പി ആർ റിസിയ

 തൃശൂർ

February 17, 2020, 10:03 pm

കാട്ടുതീയുടെ നിഴലിൽ വനമേഖല

Janayugom Online

സംസ്ഥാനത്ത് വേനൽ കനത്തതോടെ വനമേഖല കാട്ടുതീ ഭീഷണിയിൽ. വേനൽക്കാലത്ത് കാട്ടുതീ പടർന്നുപിടിക്കുന്നത് സാധാരണമാണെങ്കിലും കഴിഞ്ഞദിവസം തൃശൂർ ദേശമംഗലം കൊറ്റമ്പത്തൂരിൽ മൂന്ന് വനപാലകരുടെ ജീവൻ കവർന്ന കാട്ടുതീ ദുരന്തം മലയോരമേഖലയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വേനൽ കടുത്തതോടെ കാട്ടുതീ തടയാനുള്ള വനംവകുപ്പിന്റെ ജാഗ്രതക്കിടെയാണ് ദേശമംഗലം കൊറ്റമ്പത്തൂരിൽ മൂന്ന് വനപാലകരുടെ ജീവനെടുത്ത ദുരന്തം. വനം കരിഞ്ഞുണങ്ങി നിൽക്കുന്നതിനാൽ ഏതെങ്കിലും ഭാഗത്തു നിന്നും ഒരു ചെറിയ തീപ്പൊരി മതി വനമേഖല ഒന്നടങ്കം കത്തി ചാമ്പലാകാൻ. 2018 മാർച്ചിൽ കേരള-തമിഴ്‌നാട് അതിർത്തിയായ കൊരങ്ങിണിയിൽ കാട്ടുതീയിൽപ്പെട്ട് 23 പേർ മരിച്ചശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള മരണം.

നിറയെ പുൽമേടുകളുള്ള പശ്ചിമഘട്ട മേഖലയും ചോലവനപ്രദേശങ്ങളും തീപിടുത്ത സാധ്യത ഏറിയ മേഖലകളായതിനാൽ വനംവകുപ്പ് ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വനത്തിൽ നുഴഞ്ഞു കയറി ബോധപൂർവ്വം തീയിടുന്നവരാണ് വനമേഖലയ്ക്ക് പ്രധാന വെല്ലുവിളി. ഇവരെ കണ്ടെത്താനും തുരത്താനുമുള്ള ജാഗ്രതയിലാണ് ഉദ്യോഗസ്ഥർ. കൊറ്റമ്പത്തൂരിൽ ഞായറാഴ്ച ഉച്ചയോടെയാണ് തീ ആളിപ്പടരുന്നത്. ഉടൻ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ വൈകിട്ട് നാലോട് കൂടി കാറ്റ് ദിശമാറി വീശിയതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിന്ന ഭാഗത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട്പേർ തീയിൽപ്പെട്ട് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഒരാൾ ആശുപത്രിയിൽവച്ചും മരണപ്പെടുകയായിരുന്നു. അക്കേഷ്യ മരങ്ങൾ ഏറെയുള്ള പ്രദേശത്ത് ഉണങ്ങിയ ഇലകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു.

ചുറ്റുപാടും തീ പടർന്ന് പിടിച്ചതോടെ വനപാലക സംഘം കാട്ടുതീയ്ക്കകത്ത് അകപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ വാഴച്ചാൽ ആദിവാസി കോളനിയിലെ താമസക്കാരൻ കൂടിയായ ട്രൈബൽ വാച്ചർ കെ വി ദിവാകരൻ, താൽക്കാലിക ഫയർ വാച്ചർമാരായ എരുമപ്പെട്ടി സ്വദേശി എം കെ വേലായുധൻ, കുമരനല്ലൂർ സ്വദേശി വി എ ശങ്കരൻ എന്നിവരാണ് മരിച്ചത്. വനസംരക്ഷണം ജലസംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തി കാട്ടുതീ തടയാനുള്ള പ്രവൃത്തികളും ബോധവൽക്കരണവും നടക്കുന്നതിനിടെയാണ് ദേശമംഗലത്തുണ്ടായ ദുരന്തം. വർഷംതോറും കാട്ടുതീയിൽപ്പെട്ട് കോടിക്കണക്കിന് രൂപയുടെ വനസമ്പത്താണ് കത്തിനശിക്കുന്നത്. ഇതോടൊപ്പം ഒട്ടെറെ വന്യമൃഗങ്ങൾ, പക്ഷികൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളും നശിക്കുന്നു. പലപ്പോഴും സ്വാഭാവികമായുണ്ടാകുന്ന ദുരന്തത്തിനപ്പുറം മനുഷ്യനിർമ്മിതമായ കാട്ടുതീയും വനമേഖലയ്ക്ക് ഭീഷണിയാവാറുണ്ട്.

you may also like this video;