Friday
18 Oct 2019

വനം എന്ന ധനം

By: Web Desk | Sunday 17 June 2018 4:59 PM IST


nelliyampathy_hills
Laila

ഡോ. ലൈല വിക്രമരാജ്

ആഗോളതാപനം എന്നത് ലോകജനതയെ അലട്ടുന്ന ഒരു ജീവല്‍പ്രശ്‌നമാണ്. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്നതാണീ വിപത്ത്. മനുഷ്യന്റെ ജീവിതരീതിയിലുണ്ടായ കാതലായ മാറ്റത്തിന്റെ ഫലമായി പുറത്തേക്ക് തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവ അന്തരീക്ഷത്തില്‍ വന്‍തോതില്‍ കാണപ്പെടാന്‍ തുടങ്ങി. തന്മൂലം മനുഷ്യന്റെ പ്രാണവായുവിന്റെ ഉറവിടമായ ഓസോണ്‍പാളിയില്‍ വിള്ളലുണ്ടാവുകയും ആഗോളതാപനത്തിനത് കാരണമാവുകയുമാണുണ്ടായത്.
പരിഹാരം കണ്ടെത്തുക
ഇതിനൊരു പ്രതിവിധി കണ്ടെത്തുവാന്‍ നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ടത് വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുക, ഉള്ളവൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുക തുടങ്ങിയവയാണ്. ഓക്‌സിജനെ പുറന്തള്ളുവാനും കാര്‍ണ്‍ഡൈ ഓക്‌സൈഡിനെ ആഗിരണം ചെയ്യുവാനുമുള്ള കഴിവ് വൃക്ഷങ്ങള്‍ക്കുമാത്രമുള്ളതാണ്. വനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കൂട്ടുകാര്‍ക്കിപ്പോള്‍ മനസിലായിക്കാണുമല്ലോ.
വനസംരക്ഷണത്തിന്റെ പ്രസക്തി
വനവിസ്തൃതിയുടെ കാര്യത്തില്‍ നമ്മുടെ കൊച്ചുകേരളം ഒട്ടും പിന്നിലല്ല എന്നത് സന്തോഷകരമാണ്. കേരളത്തിന്റെ മൊത്തം ഖനവിസ്തൃതിയുടെ 28 ശതമാനം വനങ്ങളാണ്. ഇതില്‍ നിക്ഷിപ്തവനങ്ങളും റിസര്‍വ് വനങ്ങളും ഉള്‍പ്പെടുന്നു. ഇവ രണ്ടുംകൂടി ചേര്‍ന്ന് ഏകദേശം 11,265 ച കി മീറ്റര്‍ വനപ്രദേശങ്ങളാണെന്ന് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ പഠനം വ്യക്തമാക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനതായ കാലാവസ്ഥാ നിലനില്‍പ്പിനും സന്തുലിതാവസ്ഥയ്ക്കും വനങ്ങള്‍ ചെലുത്തുന്ന സ്വാധീനം കൂട്ടുകാര്‍ മനസിലാക്കേണ്ടതാണ്. ജൈവവൈവിധ്യങ്ങളുടെ നിലനില്‍പ്പ്, വന്യജീവികളുടെ ആവസവ്യവസ്ഥ, നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആക്ടിനോഡഫ്‌നേ ലസോണില്‍ (പാലക്കാടും വയനാടും മാത്രം കാണപ്പെടുന്നവ) തുടങ്ങിയ ചിലതരം സസ്യങ്ങളുടെ സംരക്ഷണം എന്നിവയെല്ലാം വനങ്ങളെ ആശ്രയിച്ചാണുള്ളത്. വംശനാശ ഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങ്, വരയാടുകള്‍ തുടങ്ങിയ ജീവികളുടെ സംരക്ഷണത്തിനായി വന്യജീവിസങ്കേതങ്ങളും സംരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ട്. വനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട തിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്ന ചിലതുമാത്രമാണിവയെല്ലാം.
വനവിസ്തൃതി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനസാന്ദ്രതയുള്ള ജില്ല ഇടുക്കിയാണ്. 3932 ച കീ മീറ്ററാണ് വിസ്തൃതി. രണ്ടാംസ്ഥാനത്ത് വയനാട് ജില്ലയാണ്. 1775 ച കി മീറ്റര്‍. പത്തനംതിട്ട ജില്ല തൊട്ടടുത്തായിവരുന്നു. 1758 ച കി മീറ്റര്‍ വനമേഖലയാണ്. വനമേഖല ഏറ്റവും കുറവുള്ള ജില്ല ആലപ്പുഴയാണ്. 38 ച കി മീറ്റര്‍ മാത്രം.
അഞ്ചുതരം വനങ്ങള്‍
കേരളത്തിലെ വനപ്രദേശങ്ങളെ അഞ്ചു വിഭാഗങ്ങളായി തിരിക്കാം. ഉഷ്ണമേഖലാ ആര്‍ദ്രനിത്യഹരിത വനങ്ങള്‍ അര്‍ദ്ധനിത്യഹരിതവനങ്ങള്‍, ഉഷ്ണമേഖാ ആര്‍ദ്ര ഇലപൊഴിയും കാടുകള്‍, ഉഷ്ണമേഖലാ വരണ്ട ഇലപൊഴിയും കാടുകള്‍, ചോലക്കാടുകള്‍ എന്നിവയാണവ.
വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുക
ഭാരതീയ സംസ്‌കൃതിയുടെ ഭാഗമായ നമ്മുടെ സംസ്‌കാരത്തിലും വൃക്ഷങ്ങള്‍ നടേണ്ടതിന്റെയും സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.
‘അശ്വത്ഥമേകം പിചുമന്ദമേകം
ന്യഗ്രോധമേകം ദശതിന്ത്രിണീംച
കപിത്ഥ ബില്വാമലകത്രയംച
പഞ്ചാമ്രനാളീ നരകം ന യാതി’
ഇത്രയും വൃക്ഷങ്ങള്‍ വീടിന് ചുറ്റും നട്ടുവളര്‍ത്തിയാല്‍ മരണശേഷം അവര്‍ നരകത്തില്‍ പോവുകയില്ലെന്നാണ് ഗ്ലോകത്തിന്റെ ചുരുക്കം. അതിന്റെ ശാസ്ത്രീയാര്‍ഥം മുകളില്‍ പ്രതിപാദിച്ച കാര്യങ്ങളില്‍ നിന്നും മനസിലാക്കാം. ഈ ശ്ലോകത്തിന്റെ രചനാവേളയിലെ വിശ്വാസത്തെയും പരാമര്‍ശിക്കാതിരിക്കുന്നത് ശരിയല്ല. അക്കാലത്ത് ഈശ്വര പരിവേഷം ചാര്‍ത്തിയാല്‍ മാത്രമേ ജനങ്ങള്‍ കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കുകയുള്ളു എന്നതിനാലാവാം ഈശ്വരന്‍, പാപം, മോക്ഷം, സ്വര്‍ഗം, നരകം ഇത്യാദിപ്രയോഗങ്ങള്‍ പ്രചുരപ്രചാരത്തിലായിരു ന്നതും, നരകത്തില്‍ പോവുകയില്ലെന്ന് പറഞ്ഞുകൊണ്ട് ശ്ലോകം അവസാനിപ്പിക്കുന്നതും.