19 April 2024, Friday

ഒറ്റപ്പെടൽ മറന്ന് കുരുന്നുകൾക്കായി അവർ കഥ പറഞ്ഞു

Janayugom Webdesk
കൊച്ചി
May 12, 2022 3:46 pm

കഥ പറയാൻ അവസരംകിട്ടിയ അമ്മമാർക്ക് ഏറെ സന്തോഷം. കേൾവിക്കാരായ കുരുന്നുകളിൽ പലരും ആദ്യമായി കേൾക്കുന്നകഥക്ക് ചെവിയോർത്തു. വൃദ്ധസദനത്തിന്റെ വിരസതയില്‍ നിന്ന് പുറത്തു കടന്ന അമ്മമാരും അമ്മൂമ്മമാരും സന്തോഷനേരം അറിഞ്ഞാഘോഷിച്ചു. മെട്രോ റെയിലില്‍ യാത്ര ചെയ്തും നഗരക്കാഴ്ചകള്‍ കണ്ട് രസിച്ചും ഒരു ദിവിസം മുഴുവന്‍ അവിസ്മരണീയമാക്കി. നിപ്പോണ്‍ ഗ്രൂപ്പിന്റെ യമ്മി വാലി സംഘടിപ്പിച്ച ‘ഒരിടത്ത് ഒരിടത്തൊരു’ എന്ന പരിപാടിയുടെ ഭാഗമായെത്തിയ അമ്മമാര്‍ക്കും മുത്തശ്ശിമാര്‍ക്കും ഊഷ്മളമായ സ്വീകരണമായിരുന്നു മെട്രോ റയില്‍ നല്‍കിയത്.

മെട്രോയില്‍ കയറി സെന്റര്‍ സ്‌ക്വയര്‍ മാളിലെത്തിയ മുത്തശ്ശിമാര്‍ അവിടെ കളിചിരിയുമായി എത്തിയ കുഞ്ഞുങ്ങള്‍ക്കൊപ്പം കൂടി. സാരോപദേശ കഥകള്‍ പറഞ്ഞു കൊടുത്തു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍. കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു കുട്ടികള്‍. അനുഭങ്ങളുടെ നേര്‍ സാക്ഷ്യങ്ങളായിരുന്നു പലതും. കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയും അഭിനയിച്ചും നിലയ്ക്കാത്ത സ്‌നേഹപ്രകടനങ്ങളായിരുന്നു അവിടെ. സമയംപോയതുപോലുമറിയാതെ അവര്‍ ജീവിത സായാഹ്നത്തിലെ അവിസ്മരണീയ ദിനം വര്‍ണാഭമാക്കി.

എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാത്ത അമ്മൂമ്മമാര്‍വരെ കൂട്ടുകൂടാന്‍ വന്നു. വീല്‍ചെയറിലാണെന്ന തോന്നലൊന്നും അവരെ അലട്ടിയില്ല. വര്‍ഷങ്ങളായി മനസ്സില്‍കൊണ്ടുനടക്കുന്ന സ്‌നേഹം കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ നിറഞ്ഞൊഴുകി. അതിഥിയായെത്തിയ സിനിമാ നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ് കുട്ടികള്‍ക്കും അമ്മൂമാര്‍ക്കും ഊര്‍ജം പകര്‍ന്നു. ഇനിയും വരണമെന്ന കുട്ടികളുടെ അഭ്യര്‍ഥനക്ക് വരാമെന്ന മറുപടിയുമായി അവര്‍ മടങ്ങി.

Eng­lish Summary:Forget the iso­la­tion and they told the sto­ry for the kids
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.