Web Desk

December 20, 2019, 9:40 pm

പഴം പച്ചക്കറികളുടെ വിദേശ വിപണി ലക്ഷ്യം: മന്ത്രി വി എസ് സുനിൽകുമാർ

Janayugom Online

തൃശൂർ: പഴം, പച്ചക്കറികളുടെ വിദേശ കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽ കുമാർ. തൃശൂർ ടൗൺഹാളിൽ വി എഫ് പി സി കെ യുടെ 18 മത് വാർഷിക പൊതുയോഗവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കയറ്റുമതിക്ക് ഉതകുന്ന ഉൽപ്പാദന രീതി അവലംബിക്കണമെന്ന് മന്ത്രി പറഞ്ഞു. കയറ്റുമതി അധിഷ്ഠിത വിഎഫ് പിസികെ ഗ്രൂപ്പുകളെ ഉയർത്തിക്കൊണ്ടു വരണം. അതിനനുസൃതമായി കൃഷി പരിപാലന വിളവെടുപ്പ് വേണമെന്നും മന്ത്രി പറഞ്ഞു. നിരന്തരമായ പ്രൊഫഷണലിസം കൃഷി രീതിയിൽ കൊണ്ടു വന്ന് കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾ ആഭ്യന്തര, വിദേശ വിപണികൾ കീഴടക്കണമെന്നും അദ്ദേഹം പറഞ്ഞു. വി എഫ് പി സി കെ കൃഷിക്കാരുടെ സ്ഥാപനമാണെന്നും ജീവനക്കാരുടേതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച കർഷകനുള്ള ഹരിത കീർത്തി അവാർഡ്, ഓരോ ജില്ലയിലെയും ഏറ്റവും മികച്ച കർഷകർ, സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വാശ്രയ കർഷക സമിതികൾ, മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലകൾ, വരുമാന വർധനവിൽ ഏറ്റവും നേട്ടം ഉണ്ടാക്കിയ ജില്ല എന്നിവർക്കുള്ള അവാർഡുകൾ മന്ത്രി സമ്മാനിച്ചു.
സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷകനുള്ള വി എഫ് പി സി കെ അവാർഡിന് കൊല്ലം സ്വദേശി എം രാജു അർഹനായി. 50000 രൂപയും സർട്ടിഫിക്കറ്റും ഫലകവുമാണ് ലഭിച്ചത്.

എല്ലാ ജില്ലകളിലെയും മികച്ച കർഷക അവാർഡുകളും സമ്മാനിച്ചു. 20000 രൂപയും സർട്ടിഫിക്കറ്റും ഫലകവുമാണ് പുരസ്കാരം. പാലക്കാട്-രജിനീഷ് പി ആർ, പത്തനംതിട്ട‑കെ കെ ആനന്ദൻ, ഇടുക്കി-ഷാജി കെ ഡി, ആലപ്പുഴ‑വിജയൻ പിള്ള, മലപ്പുറം-എം അബ്ദുൽ ഗഫൂർ, കോഴിക്കോട്-കെ ടി മുഹമ്മദ് അബ്ദുൽ മജീദ്, എറണാകുളം-ഷൈൻ എം യോയാക്കി, വയനാട്-ജോൺസൻ ടി എ, കണ്ണൂർ‑കെ എം ഷിജി, കോട്ടയം ‑കുര്യൻ എം ജെ, തൃശൂർ‑ആന്റു കെ ജെ, കാസർഗോഡ്-കെ വി രാഘവൻ, തിരുവനന്തപുരം-സൈലസ് ആർ എന്നിവരാണ് ജില്ലകളിലെ മികച്ച കർഷകർ.

മികച്ച സ്വാശ്രയ കർഷക സംഘത്തിനുള്ള അവാർഡ് എറണാകുളം ജില്ലയിലെ കൂവപ്പാടി എസ് കെ എസ് നേടി. 30, 000 രൂപയും സർട്ടിഫിക്കറ്റും ഫലകവുമാണ് ലഭിച്ചത്. തിരുവനന്തപുരം കുന്നത്തുകാൽ രണ്ടാം സ്ഥാനവും കോട്ടയം ജില്ലയിലെ കട്ടംപാക് മൂന്നാം സ്ഥാനവും നേടി. 20,000, 10,000 രൂപയും സർട്ടിഫിക്കറ്റും ഫലകവുമാണ് സമ്മാനിച്ചത്. മികച്ച കർഷക ജില്ലയായി പാലക്കാട് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി. മികച്ച ഇന്റേണൽ റവന്യൂ ജനറേഷൻ (ഐ ആർ ജി) ജില്ലകളായി കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ തിരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിൽ വൈഗ 2020 ന്റെ പ്രൊമോഷൻ വീഡിയോയും മന്ത്രി പ്രകാശനം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന കെ എൻ രാമകൃഷ്ണൻ, കെ ഷംസുദ്ദീൻ എന്നിവരെ ആദരിച്ചു. കോർപറേഷൻ കൗൺസിലർ കെ മഹേഷ് അധ്യക്ഷത വഹിച്ചു. വി എഫ് പി സി കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരതി എൽ ആർ റിപ്പോർട്ട് അവതരിപ്പിച്ചു.