സന്ദീപ് രാജാക്കാട്

രാജാക്കാട്

March 04, 2020, 7:49 pm

കത്തിനശിച്ച വനമേഖല വീണ്ടെടുക്കാൻ വനം വകുപ്പ്

Janayugom Online
കാട്ടുതീയിൽ കത്തിനശിച്ച മലമേട്ടിൽ വനംവുപ്പിന്റെ നേതൃത്വത്തിൽ പുല്ലും മരത്തൈകളും നട്ടുവളർത്തിയിരിക്കുന്നു

കാട്ടുതീയിൽ കത്തിയമർന്ന വനമേഖല പുനഃസൃഷ്ടിക്കാൻ പദ്ധതിയുമായി വനം വകുപ്പ്. 2018ലുണ്ടായ കാട്ടുതീയിൽ പൂർണ്ണമായി കത്തിനശിച്ച ആനമല ഷോലെ നാഷണൽ പാർക്കിലെ പഴത്തോട്ടം വനമേഖലയാണ് മരത്തൈകളും പുല്ലും മറ്റും വച്ചുപിടിപ്പിച്ച് വനമാക്കി മാറ്റുന്നതിന് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ ആറ് ഹെക്ടർ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

2018ലുണ്ടായ വൻ കാട്ടുതീയിൽ ആനമല നാഷണൽ പാർക്കിലെ പഴത്തോട്ടത്തെ 120 ഹെക്ടറോളം വനമേഖലയിലെ വൻ മരങ്ങളടക്കം പൂർണ്ണമായി കത്തി നശിച്ചിരുന്നു. പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ച കാട്ടുതീയിൽ നഷ്ടപ്പെട്ടുപോയ ജൈവ സമ്പത്ത് തിരിച്ച് പിടിക്കുന്നതിന് വേണ്ടിയുള്ള വലിയ പരിശ്രമത്തിലാണ് വനംവകുപ്പ്. ഇതിന്റെ ഭാഗമായി മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വനവൽക്കരണ പദ്ധതിയുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. കത്തിനശിച്ച മുഴുവൻ പ്രദേശവും ഭാവിയിൽ വനമാക്കി മാറ്റുകയാണ് ലക്ഷ്യം.

ഇതിനായി പ്രത്യേക ഇനത്തിൽപെട്ട മരത്തൈകളും മറ്റ് ചെടികളും പച്ചപുല്ലുകളും വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ നട്ടുപരിപാലിക്കുകയാണ്. കാട്ടാനയും കാട്ടുപോത്തും അടക്കമുള്ള വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്ന ഇവിടെ ഇവയ്ക്ക് ആവശ്യമായ തീറ്റയും നട്ടുപിടിപ്പിക്കുന്നുണ്ട്. മരത്തൈകൾ നടുന്നതിനൊപ്പം മലമേടുകളിൽ പടർന്ന് പിടിക്കുന്നതും മണ്ണിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതുമായ പുല്ലുകളും നട്ടിട്ടുണ്ട്. ഇവ വളരെ പെട്ടെന്ന് പടർന്ന് പിടിച്ച് പച്ചപ്പായി മാറും. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ മേഖല സ്വാഭാവിക വനമായി മാറുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം കത്തി നശിച്ച മറ്റ് മേഖലയിലും സമാനമായ പ്രവർത്തനം തുടരുമെന്നും അധികൃതർ പറഞ്ഞു.

Eng­lish Sum­ma­ry; For­est Depart­ment to recov­er the burned forest

YOU MAY ALSO LIKE THIS VIDEO