Web Desk

ന്യൂഡല്‍ഹി:

June 04, 2020, 10:44 pm

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശന വിലക്ക്

Janayugom Online

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 2,550 വിദേശികള്‍ക്ക് 10 വര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രവേശന വിലക്കേര്‍പ്പെടുത്തി. ടൂറിസ്റ്റ് വിസയിലാണ് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളില്‍ പലരും ഇന്ത്യയിലെത്തിയത്. മതപരമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ ഈ വിസയിലെത്തുന്നവര്‍ക്ക് അനുവാദമില്ല. ഇതേതുടര്‍ന്ന് ഫോറിനേഴ്‌സ് ആക്ട്, ദുരന്ത നിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.

ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മതസമ്മേളനം നടത്തിയതിന് ഇന്ത്യയിലെ തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാന സാദ്, അദ്ദേഹത്തിന്റെ മകന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നടപടി. ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ മാസം 960 വിദേശ തബ്‌ലിഗ് അംഗങ്ങളുടെ വിസ സര്‍ക്കാര്‍ റദ്ദാക്കുകയും അവരെ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രവേശന വിലക്ക് നേരിടുന്നവരില്‍ നാലുപേര്‍ അമേരിക്കന്‍ പൗരന്മാരും ഒമ്പത് പേര്‍ ബ്രിട്ടീഷ് പൗരത്വമുള്ളവരുമാണ്. ആറ് ചൈനക്കാര്‍ക്കും വിലക്കുണ്ട്.

ENGLISH SUMMARY:For­eign­ers banned from attend­ing Tablig conference

YOU MAY ALSO LIKE THIS VIDEO