Janayugom Online
fish

മനുഷ്യപ്പുഴുക്കൾ

Web Desk
Posted on July 02, 2018, 12:11 pm

ജോസ് ഡേവിഡ്

തിന്നതെല്ലാം തെകട്ടിവരുന്ന നടുക്കത്തോടെയാണ് ഫോർമാലിൻ മീൻ ചെക്ക് പോസ്റ്റുകളിൽ പിടിച്ച വാർത്ത മലയാളി കേട്ടത്. അതിന്‍റെ ഞെട്ടൽ മാറും മുമ്പ് ആര്യങ്കാവ് ചെക്‌പോസ്റ്റിൽ മായം കലർന്ന പാലും പിടികൂടി. അന്യ സംസ്ഥാനങ്ങളിൽ നിന്ന്, നമ്മുടെ തന്നെ വലിയ കൃഷിപ്പാടങ്ങളിൽ നിന്ന് പയറും, പച്ചമുളകും, കറിവേപ്പിലയുമൊക്കെ വിറച്ചു വിറച്ചാണ് നമ്മൾ വാങ്ങുന്നത്. രോഷത്തോടെ ജനങ്ങൾ ചോദിക്കുന്നത്, ജനയുഗത്തിൽ പ്രതികരണമായി വന്നത്, ഇനി നമുക്ക് എന്ത് കഴിക്കാം എന്നാണ്. ആരോഗ്യ വകുപ്പ് ഇത്ര കാലം ഉറങ്ങുകയായിരുന്നോ എന്നും.

അതെ, ആരോഗ്യ വകുപ്പു മാത്രമല്ല, മലയാളിയുടെ ആരോഗ്യ ബോധവും ഇത്ര കാലം സുദീർഘ നിദ്രയിലായിരുന്നു. ആ മീൻ നമ്മൾ കഴിച്ചോ, അപ്പോൾ നമ്മുടെ ഉള്ളിലും ഫോർമാലിൻ എത്തിയോ, ചിലർ പൊടുന്നനെ ധനികരാവാൻ വേണ്ടി കലർത്തിവിടുന്ന രാസ വസ്തുക്കൾ നമ്മുടെ ശരീരത്തിൽ കടന്നു കഴിഞ്ഞോ..? ചുമ്മാതല്ല, നമ്മുടെ വീട്ടിൽ, അയലത്ത്, നാട്ടിൽ പലേടത്തും അർബുദവും വൃക്ക തകരാറും മറ്റനേകം രോഗങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം മാരകമായി താണ്ഡവമാടുന്നത്. ഒക്കെ ഓർക്കുമ്പോൾ സിരകളിൽ ഒരു തരം തരിപ്പ്. ഫോർമാലിനിൽ മുക്കി മോർച്ചറിയിൽ കിടത്തിയിരിക്കുന്ന ഒരു പ്രതീതി. എങ്കിലും ചന്തയുടെ മുമ്പിലൂടെ പോകുമ്പോൾ അറിയാതെ കാൽ അങ്ങോട്ടു തന്നെ ചലിക്കും. ആ ഫോർമാലിൻ തന്നെ വാങ്ങും, എന്തെങ്കിലും കഴിക്കണ്ടെ?

കറിയിലിട്ട് വേവിച്ചാലും മീൻ എഴുന്നേറ്റു നിന്ന് നമ്മോട് വർത്തമാനം പറയും, അതിനെ അങ്ങനത്തെ ലായനികളിൽ മുക്കിയാണ് വിട്ടിരിക്കുന്നത്. ചെമ്മീൻ പാടത്തെ വലിയ കൊഞ്ചുകളെ ഓരോന്നായി പിടിച്ചു രാസ മാലിന്യം കുത്തിവച്ചു വിടുന്നു. മറ്റു മീനുകളെ കൂട്ടമായി രാസ പദാർത്ഥങ്ങളിൽ പൊതിയുന്നു. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, സംഘടിതമായി, ആസൂത്രിതമായി ചെയ്യുന്നതാണ്. ഇവയെ കേടില്ലാതെ സൂക്ഷിക്കാൻ ഉണ്ടാക്കുന്ന ഐസിലും രാസപദാർത്ഥങ്ങൾ ചേർക്കുന്നു.

കടലിലും കായലിലും അടിയുന്ന പ്ലാസ്റ്റിക്കിന്‍റെ ചെറുതരികൾ തിന്ന് ഏതാണ്ട് ഭക്ഷ്യയോഗ്യമല്ലാതായി മാറിയ മീനുകളെ ഈ രാസപദാർഥങ്ങളിൽ കുളിപ്പിച്ചുകൂടി കൊണ്ടുവരുമ്പോൾ നമുക്കിനി മീൻ തിന്നണ്ട എന്ന് തീരുമാനിക്കാനാവുമോ? പച്ചക്കറികൾ കൂടിയ വിളവ് കിട്ടാൻ വേണ്ടി രാസ വസ്തുക്കൾ പ്രയോഗിക്കുകയാണ്, ദീർഘകാലം ഇരിക്കാൻ വേണ്ടി മരുന്ന് തളിച്ച് വിടുകയാണ്. തൊടിയിലെ കറിവേപ്പില പറിച്ചു വച്ചാൽ വൈകുന്നേരമാകുമ്പോഴേക്കും വാടും. പക്ഷെ, പാണ്ടിയിൽ നിന്നും വരുന്ന കറിവേപ്പിലയും പച്ചമുളകും എത്ര ദിവസം കഴിഞ്ഞാലും നമ്മെ നോക്കി ചിരിക്കും, ഇതെന്തു മറിമായം?  കേരളീയർക്ക് വേണ്ടി അവിടെ പ്രത്യേകം കൃഷി നടക്കുന്നുണ്ട്, ആ കൃഷിയിൽ ഇഷ്ടംപോലെ രാസ വസ്തുക്കൾ. അവർക്കു തിന്നാൻ അതൊന്നുമില്ലാത്ത വേറെ കൃഷി. നമ്മുടെ കൈതച്ചക്ക കൃഷിയിടങ്ങളിലും പച്ചക്കറി കൃഷിയിലും ഒരു പ്രത്യേക ഇടമുണ്ടാകും, വീട്ടുകാർക്ക് വേണ്ടി അവിടെ രാസവളമില്ലാത്ത വേറെ കൃഷി. ആ വീട്ടുകാരും അതൊഴികെ ബാക്കിയെല്ലാം ഫോർമാലിൻ തീറ്റവസ്തുവാണ് കടയിൽ നിന്നും വാങ്ങുന്നതെന്ന് ഓർക്കാറില്ല. കൊടുത്താൽ കൊല്ലത്തും കിട്ടണ്ടേ.

കേര നാട്ടിലേക്കു തേങ്ങ വരുന്നുണ്ട്, അതിലുമുണ്ടത്രെ മായം. വെളിച്ചെണ്ണ വരുന്നു, മായം. വെളിച്ചെണ്ണ പിടിക്കുകയും കുറെ ബ്രാൻഡുകൾ നിരോധിക്കുകയും ചെയ്തപ്പോൾ കാസർകോട്ട് പിടിച്ചത് കർണാടകത്തിൽ നിന്നും എത്തിയ അതെ വെളിച്ചെണ്ണ, പുതിയ ബ്രാൻഡ് നെയിമിൽ.

പശു മലയാളിക്ക് ഇപ്പോഴും അലർജിയാണ്. അതിന്‍റെ ചാണകത്തിനും മൂത്രത്തിനും അസഹനീയമായ നാറ്റവുമാണ്. നമ്മുടെ വീട്ടിലല്ല, നാല് വീട് അപ്പുറത്തുനിന്നു പോലും ചാണകത്തിന്റെ ഗന്ധം വരുന്നത് ഇപ്പോൾ അറപ്പായി. പശുവിനെ വളർത്തുന്നവനെ കണ്ടാൽ കുളിക്കണമെന്നായി. നമ്മുടെ വീടും കറ്റക്കളവുമൊക്കെ ചാണകം മെഴുകിയിരുന്ന കാലമുണ്ടായിരുന്നു, വണ്ടിക്കാള വഴിയിലിട്ടുപോകുന്ന ചാണകം കൊട്ടയിൽ വീട്ടിലേക്ക് വാരിക്കൊണ്ടു പോയി, പൊടിച്ചു വയലിൽ നെല്ലിടാൻ ഉപയോഗിച്ചിരുന്ന കാലവും. ചാണകത്തിൽ നിന്നെങ്ങനെ റോസാപ്പൂവുണ്ടാകുന്നുവെന്നും നമുക്കറിഞ്ഞുകൂടാ. ഇപ്പോൾ റോസിനെക്കാളും നല്ല മണവും വെളുപ്പുമുള്ള പാലും പാൽപ്പൊടിയും കടയിൽ മനോഹരമായ പ്ലാസ്റ്റിക് കവറിൽ  കിട്ടാനുണ്ട്.  അതിൽ വെള്ളം ചേർക്കുകയും അതിന്റെ കുറവ് തീർക്കാൻ മെലാമിൻ ചേർക്കുകയും ചെയ്‌താൽ നാമെങ്ങനെ തിരിച്ചറിയും? അറിയില്ല, അതറിയാതെ ലക്ഷക്കണക്കിന് മനുഷ്യർ ഈ ഭൂമിയിൽ രോഗികളായി.

പാടങ്ങൾ തരിശായി, പാടത്തെ ചെളിയിലിറങ്ങിയാൽ നമുക്ക് വാതം കോച്ചും. അരിയിൽ ആർസെനിക്കിന്റെ അംശം അർബുദവും ഹൃദ്രോഗവും ത്വക്ക് രോഗവും ഉണ്ടാക്കുന്നു. നമുക്ക് കിട്ടുന്ന അരി എത്ര വര്ഷം പഴകിയതാണ്, അതിൽ എത്ര മരുന്ന് തളിച്ചിട്ടുണ്ട്, പ്ലാസ്റ്റിക് അംശമുണ്ട്, എലിയുടെയും മറ്റുമുള്ള വിസർജ്യങ്ങളുണ്ട്..? ആലോചിച്ചാൽ തല പിളർന്നു പോകും. ഇനിയീ പാടത്തൊന്നും വസന്തം വിരിയിക്കാൻ നമുക്കാവില്ലെങ്കിലും അരി രണ്ടുമൂന്നു വട്ടം കഴുകി, വെള്ളം കൂടുതൽ വച്ച് തിളപ്പിച്ച ശേഷം പകുതി ഊറ്റിക്കളഞ്ഞു വേവിച്ചു കഴിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.

വെണ്ണയിലും നെയ്യിലും വനസ്പതിയും ഹൈഡ്രൊജനെറ്റ് ചെയ്ത സസ്യ എണ്ണയും ചേർക്കുന്നു, മാവിൽ ചോക്കുപൊടി, കാപ്പിയിൽ ചിക്കറി, കുരുമുളകിൽ പപ്പയുടെ കുരു, മുളക് പൊടിയിൽ ചെങ്കല്ലുപൊടി, മല്ലിപ്പൊടിയിലും മഞ്ഞൾപൊടിയിലും അറക്കപ്പൊടി.. ഇങ്ങനെ പോകുന്നു പെട്ടെന്ന് ധനികരാവുന്ന നമ്മുടെ ഭക്ഷ്യവസ്തു ഉത്പാദകരുടെ മായാവിലാസങ്ങൾ. പെട്ടെന്നുള്ള മാനസിക പ്രകോപനങ്ങളാൽ ഒരാളെ കൊന്നാൽ നമ്മുടെ നീതിശാസ്ത്രത്തിൽ കഠിനമായ ശിക്ഷകളുണ്ട്, വധശിക്ഷ വരെ. ജനതതികളെ, അവരുടെ തലമുറകളെ ഇഞ്ചിഞ്ചായി കൊല്ലുന്ന മായം ഭക്ഷണത്തിൽ കലർത്തുന്നവർ ശിക്ഷിക്കപ്പെടുകയോ, സമൂഹത്തിൽ അവരെ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. അവരുണ്ടാക്കുന്ന പണം അവരെ മാന്യന്മാരാക്കുന്നു.

ബ്രോയിലർ കോഴി പെട്ടെന്ന് വളരാൻ വേണ്ടി ഹാച്ചറികളിൽ മരുന്ന് കുത്തിവയ്ക്കുന്നു, ആ ഇറച്ചി നാം ഭക്ഷിക്കുന്നു. കോഴിമുട്ടയിൽ സാൽമൊണെല്ല എന്ന വസ്തു വ്യാപകമാകുന്നു. ദോഷകരമായ ഇ കോളി വൈറസ് ഉള്ള ഇറച്ചികൾ നമ്മുടെ തീൻമേശയിലെത്തുന്നു.  ഇറച്ചിക്ക് തൂക്കം കൂട്ടാൻ അതിൽ വെള്ളം ചേർക്കുന്നു. ഇതൊക്കെ തീന്മേശയിലെത്തിക്കുന്ന ഹോട്ടലിന്‍റെ അടുക്കള നമ്മൾ കാണുന്നുണ്ടോ? നമുക്ക് കാണാവുന്ന വിധം ഹോട്ടലിന്‍റെ മുമ്പിലായിരിക്കണം അടുക്കള എന്ന് എത്ര പേർക്കറിയാം.

പുഴുക്കളെ നമ്മുടെ ഭക്ഷണത്തിലൂടെ അരിച്ചിറക്കുന്ന മനുഷ്യപ്പുഴുക്കളെ ആദ്യം നാം തിരിച്ചറിയുമ്പോഴേ നമ്മൾ മനുഷ്യൻ എന്ന മനോഹര പദത്തിന് അർഹരാവൂ. ഇത്തിരി വൈകി, ഒരിക്കലും ചെയ്യാത്തതിലും ഉത്തമമാണത്.