Janayugom Online
narcotics Sanjiv Bhatt IPS

ഐ പി എസ്  ഓഫീസറെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തു

Web Desk
Posted on September 05, 2018, 1:47 pm

ഗുജറാത്തിലെ മുൻ ഐ പി എസ്  ഓഫീസർ സഞ്ജീവ് ഭട്ടിനെ പഴയ ഒരു മയക്കുമരുന്ന് കേസിൽ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 1996 ൽ അദ്ദേഹം എസ്  പി യായിരിക്കെ ബാണസങ്കത പൊലീസ് ചാർജ് ചെയ്ത കേസിലാണ് അറസ്റ്റ്.

ജനുവരിയിൽ ഹൈക്കോടതി നൽകിയ ഉത്തരവ് പ്രകാരമാണ് സി ഐ ഡി (ക്രൈം) വിഭാഗം കേസ് അന്വേഷണം നടത്തിയത്. കുറെ പൊലീസുകാരെയും ഈ കേസിൽ ചോദ്യം ചെയ്തു, പക്ഷെ മറ്റ് ആരെയെങ്കിലും കസ്റ്റഡിയിലെടുത്തതായി സി ഐ ഡി വിഭാഗം വ്യക്തമാക്കിയിട്ടില്ല.

രാജസ്ഥാനിൽ നിന്നുമുള്ള ഒരു അഭിഭാഷകനെ 1.5 കിലോ മയക്കുമരുന്നുമായി പിടികൂടിയതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ആണ് ഇപ്പോൾ ഹൈക്കോടതി ഇടപെട്ടു അന്വേഷിച്ചത്. ഗുജറാത്ത് ഹൈക്കോടതിയിലെ മുൻ ജഡ്ജി രാമൻലാൽ ജയിനും ഈ കേസിൽ ഉൾപ്പെടുന്നു.

പലൻപുരിലെ ഒരു ഹോട്ടലിൽ നിന്നും മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ടു രാജസ്ഥാനിൽ നിന്നുമുള്ള അഭിഭാഷകൻ സമീർ സിങ് രാജ്പുരോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ പിന്നീട് അന്വേഷണത്തിൽ ഈ മയക്കുമരുന്ന് പൊലീസ്  അവിടെ മനപ്പൂർവം കൊണ്ടുവച്ച്  രാജ്പുരോഹിതിനെ രാജസ്ഥാനിൽ നിന്നും കസ്റ്റഡിയിലെടുത്ത് കുടുക്കുകയായിരുന്നുവെന്ന് വ്യക്തമായി.