സിഡ്നി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി നിഷേധിയാണെന്ന് ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി മാൽകോം ടേൺബുൾ. ബിബിസിയുടെ ന്യൂസ് നൈറ്റിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മാൽകോം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ ദിവസം ദാവോസിൽ ലോകസാമ്പത്തിക ഉച്ചകോടിയിൽ സംസാരിച്ച ട്രംപ് പരിസ്ഥിതി പ്രവർത്തകരെ നാശത്തിന്റെ പ്രവാചകരെന്നാണ് വിശേഷിപ്പിച്ചത്. ഇതിനെക്കുറിച്ചാണ് ചർച്ച നടന്നത്. ഹരിത ഗേഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനുള്ള കൂടുതൽ ശ്രമങ്ങൾക്ക് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നതോടെയാണ് 2018 ഓഗസ്റ്റിൽ മാൽകോമിന് പ്രധാനമന്ത്രിപദം നഷ്ടമായത്.
നാശത്തിന്റെ പ്രവാചകരുടെ വാക്കുകൾ കേൾക്കുന്നത് അവസാനിപ്പിക്കാനും ട്രംപ് ആഹ്വാനം ചെയ്തു. ഗ്രെറ്റ തൻബര്‍ഗിന്റെ കാലാവസ്ഥ പ്രതിസന്ധി മുന്നറിയിപ്പുകളെ ആക്രമിക്കാനും ട്രംപ് ലോകസാമ്പത്തിക ഉച്ചകോടിയുടെ വേദി ഉപയോഗിച്ചു.
ട്രംപ് സ്വയം നാശത്തിന്റെ പ്രവാചകനായി മാറുകയാണെന്ന് മാൽകോം പറഞ്ഞു. ട്രംപ് വെറുപ്പിന്റെ രാഷ്ട്രീയം ഉപയോഗിക്കുകയാണ്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രത്തിന്റെ തലവനാണ് ട്രംപ്. എന്നാൽ കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള ആഗോളശ്രമങ്ങളെയെല്ലാം ആവർത്തിച്ച് തുരങ്കം വയ്ക്കുകയാണ് അമേരിക്കയെന്നും
അദ്ദേഹം പറഞ്ഞു.
2015ൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായ ടേൺബുൾ അമേരിക്കയിൽ ട്രംപ് അധികാരത്തിലേറി ഒന്നരവർഷത്തോളം മാത്രമേ ആ പദവിയിൽ തുടർന്നുള്ളൂ. ഈ കാലമത്രയും ഇരുവരും തമ്മിൽ നിരന്തരം പോരിലായിരുന്നു.
ട്രംപ് അമേരിക്കയെ പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പുറത്ത് കൊണ്ടുവന്നു. ഇതേ നടപടി ഓസ്ട്രേലിയയും കൈക്കൊള്ളണമെന്ന് ലിബറൽ നാഷണൽ സഖ്യത്തിലെ ചിലർ ആവശ്യമുയർത്തിയെങ്കിലും ഉടമ്പടിയിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ നിലപാടിൽ മാൽകോം ഉറച്ച് നിന്നു.
ഓസ്ട്രേലിയയിലെ കാട്ടുതീയുടെ സാഹചര്യത്തിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കണമെന്ന വ്യാപക ആവശ്യം ഉയർന്നിട്ടുണ്ട്. അമേരിക്കയും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങളിൽ ആഗോളതാപനം ഒരു പ്രത്യയശാസ്ത്ര വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും മാൽകോം ചൂണ്ടിക്കാട്ടി.
Former Australian PM Malcolm Turnbull says Trump is the world’s ‘leading climate denier’
Turnbull says US president is ‘actively working against global action to reduce emissions’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.