അടിതെറ്റി 13 മുന്‍ മുഖ്യമന്ത്രിമാര്‍: ഒമ്പതുപേര്‍ കോണ്‍ഗ്രസില്‍ നിന്ന്

Web Desk
Posted on May 24, 2019, 10:46 pm

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ അടിതെറ്റിയത് 12 മുന്‍ മുഖ്യമന്ത്രിമാര്‍ക്ക്. ഇവരില്‍ ഒമ്പതുപേരും കോണ്‍ഗ്രസില്‍ നിന്നുള്ളവരുമാണ്.
ഷീല ദീക്ഷിത്, ദേവ ഗൗഡ, ദിഗ്‌വിജയ് സിങ്, അശോക് ചവാന്‍, സുശീല്‍ കുമാര്‍ ഷിന്‍ഡേ, ഹരീഷ് റാവത്ത്, മുകുള്‍ സാംഗ്മാ, ഭൂപീന്ദര്‍ സിങ് ഹൂഡ, വീരപ്പ മൊയ്‌ലി, മെഹ്ബൂബ മുഫ്തി, ബാബുലാല്‍ മറാണ്ടി, ഷിബു സോറെന്‍, നബാം തുകി എന്നിവരാണ് ഇത്തവണ തോല്‍വി രുചിച്ചത്.

മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ഷീല ദിക്ഷിത് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ മനോജ് തിവാരിക്കെതിരെ മത്സരിച്ച് 3.63 ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡ ബിജെപി സ്ഥാനാര്‍ഥി ജി എസ് ബാസവരാജിനോട് തുംക്കൂര്‍ മണ്ഡലത്തില്‍ 13000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അതേസമയം, മധ്യപ്രദേശ് മുന്‍ മുഖ്യമന്തി ദിഗ്‌വിജയ് സിങ് ബിജെപിയുടെ വിവാദ സ്ഥാനാര്‍ഥി പ്രഗ്യ താക്കൂറിനെതിരെയാണ് തോറ്റത്. ഭോപ്പാലില്‍ 3.6 ലക്ഷം വോട്ടുകള്‍ക്കാണ് ദിഗ് വിജയ് സിങിന് സീറ്റ് നഷ്ടമായത്.
കോണ്‍ഗ്രസ് നേതാവും 1992–94 കാലഘട്ടത്തില്‍ കര്‍ണാടക മുഖ്യമന്തിയുമായിരുന്ന വീരപ്പ മൊയ്‌ലിക്ക് 5,63,802 വേട്ടുകള്‍ക്കാണ് ചിക്ക്ബല്ലാപ്പൂര്‍ മണ്ഡലം നഷ്ടമായത്. ബിജെപി സ്ഥാനാര്‍ഥിയായ ബി എന്‍ ബാച്ചെഗൗഡയാണ് ഇവിടെ വിജയിച്ചത്.
പിഡിപി പ്രസിഡന്റും കാശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി 10000 വോട്ടുകള്‍ക്കാണ് അനന്ത്‌നാഗ് മണ്ഡലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ഹസ്‌നെയ്ന്‍ മസൂദിയോട് പരാജയപ്പെട്ടത്. രണ്ടുതവണ മാത്രമാണ് മുഫ്തി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുള്ളത്. മുമ്പ് ശ്രീനഗര്‍ മണ്ഡലത്തില്‍ നിന്ന് എന്‍സി നേതാവ് ഒമര്‍ അബ്ദുള്ളയോട് തോല്‍വി നേരിട്ടിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതന്ത്രിക്ക്) സ്ഥാനാര്‍ഥിയുമായ ബാബുലാല്‍ മറാണ്ടിയെ കോദര്‍മാ മണ്ഡലത്തില്‍ നിന്ന് 4,00,162 വോട്ടിന് തോല്‍പിച്ചത് ബിജെപി സ്ഥാനാര്‍ഥി അന്നപൂര്‍ണ ദേവിയാണ്. മറാണ്ടി ഝാര്‍ഖണ്ഡിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു. 2006 ല്‍ ബിജെപിയില്‍ വിട്ട് അദ്ദേഹം ജെവിഎം(പി) രൂപീകരിക്കുകയായിരുന്നു.
ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഷിബു സോറെന്‍ 47,590 വോട്ടുകള്‍ക്കാണ് ദുംക്കാ സീറ്റില്‍ ബിജെപി സുനില്‍ സോരെനോട് തോറ്റത്. ഇതേ സീറ്റില്‍ ഇദ്ദേഹം മുമ്പ് എട്ട് തവണ വിജയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ നാന്ദഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ തോല്‍വി കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി. 40,010 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി പ്രതാപ്‌റാവു ചിഖലിക്കാറിനോട് അശോക് തോറ്റത്. 2014 ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് 81,455 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ജയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി സിദ്ദേശ്വര്‍ ശിവാചാര്യ ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് അജയ് ഭട്ടിനോടാണ് പരാജയപ്പെട്ടത്. നൈനിറ്റാളില്‍ 3,39,096 വോട്ടുകള്‍ക്കാണ് ഭട്ട് റവാത്തിനെ തോല്‍പ്പിച്ചത്. ഭട്ട് ആദ്യമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ നബാം തുകി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോടാണ് അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ പരാജയപ്പെട്ടത്.
തുരാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച മേഘാലയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ മുകുള്‍ സാംഗ്മ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി അഗത സാംഗ്മയോട് മത്സരിച്ച് 3 ലക്ഷത്തില്‍പരം വോട്ടിനാണ് പരാജയപ്പെട്ടത്. ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപിന്ദര്‍ സിങ് ഹൂഡ ബിജെപി സ്ഥാനാര്‍ഥി രമേശ് ചന്ദര്‍ കൗഷികിനോടാണ് സോനിപത് മണ്ഡലത്തില്‍ മത്സരിച്ച തോറ്റത്. 1.64 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജിതനായത്.

You May Also Like This: