ശ്രീറാം സഞ്ചരിച്ചിരുന്ന കാർ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് ലാബ് ഫലം

Web Desk
Posted on December 23, 2019, 10:15 am

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ ശ്രീറാം സഞ്ചരിച്ചിരുന്ന വാഹനം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധന ഫലം. വെള്ളയമ്പലത്തെ കെഎഫ്‌സിയ്ക്ക് മുന്നില്‍ നിന്നുള്ള ദൃശ്യം പരിശോധിച്ചതിൽ നിന്നാണ് കാർ അതിവേഗത്തിലായിരുന്നുവെന്നു കണ്ടെത്തിയത്. കൃത്യമായ വേഗം കണക്കാക്കാന്‍ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യം ലഭ്യമാക്കണമെന്ന ഫൊറന്‍സിക് ലാബിന്റെ ആവശ്യത്തോട് അന്വേഷണസംഘം പ്രതികരിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് ഫിസിക്‌സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഫിസിക്‌സ് വിഭാഗത്തില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ടും സീറോളജി, ഡിഎന്‍എ വിഭാഗങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുമാണ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുള്ളത്. ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തില്‍ കണ്ടെത്തിയ രക്തം അപകടത്തില്‍ മരിച്ച കെഎം ബഷീറിന്റെതാണെന്ന് തിരിച്ചറിയുകയും ചെയ്തു. വേഗം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് എന്‍എബിഎല്‍ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരമാണ് തയ്യാറാക്കേണ്ടത്.

you may also like this video;

വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാന്‍ അന്വേഷണ സംഘം ഫൊറന്‍സിക് ലാബില്‍ നല്‍കിയിയിരുന്ന ദൃശ്യം അവ്യക്തമായിരുന്നു. സിസിടിവി ക്യാമറയില്‍നിന്നുള്ള ദൃശ്യത്തില്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നതിനാലാണിത്. അപകടസ്ഥലത്തുനിന്ന് ഒട്ടേറെ വസ്തുക്കള്‍ പരിശോധനയ്ക്കു ശേഖരിച്ചിരുന്നു. എന്നാല്‍, അന്വേഷണ സംഘം ഇവ പൂര്‍ണമായി ലാബിലേയ്ക്ക് അയച്ചിരുന്നില്ല.

കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാര്‍ പബ്ലിക് ഓഫീസിനു മുന്നില്‍വെച്ച്‌ കെഎം ബഷീര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചത്. വാഹനമോടിച്ചിരുന്നത് ശ്രീറാമാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നുമാണ് വഫ ഫിറോസ് മൊഴി നല്‍കിയിരുന്നത്. ഫൊറന്‍സിക് ലാബില്‍ നിന്നുള്ള ഫലം വൈകുന്നതുകൊണ്ടാണ് കേസില്‍ കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ വിശദീകരണം.

you may also like this video;