കേരള ബാങ്ക് രൂപീകരണം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Web Desk
Posted on December 05, 2019, 10:42 pm

തിരുവനന്തപുരം: കേരളജനത ഇരുകൈയും നീട്ടി സ്വീകരിച്ച കേരളബാങ്ക് രൂപീകരണത്തിന്റെ സംസ്ഥാനതല ആഘോഷം ഇന്ന് മൂന്ന് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കും. നിശാഗന്ധി ആഡിറ്റോറിയത്തിൽ ചേരുന്ന സഹകാരി ബഹുജന കൂട്ടായ്മയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ബാങ്ക് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും.

13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ ലയന നടപടി പൂർത്തിയാക്കുകയും തുടർ പ്രവർത്തനങ്ങൾക്കായി ബാങ്കിന് ഇടക്കാല ഭരണ സമിതി നിലവിൽ വരികയും ചെയ്തിട്ടുണ്ട്. ഏകീകൃത കോർബാങ്കിംഗ് സൗകര്യമുൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടി കേരളബാങ്ക് വളരെ വേഗം പ്രവർത്തന സജ്ജമാകും. ചടങ്ങിൽ സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറയും.

മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ സി മൊയ്തീൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി കെ പ്രശാന്ത് എംഎൽഎ, ശശി തരൂർ എംപി, മേയർ കെ ശ്രീകുമാർ, വി ജോയ് എംഎൽഎ, ചീഫ് സെക്രട്ടറി ടോം ജോസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു തുടങ്ങിയവർ പങ്കെടുക്കും.