Web Desk

പാലക്കാട്

June 03, 2020, 9:34 pm

ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവം: കേസെടുത്ത് അന്വേഷണം തുടങ്ങി

Janayugom Online

ഗര്‍ഭിണിയായ കാട്ടാന ദാരുണമായി ചെരിഞ്ഞതില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് വായ തകര്‍ന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് നാളെ ലഭിക്കുമെന്നും തുടര്‍ന്ന് പൊലീസ് അന്വേഷണം കൂടി നടത്തുമെന്നുമാണ് അധികൃതര്‍ അറിയിച്ചത്. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ 15 വയസ് തോന്നിക്കുന്ന ഗര്‍ഭിണിയായ കാട്ടാനയാണ് ചെരിഞ്ഞത്. പൈനാപ്പിളിനുളളിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂര്‍ണമായും തകര്‍ന്നിരുന്നു.

വേദന മൂലം ഭക്ഷണമോ വെള്ളമോ ദിവസങ്ങളോളം കഴിക്കാനാകാതെയാണ് ആന ജനവാസ കേന്ദ്രത്തിലെ വെളളിയാര്‍ പുഴയില്‍ എത്തിയത്. അവശനിലയില്‍ കണ്ട ആനക്ക് ചികിത്സ നല്‍കാനായി രണ്ട് കുങ്കിയാനകളെ വനം വകുപ്പ് കൊണ്ടുവന്നപ്പോഴേക്കും വെള്ളത്തില്‍ നില്‍ക്കുന്നതിനിടെ ഗര്‍ഭിണിയായ ആന ചെരിഞ്ഞിരുന്നു. നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹന്‍ കൃഷ്ണന്‍ ഫേസ്ബുക്കിലൂടെ ആനചെരിഞ്ഞ വിവരം പങ്ക് വച്ചതോടെയാണ് സംഭവം വിവാദമായത്.

മീന്‍പിടിക്കാന്‍ വച്ച തോട്ടപൊട്ടി വായിലേറ്റ വലിയ മുറിവാണ് ആനയുടെ മരണത്തിന് കാരണമെന്നായിരുന്നു വനംവകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടി തകര്‍ന്നതായി വ്യക്തമായി. കൂടാതെ ശ്വാസകോശത്തില്‍ വെളളം കയറിയത് മരണകാരണവുമായി.അമ്പലപ്പാറ വനമേഖലയിലെ കര്‍ഷകര്‍ പന്നിയെ തുരത്താനായി പൈനാപ്പിളില്‍ പടക്കം നിറച്ച് കൃഷിയിടത്തില്‍ വയ്ക്കാറുണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച സൂചന. നാട്ടുകാരില്‍ ആരെങ്കിലും പടക്കം നിറച്ച പൈനാപ്പിള്‍ ആനയ്ക്ക് നല്‍കിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

Eng­lish sum­ma­ry:for­est depart­ment has start­ed an investigation

you may also like this video: