വിദേശവനിതയെ കൊലപ്പെടുത്തിയ കേസ്: പ്രതികളെ 17 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Web Desk
Posted on May 05, 2018, 12:39 am

തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. പ്രതികളായ ഉമേഷ് , ഉദയന്‍ എന്നിവരെ ഇന്നലെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. പ്രതികളുമായി വീണ്ടും തെളിവെടുപ്പ് നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. വിദേശവനിതയുടെ ചെരുപ്പും അടിവസ്ത്രവും കണ്ടെത്താനാണിത്. അതേസമയം കേസില്‍ പങ്കില്ലെന്നും പൊലീസ് മര്‍ദിച്ചെന്നും ഒന്നാം പ്രതി ഉമേഷ് കോടതിയില്‍ മൊഴി നല്‍കി. പ്രതികളെ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ അഭിഭാഷകരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി.

വിദേശവനിതയുടെ കൊലപാതകത്തിലെ പ്രതികള്‍ നേരത്തെയും കണ്ടല്‍ക്കാട്ടിലെത്തിച്ച് സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കാനായി പ്രത്യേക കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. വിദേശവനിതയെ കണ്ടല്‍ക്കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി ബോധംകെടുത്തി പീഡിപ്പിച്ച ശേഷമാണ് കൊന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കേസിലെ പ്രതികളായ ഉമേഷും ഉദയനും ഇതിന് മുന്‍പും ഇതേ കാട്ടിലെത്തിച്ച് സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണത്തിനിടെ പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വിദേശവനിതയുടെ മൃതദേഹം 37 ദിവസത്തോളം കണ്ടല്‍ക്കാട്ടില്‍ കിടന്നിരുന്നു. ഈ ദിവസങ്ങളില്‍ ഉമേഷിന്റെയും ഉദയന്റെയും സുഹൃത്തുക്കളായ മൂന്ന് പേര്‍ കൂടി ഈ കാട്ടിലെത്തിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അവര്‍ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടോയെന്നും അന്വേഷിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.