ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി വിദേശ രാഷ്ട്രങ്ങൾ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയും ഇസ്രായേലും ബ്രിട്ടനും പൗരന്മാരോട് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു എൻ മനുഷ്യാവകാശ സമിതി നേരത്തെ രംഗത്തെത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയും ബ്രിട്ടനും ഇസ്രായേലും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെയുള്ള യാത്രകൾ ഒഴിവാക്കാനാണ് നിർദേശം.
നിയമത്തിൽ നിന്ന് മുസ്‍ലിം വിഭാഗത്തെ മാത്രം മാറ്റിനിർത്തിയതിലൂടെ ഇന്ത്യൻ ഭരണഘടന ഉയർത്തി പിടിക്കുന്ന തുല്യതയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട യു എൻ ഹൈക്കമ്മിഷൻ ചൂണ്ടിക്കാട്ടി. നിയമത്തിനെതിരെ ഇന്ത്യയിൽ വൻപ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് സമിതി വക്താവ് ജെറമി ലോറൻസ് പ്രസ്താവനയിൽ പറഞ്ഞു.
പ്രതിഷേധിച്ചവരെ വെടിവച്ചു കൊന്ന നടപടിയെയും സമിതി അപലപിച്ചിട്ടുണ്ട്. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഗുവാഹതിയിൽ നിശ്ചയിച്ച കൂടിക്കാഴ്ചയും റദ്ദാക്കിയിരുന്നു. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയും ധനകാര്യ മന്ത്രിയും ഇന്ത്യയിലേക്ക് നടത്താനിരുന്ന സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.