Web Desk

കല്‍പറ്റ

January 10, 2021, 6:01 pm

വയനാട് പുല്‍പ്പള്ളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കടുവ ആക്രമിച്ചു

Janayugom Online

പുല്‍പ്പള്ളി കൊളവള്ളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കടുവ അക്രമിച്ചു. ചെതലയം റേഞ്ച് ഓഫീസര്‍ ടി ശശികുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് സംഭവം. കൊളവള്ളിയില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണത്തെ തുടര്‍ന്ന് നാട്ടുകാരുള്‍പ്പെടെയുള്ള വനപാലക സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് വൈകിട്ട് മൂന്നരയോടെ കടുവയുടെ ആക്രമണം. ശശികുമാറിനെ വയനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക വനാതിര്‍ത്തിയില്‍ കബനി നദിയോട് ചേര്‍ന്നുള്ള പ്രദേശമാണ് കൊളവള്ളി. കബനി നദിയുടെ മറുകരയിലുള്ള വന്യജീവി സങ്കേതത്തില്‍ നിന്ന് പുഴ കടന്നെത്തിയ കടുവയാണ് ജനവാസ മേഖലയിലെത്തിയിരിക്കുന്നതെന്നാണ് നിഗമനം.

ഇക്കഴിഞ്ഞ അഞ്ചു ദിവസമായി കടുവയ്ക്കായി നാട്ടുകാരും വനപാലകരും തിരച്ചില്‍ നടത്തി വരികയാണ്. കടുവ വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ അക്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഒരു കൃഷിയിടത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ് ഇന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

Eng­lish Sum­ma­ry : For­est offi­cer attacked by Tiger in Wayanad

You may also like this video :