6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 21, 2024
May 24, 2024
May 5, 2024
February 20, 2024
January 6, 2023
December 31, 2022
December 20, 2022
June 12, 2022
June 3, 2022
May 21, 2022

ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ ടി കെ കൊച്ചുനാരായണൻ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 21, 2024 8:41 pm

ഭാഷ ഇൻസ്റ്റിറ്റുട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടറും കേരള വിജ്ഞാനകോശത്തിന്റെ എഡിറ്ററും പ്രമുഖ ശാസ്ത്രസാഹിത്യകാരനും ആയിരുന്ന ടി. കെ. കൊച്ചുനാരായണൻ അന്തരിച്ചു. 79 വയസ് ആയിരുന്നു. സ്വവസതിയായ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ലെയിൻ വൈശാഖത്തിൽ (ഹൗസ്‌ നമ്പർ 15) ഇന്ന് വൈകിട്ട് 4 മണിക്കായിരുന്നു അന്ത്യം. കുറച്ചുനാളായി കിടപ്പിലായിരുന്നു. പാലക്കാട് ജില്ലയിലെ ആലങ്ങാട് (കടമ്പഴിപ്പുറം) സ്വദേശിയാണ്.

നിരവധി ഗണിതശാസ്ത്രപുസ്തകങ്ങളടക്കം അൻപതോളം വൈജ്ഞാനികപുസ്തകങ്ങളുടെ രചയിതാവാണ്. ‘ചീറാപ്പു കഥകൾ’ എന്ന ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധാരാളം വൈജ്ഞാനികപരമ്പരകളും പരിപാടികളും ഡോക്യുമെന്ററികളും ദൂരദർശനിലൂടെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദീർഘകാലം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കരിയർ ഗൈഡൻസ് പരമ്പര ‘വഴികാട്ടി’, പാഠ്യപദ്ധതിപരിഷ്ക്കാരം പരിചയപ്പെടുത്തിയ പരിശീലനപരമ്പരകളായ ‘കറുക’, ‘പഠനം പാൽപ്പായസം’, പില്ക്കാലത്ത് ഏറെ ചർച്ചയായ കൃഷിപദ്ധതി പരിചയപ്പെടുത്തിയ ‘കഞ്ഞിക്കുഴിയുടെ വിജയഗാഥ’, കേരളത്തിലെ പുഴകളെപ്പറ്റിയുള്ള ‘ഒഴുക്കിന്റെ അശാന്തത’, ലോകത്തെ പ്രശസ്തഗണിതജ്ഞനായ ജോർജ്ജ് ഗീവർഗ്ഗീസ് ജോസഫിലൂടെ മദ്ധ്യകാലകേരളത്തിലെ ഗണിതപാരമ്പര്യം മലയാളികൾക്കു പരിചയപ്പെടുത്തിയ ‘വിൻഡോസ് റ്റു ദ് ഈസ്റ്റ്’ തുടങ്ങി ഒട്ടേറെ റ്റിവി പരിപാടികളും ഡോക്യുമെന്ററികളും അദ്ദേഹത്തിന്റേതായുണ്ട്. ദൂരദർശനുവേണ്ടി വികെഎനെ ഇന്റർവ്യൂ ചെയ്തതും സാഹിതരംഗത്തെ അക്കാലത്തെ സുപ്രധാനസംഭവമായി. ദൂരദർശനും സിഡിറ്റും തുടങ്ങിയ കാലഘട്ടങ്ങളിൽ ദൃശ്യമാധ്യമരംഗത്ത് കൊച്ചുനാരായണൻ നടത്തിയ ഇടപെടലുകൾ അവയ്ക്കു ദിശാബോധം പകർന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന നിർവ്വാഹകസമിതി അംഗവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ആയിരുന്നു. സി-ഡിറ്റിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിവിഷൻ ഹെഡ്ഡായും ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ മീഡിയ സംഘാടകനായും പ്രവർത്തിച്ചു. പി ടി ഭാസ്കരപ്പണിക്കാരോടൊപ്പം വിശ്വവിജ്ഞാനകോശത്തിലും പ്രവർത്തിച്ചു. മാനവീയം ഡോക്യൂമെറ്റേഷൻ നിർവ്വഹിച്ചു. 

ഭാര്യ എം. ബീന, മകൻ ടി. കെ. രാജീവ് (എൻജിനീയർ, അമേരിക്ക), ടി. കെ. പാർവതി (എൻജിനീയർ, അമേരിക്ക), മരുമകൻ കിരൺ സി പി, മരുമകൾ ഡോ. അനന്യ. സംസ്കാരത്തീയതിയും സമയവും പിന്നീട് അറിയിക്കും.

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.