Friday
20 Sep 2019

‘ദൈവത്തെയോര്‍ത്ത് ബുള്ളറ്റ് ട്രെയിന്‍ മറക്കണം’: മോഡിയോട് ബിജെപി നേതാവിന്റെ അഭ്യര്‍ത്ഥന

By: Web Desk | Thursday 27 December 2018 10:48 PM IST


ന്യൂഡല്‍ഹി: ട്രെയിനിലെ ദുരിതയാത്രയില്‍ സഹികെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും റയില്‍വേ മന്ത്രി പിയൂഷ് ഗോയലിനോടും രൂക്ഷമായി പ്രതികരിച്ച് ബിജെപി നേതാവിന്റെ വീഡിയോ.

പഞ്ചാബ് മുന്‍ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി ലക്ഷ്മി കാന്ത ചാവ്‌ലയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ദൈവത്തെയോര്‍ത്ത് ബുള്ളറ്റ് ട്രെയിന്‍ മറക്കണമെന്നും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളെങ്കിലും ശ്രദ്ധിക്കണമെന്നും ബിജെപി നേതാവ് പറഞ്ഞു.
ഡിസംബര്‍ 22ന് സരയൂ-യമുന ട്രെയിനിലെ മൂന്നാംക്ലാസ് എസിയില്‍ യാത്ര ചെയ്യുകയായിരുന്നു ലക്ഷ്മി. ട്രെയിന്‍ പത്ത് മണിക്കൂറോളം വൈകിയതോടെ ബിജെപി നേതാവിന്റെ ക്ഷമ കെട്ടു. റയില്‍വേ പരസ്യങ്ങളിലുള്ള എമര്‍ജന്‍സി നമ്പറുകളില്‍ എല്ലാം വിളിക്കുകയും റയില്‍വേ മന്ത്രിക്ക് മെയില്‍ അയക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ലെന്ന് ലക്ഷ്മി ചൂണ്ടിക്കാട്ടി.
മോഡിയോടും സര്‍ക്കാരിനോടും ഒരു അപേക്ഷ മാത്രമേ എനിക്കുള്ളൂ. ഞങ്ങള്‍ സാധാരണക്കാരോട് ദയയുണ്ടാകണം. ട്രെയിനുകള്‍ ആകെ താറുമാറായിക്കിടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഞങ്ങള്‍ ഒരു പാട് ക്ലേശം സഹിച്ചു. ട്രെയിന്‍ ദിശമാറ്റി, വൈകിയോടുന്നു, പക്ഷെ ആരും ഒരു വിവരവും നല്‍കിയില്ല. പത്ത് മണിക്കൂര്‍ വൈകിയോടുന്ന ട്രെയിനിലെ യാത്രക്കാര്‍ക്ക് വേണ്ട ഭക്ഷണ സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

ശതാബ്ദി, രാജധാനി ട്രെയിനുകള്‍ സമ്പന്നര്‍ക്ക് വേണ്ടിയുള്ളതാണ്. പാവപ്പെട്ടവരും തൊഴിലാളികളും പട്ടാളക്കാരും യാത്ര ചെയ്യുന്ന ഈ ട്രെയിനിന്റെ കാര്യമോ? ജനങ്ങള്‍ അസ്വസ്ഥരാണ്. ആര്‍ക്കാണ് ‘അച്ഛാദിന്‍’ ഉണ്ടായതെന്ന് എനിക്കറിയില്ല. സാധാരണക്കാര്‍ക്കല്ല എന്നുറപ്പാണെന്നും ലക്ഷ്മി കാന്ത ചാവ്‌ല പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തു.