ഫോറന്‍സിക് സര്‍ജന്‍ ഡോ. ബി ഉമാദത്തന്‍ അന്തരിച്ചു

Web Desk
Posted on July 03, 2019, 2:44 pm

തിരുവനന്തപുരം: ഫോറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തന്‍(73) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിത്ത് തിരുവനന്തപുരത്തെ വസതിയില്‍ നടക്കും.

1969ല്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ച ഡോ. ബി ഉമാദത്തന്‍ ഫോറന്‍സിക് മെഡിസിന്‍ പ്രൊഫസര്‍, കേരളാ പൊലീസിന്റെ മെഡിക്കല്‍ ലീഗല്‍ അഡൈ്വസര്‍ തുടങ്ങിയ പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മെഡിക്കല്‍ കോളേജുകളില്‍ പ്രഫസറും വകുപ്പ് തലവനും പൊലീസ് സര്‍ജനുമായിരുന്നു. ഗവ മെഡിക്കോ ലീഗല്‍ എക്‌സ്‌പെര്‍ട്ട് ആന്‍ഡ് കണ്‍സള്‍ട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗല്‍ ഉപദേശകന്‍, ലിബിയ സര്‍ക്കാരിന്റെ മെഡിക്കോ ലീഗല്‍ കണ്‍സള്‍ട്ടന്റ് തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം തുടങ്ങിയവ പ്രധാനപ്പെട്ട രചനകാളാണ്.