടലായാണ് ഇത് വിലയിരുത്തുന്നത്.

ബൈഡന്റെ മകനെതിരായ അന്വേഷണം നടത്തിയിരുന്ന പ്രോസിക്യൂട്ടര്‍ വിക്ടര്‍ ഷോകിനെ സെലന്‍സ്‌കി നീക്കം ചെയ്തിരുന്നു. ഷോകിന്‍ അന്വേഷണത്തില്‍ വേണ്ടത്ര കാര്‍ക്കശ്യം കാണിച്ചില്ലെന്നാരോപിച്ചായിരുന്നു നടപടി. ട്രംപിനുവേണ്ടി പല പാശ്ചാത്യ രാഷ്ട്ര നേതാക്കളും സെലന്‍സ്‌കിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും വാര്‍ത്തയുണ്ട്.
ട്രംപിനെതിരെ രംഗത്തുവന്ന രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രസിഡന്റിനെതിരെ ശക്തിയാര്‍ജിക്കുന്ന എതിര്‍പ്പിന്റെ ഉല്‍പന്നമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തവണ ബൈഡന്റെ ബിസിനസ് ഇടപാടുകള്‍ക്കെതിരെ ചൈനയില്‍ അന്വേഷണം ആവശ്യപ്പെട്ട് ട്രംപ് ഒക്ടോബര്‍ നാലിന് ചൈനീസ് അധികൃതരുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതായാണ് ആരോപണം.

ട്രംപിനെതിരെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം കാംക്ഷിക്കുന്ന സെനറ്റര്‍ മിറ്റ് റോംമ്‌നി, ബെന്‍ സാസെ, സുസന്‍ കോളിന്‍സ് തുടങ്ങിയ റിപ്പബ്ലിക്കന്‍ നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു. 2020 ലെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പുവരുത്താന്‍ ട്രംപ് വിദേശ രാഷ്ട്രങ്ങളുടെ സഹായം തേടുന്നതില്‍ അവര്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. ഉക്രൈന്‍ വിഷയത്തില്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി സെപ്റ്റംബര്‍ 24ന് കുറ്റവിചാരണാ നടപടികള്‍ ആരംഭിച്ചു. ട്രംപിന്റെ നടപടി യു എസ് തെരഞ്ഞെടുപ്പിന്റെ ആര്‍ജവത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് അവര്‍ വിലയിരുത്തിയിരുന്നു.
‘ഹൗഡി മോഡി‘യില്‍ ട്രംപിന്റെ സാന്നിധ്യവും 2020 ലെ തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കുമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയുടെ പ്രഖ്യാപനവും മോഡിയെ ഇന്ത്യയുടെ പിതാവായി വാഴ്ത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രകടനവും യുഎസ് രാഷ്ട്രീയവൃത്തങ്ങളില്‍ രൂക്ഷ പ്രതികരണങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. അത് യുഎസിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇന്ത്യ നടത്തിയ കൈകടത്തലായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.