മുന്‍  ഇന്ത്യന്‍ ക്രിക്കറ്റ്  താരം മാധവ് ആപ്‌തെ അന്തരിച്ചു

Web Desk
Posted on September 23, 2019, 1:46 pm

മുംബൈ: മുന്‍  ഇന്ത്യന്‍ ക്രിക്കറ്റ്  താരം മാധവ് ആപ്‌തെ അന്തരിച്ചു.  86 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.

ടെസ്റ്റ് ക്രിക്കറ്റ് ടീം ഓപ്പണറായ മാധവ് 1950കളില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏഴു ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും അടക്കം 542 റണ്‍സാണ് അദ്ദേഹത്തിൻെറ നേട്ടം.

1953 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 163 റണ്‍സാണ് ഉയർന്ന സ്കോർ. രാജ്യാന്തരമല്‍സരത്തില്‍ മാധവ് ആപ്‌തെയുടെ ഏക സെഞ്ച്വറിയും ഇതു തന്നെയാണ്. 67 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 3336 റണ്‍സ് എടുത്തിട്ടുണ്ട്.  ആറ് സെഞ്ച്വറികളും 16 അര്‍ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു.

വിനു മങ്കാദ്, പോളി ഉമിഗ്രര്‍, വിജയ് ഹസാരെ, റുസി മോഡി തുടങ്ങിയ ഇന്ത്യന്‍ ഇതിഹാസതാരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ ക്യാപ്റ്റനായിരുന്നു.