25 April 2024, Thursday

വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണം: മന്ത്രി എ കെ ശശീന്ദ്രൻ

Janayugom Webdesk
കോഴിക്കോട്
September 11, 2021 8:49 pm

വനം-വന്യജീവി സംരക്ഷണത്തോടൊപ്പം വനാശ്രിത സമൂഹത്തിന്റെ പ്രശ്നപരിഹാരത്തിനും വനപാലകർ പ്രാധാന്യം നൽകണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇത്തരത്തിലെത്തുന്നവർക്ക് ആശ്വാസമാകുന്ന വിധത്തിൽ വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണമെന്നും അദ്ദേഹം പറഞ്ഞു. മാത്തോട്ടം വനശ്രീയിൽ ഒൻപതാമത് വനരക്തസാക്ഷിദിനാചരണ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.

രക്തസാക്ഷികളുടെ ജീവത്യാഗം മഹത്തരവും ധീരവും മാതൃകാപരവുമാണെന്ന് മന്ത്രി അനുസ്മരിച്ചു. വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥരുടെ ജീവസുരക്ഷക്കാണ് സർക്കാരിന്റെ പ്രഥമ പരിഗണന. താൽക്കാലിക ജീവനക്കാരുടേതുൾപ്പെടെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതികളിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.


ഇതുകൂടി വായിക്കൂ; മുതുമല വന്യജീവി സങ്കേതത്തില്‍ ആന സവാരി തുടങ്ങി


വനപാലകർ കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലാണ് ജോലിചെയ്യുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്ഥാന വനംമേധാവി പി കെ കേശവൻ പറഞ്ഞു. ലോകത്താകെ നടക്കുന്ന വനപാലകരുടെ ജീവത്യാഗങ്ങളിൽ 33 ശതമാനവും ഇന്ത്യയിലാണ്. കേരളത്തിൽ കഴിഞ്ഞ വർഷം ഏഴു വനപാലകർക്ക് ജീവഹാനി സംഭവിച്ചു. ഈ വർഷം ഇതിനോടകം ഒരാൾ മരണപ്പെടുകയും 13 അപകടങ്ങളുണ്ടാകുകയും ചെയ്തു. ഇതിൽ പതിനൊന്നും വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിനിടയിൽ സംഭവിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

രക്തസാക്ഷി സ്തൂപത്തിൽ മന്ത്രി പുഷ്പാർച്ചന നടത്തി. വീരമൃത്യു വരിച്ച വനം ഉദ്യോഗസ്ഥരുടെ ത്യാഗങ്ങൾ സ്മരിക്കുന്നതിനോടൊപ്പം ജീവന്റെ നിലനിൽപ്പിനാധാരമായ വനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വനസംരക്ഷണത്തെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വനം രക്തസാക്ഷി പ്രതിജ്ഞയെടുത്തു. ചടങ്ങിൽ വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, പി സി സി എഫുമാരായ ഡി ജയപ്രസാദ്, എ പി സി സി എഫുമാരായ രാജേഷ് രവീന്ദ്രൻ, ഡോ. പി പുകഴേന്തി, സി സി എഫ് ഡി കെ വിനോദ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

 

Eng­lish Sum­ma­ry: For­est offices should be peo­ple-friend­ly: Min­is­ter AK Sasindran

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.