ജനങ്ങള്‍ നല്‍കിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി

Web Desk
Posted on June 17, 2019, 12:36 pm

ന്യൂഡല്‍ഹി: ജനങ്ങള്‍ നല്‍കിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. 17ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് മുമ്ബ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണ്ണമായും നിറവേറ്റുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആളെണ്ണം കുറയുന്നത് കണക്കാക്കേണ്ടെന്നും  സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് പ്രതിപക്ഷത്തിന്റെ സ്വരം പ്രധാനമാണെന്നും നരേന്ദ്രമോഡി പറഞ്ഞു,

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വനിതകള്‍ പാര്‍ലമെന്റ് അംഗങ്ങളാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ദശകങ്ങള്‍ക്ക് ശേഷമാണ് ഒരു സര്‍ക്കാര്‍ കൃത്യമായ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങള്‍ ഒരിക്കല്‍കൂടി ഞങ്ങള്‍ക്ക് നല്‍കി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കണമെന്ന് എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കുന്നുവെന്നും മോഡി പറഞ്ഞു.