അഡ്വ. കെ രാജു(വനം വകുപ്പ് മന്ത്രി)

March 21, 2020, 5:15 am

വനങ്ങൾ — ജൈവവൈവിധ്യത്തിന്റെ കാവൽക്കാർ

Janayugom Online

വനങ്ങൾ പ്രകൃതിയുടെ നിലനിൽപ്പിന്റെ അനുപേക്ഷണീയ ഘടകങ്ങളാണെന്ന തിരിച്ചറിവ് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാർവദേശീയ സാഹചര്യത്തിലാണ് ഒരു വനദിനം കൂടി കടന്നു വരുന്നത്. വനസമ്പത്തിന്റെ സവിശേഷതകളും അവ നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഓർമ്മപ്പെടുത്തുന്നതിനായി 2012 ലാണ് ഐക്യരാഷ്ട്രസഭ മാർച്ച് 21 അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചത്. ഓരോ വർഷവും ഏതെങ്കിലുമൊരു ആശയത്തെ മുൻനിർത്തിയാണ് വനദിനാഘോഷങ്ങൾ ലോകവ്യാപകമായി നടന്നു വരുന്നത്. ഇത്തവണത്തെ സന്ദേശം “വനങ്ങളും ജൈവവൈവിധ്യവും” എന്നതാണ്. നമ്മുടെ വനസമ്പത്തും തണ്ണീർതടങ്ങളും സമുദ്രവുമെല്ലാം ജൈവ വൈവിധ്യങ്ങളുടെ വിശാലമായ കലവറകളാണ്. ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്രതരം ജീവരൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഭൂമണ്ഡലത്തിലെ സകല ജീവജാലങ്ങളെയും അവയുടെ ആവാസ വ്യവസ്ഥയെയും പൊതുവായി സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. ചുരുക്കത്തിൽ മനുഷ്യനും സസ്യ‑ജന്തുജാലങ്ങളും മുതൽ സൂക്ഷ്മ ജീവികളും വായുവും മരങ്ങളും ജലാശയങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ജീവലോകത്തിന്റെ സമഗ്രതയാണ് ജൈവവൈവിധ്യമെന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും നമ്മുടെ ഭക്ഷണവുമെല്ലാം ജൈവവൈവിധ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. കോടാനുകോടി വർഷങ്ങളിലെ പ്രകൃതി പ്രതിഭാസങ്ങളുടെയും ജൈവപരിണാമങ്ങളിലൂടെയും രൂപപ്പെട്ടതാണ് നമ്മുടെ ജൈവസമ്പത്ത്. അവ ഇന്ന് പലതരത്തിലുള്ള ഭീഷണികളും നേരിടുന്നു എന്നതാണ് യാഥാർത്ഥ്യം. വനനശീകരണം, കാട്ടുതീ, വന്യമൃഗവേട്ട തുടങ്ങിയവയാണ് വനസമ്പത്തിന് നേരെ ഉയരുന്ന പ്രധാന ഭീഷണികൾ. കാട്ടുതീയിൽപ്പെട്ട് ഏക്കർ കണക്കിന് വനഭൂമികൾ കത്തിയമരുമ്പോൾ നശിച്ചു പോകുന്നത് വിവരിക്കാനാവാത്ത ജീവജാതികളും ജൈവകലവറകളുമാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് ആമസോൺ കാടുകളിൽ പടർന്നുപിടിച്ച കാട്ടുതീ, അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നല്ലോ. ഇത്തരം ദുരന്തങ്ങൾ കൊണ്ട് ചില ജീവിവർഗ്ഗങ്ങൾ തന്നെ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാവുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ആധുനിക സമൂഹത്തിൽ നാം നേരിടുന്ന വലിയ ഭീഷണികളിലൊന്ന് ശുദ്ധജലത്തിന്റെ ലഭ്യതക്കുറവാണ്. വേനൽ ആരംഭിക്കുമ്പോഴേക്ക് ജലാശയങ്ങൾ വറ്റിവരണ്ടുപോകുന്നത് ഇന്ന് നമുക്ക് പതിവ് കാഴ്ചയാണ്. ഭൂഗർഭ ജലവിതാനം ക്രമാതീതമായി താണുകൊണ്ടിരിക്കുന്നതായി വിദഗ്ധർ പറയുന്നു. മണ്ണിന്റെ ജലാർദ്രതയെ നിലനിർത്തുന്നതിൽ മരങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിവർഷമായി ഭൂമിയിലേക്ക് പതിക്കുന്ന ജലകണങ്ങളെ ഏറ്റുവാങ്ങി പതിയെ മണ്ണിലേക്കിറക്കുന്നത് നമ്മുടെ വനാവരണമാണ്. അവ നശിച്ചുപോയാൽ ജലസമ്പത്തിനെ നിലനിർത്താൻ പോലും നമുക്ക് കഴിയാതെ വരും. വില കണക്കാക്കിയാൽ ലോകത്തെ ഏതു വിലപിടിച്ച വസ്തുവിനെക്കാളും വിലവരുന്ന ഒന്നാണ് കാടുംമരങ്ങള്‍ നമുക്ക് നൽകുന്ന ശുദ്ധവായു. അതിന്റെ മൂല്യം പലരും തിരിച്ചറിയുന്നില്ല. അതിന് പകരം വയ്ക്കാൻ മറ്റൊന്നില്ല താനും.

ജൈവവൈവിധ്യത്തിന്റെ അതിവിശാലമായ മറ്റൊരു സ്രോതസാണ് കണ്ടൽകാടുകൾ. വിവിധങ്ങളായ പാരിസ്ഥിതിക ധർമ്മങ്ങളാണ് കണ്ടൽ വനങ്ങൾ നിർവ്വഹിക്കുന്നത്. കടൽ തീരങ്ങളുടെ സംരക്ഷണം, ജീവികളുടെ പ്രജനനസ്ഥാനം, ചെറുജീവികളുടെ സുരക്ഷിതമായ ആവാസവ്യവസ്ഥ പ്രദാനം ചെയ്യൽ, ദേശാടന പക്ഷികളുടെ താൽക്കാലിക വാസസ്ഥാനം, ഓക്സിജൻ ഉല്പാദനം തുടങ്ങി. കണ്ടൽകാടുകളുടെ ധർമ്മങ്ങൾ ഏറെ. ഇവയെല്ലാം സംരക്ഷിക്കാനും കൂടുതൽ വിപുലീകരിക്കുന്നതിനുമുള്ള നിരവധി പ്രവർത്തനങ്ങൾ ആഗോളതലത്തിൽ തന്നെ ഇന്ന് നടന്നു വരുന്നുണ്ട്. ഐക്യരാഷ്ട്ര സഭ 2010–2020 വരെ ജൈവവൈവിധ്യ ദശകമായി ആചരിച്ചു വരികയാണ്. വനം-വന്യജീവി സമ്പത്തിന്റെ സംരക്ഷണം ഒരു അനിവാര്യതയായി സ്വീകരിക്കുന്നതിൽ കേരളീയ സമൂഹം ഏറെ മുമ്പോട്ട് പോയിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഈ മേഖലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് ലഭിക്കുന്ന ജനപിന്തുണ അത് കൂടുതൽ വെളിവാക്കുന്നുണ്ട്. വനവൽക്കരണ പ്രവർത്തനങ്ങൾ ജനകിയ പങ്കാളിത്തത്തോടെ നടപ്പിലാക്കാൻ നമുക്ക് കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി ദേശീയ തലത്തിൽ തന്നെ വനാവരണത്തിൽ വർദ്ധനവുണ്ടായ സംസ്ഥാനമായി നമ്മുടെ കേരളം മാറി. ഡെറാഡൂണിലെ ഫോറസ്റ്റ് സർവെ ഓഫ് ഇന്ത്യ രാജ്യത്തെ വനങ്ങളെക്കുറിച്ച് സർവ്വെ നടത്തി എല്ലാ രണ്ട് വർഷം കൂടുമ്പോഴും റിപ്പോർട്ട് പ്രസിദ്ധീകരിക്കാറുണ്ട്. 2017 ലെ ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ വനാവരണം 1043 ച. കി. മീറ്റർ കൂടിയതായി കണ്ടെത്തി. തുടർന്ന് 2019 ലെ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ കേരളത്തിൽ 2017 ലേക്കാൾ 823 ഹെക്ടർ വർദ്ധനവുണ്ടായതായി രേഖപ്പെടുത്തുന്നു. പരിമിതമായ ഭൂപ്രദേശം മാത്രമായിട്ട് കൂടി തുടർച്ചയായി നാലാംവർഷവും വനാവരണത്തിൽ വർദ്ധനയുണ്ടാക്കി ദേശീയതലത്തിൽ മൂന്നാം സ്ഥാനത്തെത്താൻ നമുക്ക് കഴിഞ്ഞു. വനങ്ങൾക്ക് അവയുടെ പാരിസ്ഥിതിക ധർമ്മങ്ങൾ നിർവ്വഹിക്കാൻ മുപ്പത് ശതമാനം മാത്രമേ കഴിയുന്നുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് ഒട്ടേറെ കാരണങ്ങളുണ്ട്. അത്തരം തടസങ്ങൾ നീക്കി വനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി വനം വകുപ്പ് പരിശ്രമിച്ചു വരികയാണ്. വനത്തിനകത്ത് ഒരു കാലത്ത് നാം തന്നെ വച്ചു പിടിപ്പിച്ച അക്കേഷ്യ, യൂക്കാലിപ്റ്റസ് പോലുള്ള ഏകവിള തോട്ടങ്ങൾ സ്വാഭാവിക വനങ്ങളുടെ വളർച്ചക്കും ജലസംഭരണത്തിനും വലിയ തടസങ്ങളായിരുന്നു. ഇനിമുതൽ ഇത്തരം തോട്ടങ്ങൾ വേണ്ടതില്ലെന്ന നയപരമായ തീരുമാനം വനം വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്.

കാലക്രമേണ ഈ പ്രദേശങ്ങളെ സ്വാഭാവിക വനങ്ങളാക്കി മാറ്റും. അതേപോലെ വനത്തിനകത്ത് നാം തന്നെ നിർമ്മിച്ച തേക്കിൻതോട്ടങ്ങളുണ്ട്. അവയുടെയെല്ലാം ഉൽപ്പാദനക്ഷമത കൂടി പരിശോധിച്ച് ക്രമേണ ഒഴിവാക്കി, സ്വാഭാവിക വനങ്ങളാക്കി മാറ്റുന്നതിനായി പദ്ധതി രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലും പലസ്ഥലങ്ങളിലായുള്ള കണ്ടൽകാടുകൾ അർഹമായ തുക നൽകി വനം വകുപ്പ് ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ആറ് വനം ഡിവിഷനുകളിലായി പതിമൂന്ന് സ്വകാര്യ എസ്റ്റേറ്റുകൾ വനത്തിനകത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഇവ സർക്കാർ ഏറ്റെടുത്ത് വനവിസ്തൃതി വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയാണ്. അതിലൂടെ വന്യജീവികളുടെ സ്വൈര വിഹാരം ഉറപ്പുവരുത്താനും മനുഷ്യവന്യജീവി സംഘർഷം കുറച്ചു കൊണ്ടുവരാനും കഴിയും. ഇത്തരം ഭൂമി ഏറ്റെടുക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു സ്പെഷ്യൽ തഹസിൽദാർ അടക്കമുള്ള പതിനൊന്നംഗ ഉദ്യോഗസ്ഥ സംവിധാനം ഇതിനു മാത്രമായി നിലവിൽ വരും. വനത്തിനകത്ത് ഒറ്റപ്പെട്ട തുറസായ സ്ഥലങ്ങളും ജനവാസകേന്ദ്രങ്ങളുമുണ്ട്. അത്തരം പ്രദേശങ്ങളിലെ താമസക്കാരെ വനത്തിന് പുറത്തേക്ക് കൊണ്ടു വരുന്നതിനും സർക്കാർ പദ്ധതി തയ്യാറാക്കുകയാണ്. ചുരുക്കത്തിൽ സമ്പന്നമായ വനാവരണം നിലനിർത്തുന്നതിനായി വിവിധ പദ്ധതികളാണ് സംസ്ഥാന വനം വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. കാട്ടുതീ കേരളത്തിലും ചിലപ്പോഴെങ്കിലും വലിയ പ്രശ്നമായി മാറുന്നുണ്ട്. പക്ഷേ അത്തരം സന്ദർഭങ്ങളിലെല്ലാം ഹെലിക്കോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനത്തോടെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ആദ്യമായി 2017 ൽ കാട്ടുതീ പ്രതിരോധത്തിനായി പറമ്പിക്കുളത്ത് ഹെലികോപ്റ്റർ ഉപയോഗിച്ചു. തുടർന്ന് 2019 ൽ അട്ടപ്പാടി റെയിഞ്ചിൽ മുക്കാലി — മല്ലീശ്വരമുടി മേഖലയിൽ കാട്ടുതീ ഉണ്ടായപ്പോഴും ഹെലികോപ്റ്റർ സഹായത്തോടെ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞു. ഇപ്പോൾ കാട്ടു തീ പടരുന്നത് മുൻകൂട്ടി മനസിലാക്കാൻ ഫയർവാണിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫോറസ്റ്റ് സർവെ ഓഫ് ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കിയ ഈ സംവിധാനത്തിൽ 2714 വനം ഉദ്യോഗസ്ഥർ ഉൾപ്പെടെ 3700 പേരെ രജിസ്റ്റർ ചെയ്തു. കാട്ടുതീ അണക്കുന്നതിന് ഫയർ റെസ്പോണ്ടർ വാഹനങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളുടെ പരിപാലനത്തിൽ അഭിമാനകരമായ നേട്ടമാണ് നമ്മുടെ സംസ്ഥാനം കൈവരിച്ചത്. വന്യജീവികളുടെ സംരക്ഷിത മേഖലകളായി അഞ്ച് ദേശീയോദ്യാനങ്ങളും പതിനേഴ് വന്യജീവി സങ്കേതങ്ങളും, ഒരു കമ്മ്യൂണിറ്റി റിസർവും നമ്മുടെ സംസ്ഥാനത്തുണ്ട്. അവയിൽ തന്നെ പെരിയാർ കടുവാ സങ്കേതം അന്തർദേശീയ നിലവാരത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന കടുവാ സങ്കേതത്തിനുള്ള ദേശീയ പുരസ്കാരം 2018 ൽ പെരിയാർ കടുവാ സങ്കേതത്തിനു ലഭിച്ചു.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യാധിഷ്ഠിത ഇക്കോ ടൂറിസം പദ്ധതിക്കായി ഏർപ്പെടുത്തിയ സ്കാൽ അന്തർദേശീയ പുരസ്കാരവും പെരിയാർ കടുവാ സങ്കേതത്തിനായിരുന്നു. വന്യജീവി സംരക്ഷണത്തിൽ നാം നടത്തുന്ന ജാഗ്രത്തായ ഇടപെടലുകൾക്കുള്ള അംഗീകാരം കൂടിയാണ് ഇവയെല്ലാം. വൃക്ഷലതാദികളുടെ വളർച്ചയ്ക്കും വന്യജീവികൾക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുമായി വനത്തിനകത്ത് 350 ചെക്ക്ഡാമുകൾ ഈ സർക്കാരിന്റെ കാലത്ത് നിർമ്മിച്ചു. വന്യമൃഗങ്ങൾ കുടിവെള്ളം തേടി നാട്ടിലേക്കിറങ്ങി പ്രശ്നങ്ങളുണ്ടാക്കാതിരിക്കാനുള്ള ബദൽ കൂടിയാണ് ഇത്തരം ചെക്ക്ഡാമുകൾ. ജൈവവൈവിധ്യത്തിന്റെ ശൃംഖലയിൽ അവഗണിക്കാനാവാത്ത സ്ഥാനമുണ്ട് ചിത്രശലഭങ്ങൾക്ക്. ബുദ്ധമയൂരി എന്ന പശ്ചിമഘട്ടത്തിന്റെ തനത് ശലഭത്തെ സംസ്ഥാന ചിത്രശലഭമായി നാം പ്രഖ്യാപിച്ചു. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഈ ചിത്രശലഭത്തിന്റെ സംരക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇതോടെ ഔദ്യോഗിക ചിത്രശലഭത്തെ പ്രഖ്യാപിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് കേരളം. നമ്മുടെ ആവാസ വ്യവസ്ഥയുടെ ശക്തിയും സൗന്ദര്യവും നിലനിർത്തുന്നതിനായി ഒരു സർക്കാർ കഴിയാവുന്നതെല്ലാം ചെയ്യുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് മേൽപ്പറഞ്ഞ പ്രവർത്തനങ്ങളെല്ലാം. വനസമ്പത്തിനെയും വനാശ്രിത വിഭവങ്ങളെയും പരിപാലിച്ചു കൊണ്ടേ മനുഷ്യസമൂഹത്തിന് നിലനിൽപ്പുള്ളൂ എന്ന വസ്തുത അനുദിനം നമുക്ക് ബോധ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവുമെല്ലാം യാഥാർത്ഥ്യങ്ങളായി മാറിക്കഴിഞ്ഞു. അതിന്റെ ദുരിതങ്ങളാണ് നാമിന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ജനകീയ ബോധവൽക്കരണത്തിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ നമുക്ക് കഴിയൂ. അത്തരം പ്രവർത്തനങ്ങൾക്ക് പ്രചോദനമാകാൻ വനദിന ചിന്തകൾ നമുക്ക് വഴികാട്ടിയാവും.

ENGLISH SUMMARY: Foresters are the keep­ers of biodiversity