August 18, 2022 Thursday

മുൻ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു

Janayugom Webdesk
December 20, 2019 3:35 pm
കൊച്ചി: മുന്‍ മന്ത്രിയും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കൊച്ചി ഗാന്ധിനഗറിലെ മകന്‍ ഡോ. ടോബി ചാണ്ടിയുടെ വസതിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി കുറച്ചുകാലമായി ചികില്‍സയിലായിരുന്ന തോമസ് ചാണ്ടിക്ക് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം നേരിടുകയായിരുന്നു. തുടര്‍ന്ന് ആസ്റ്റര്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരണമടഞ്ഞു. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം 24 ന് ആലപ്പുഴ ചേന്നങ്കരി സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. വിദേശത്തുള്ള കുടുംബാംഗങ്ങള്‍ എത്തുംവരെ മൃതദേഹം കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സൂക്ഷിക്കും.
വിദഗ്ധ ചികില്‍സാര്‍ത്ഥം ഒന്നിലേറെത്തവണ അമേരിക്കയില്‍ പോയി മടങ്ങിയ അദ്ദേഹം ഈമാസം പത്തിനാണ് തിരിച്ചെത്തിയത്. ക്ഷീണിതനായിരുന്നതിനാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദമുണ്ടായപ്പോള്‍ അജിത് പവാറിന്റെ നിലപാടിനെതിരേ ശക്തമായി പ്രതികരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടാണ് തോമസ് ചാണ്ടി ഏറ്റവുമൊടുവില്‍ രംഗത്തുവന്നത്. കായല്‍ കൈയേറ്റത്തിന്റെ പേരില്‍ പിണറായി മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രി പദവി ഒഴിയേണ്ടിവന്ന തോമസ് ചാണ്ടി പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.സി.പിയുടെ മുന്നണി പ്രചാരകനായി രംഗത്തുണ്ടായിരുന്നു.
ശരത് പവാറിനോടൊപ്പം എന്‍.സി.പിയിലെത്തിയ ചാണ്ടി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റും ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗവുമായിരുന്നു. എ.കെ. ശശീന്ദ്രന്‍ ആരോപണ വിധേയനായി രാജിവച്ച ഒഴിവിലാണ് 2017 ഏപ്രിലില്‍ തോമസ് ചാണ്ടി മന്ത്രിയായത്. ഏഴരമാസം മന്ത്രി പദവിയില്‍. കുറ്റവിമുക്തനായി ശശീന്ദ്രന്‍ തിരിച്ചെത്തിയതോടെ 2018 ഫെബ്രുവരിയില്‍ തോമസ് ചാണ്ടി സ്ഥാനമൊഴിഞ്ഞു. അതിനിടെ, ആലപ്പുഴ ലേക്ക് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് കുട്ടനാട്ടില്‍ കായല്‍ കൈയേറിയെന്ന മാധ്യമ വാര്‍ത്തകളും കേസുകളും അദ്ദേഹത്തെ ഉലച്ചു.
മൂന്നുതവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കുവൈറ്റിലും സൗദിയിലും ഇന്ത്യന്‍ സ്‌കൂളുകളും ഇതര സ്ഥാപനങ്ങളും വിജയകരമായി നടത്തി ‘കുവൈറ്റ് ചാണ്ടി’ എന്ന് അറിയപ്പെട്ടിരുന്ന തോമസ് ചാണ്ടി കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കാലൂന്നിയത്. ട്രാവല്‍ ടൂറിസം രംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചു. കുട്ടനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 2006 ല്‍ കെ. കരുണാകരന്‍ ഡി.ഐ.സി. രൂപീകരിച്ച ഘട്ടത്തില്‍ അതില്‍ ചേരുകയും പാര്‍ട്ടിയുടെ ഏക എം.എല്‍.എയാവുകയും ചെയ്തു. പിന്നീട് എന്‍.സി.പിയിലേക്കുവന്നു. 2011 ല്‍ എന്‍.സി.പി. എല്‍.ഡി.എഫിന്റെ ഭാഗമായി മല്‍സരിച്ചപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും ധനികനായ എം.എല്‍.എയായിരുന്നു അദ്ദേഹം.
1947 ഒക്‌ടോബര്‍ 29 ന് ചേന്നങ്കരിയില്‍ വി.സി. തോമസിന്റെയും ഏല്യാമ്മയുടെയും മകനായി ജനിച്ച തോമസ് ചാണ്ടി ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടി. തുടര്‍ന്നാണ് വിദ്യാഭ്യാസ‑ഹോസ്പിറ്റാലിറ്റി രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് കുവൈറ്റിലേക്കു പോയത്.
ഭാര്യ: മേഴ്‌സി ചേന്നങ്കരി കട്ടച്ചിറ കുടുംബാംഗമാണ്. മക്കള്‍: പ്രഫ. ബെറ്റി ചാണ്ടി (പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റി, യു.എസ്.എ), ഡോ. ടോബി ചാണ്ടി (ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, കൊച്ചി), ടെസി ചാണ്ടി (യുണൈറ്റഡ്‌സ് ഇന്ത്യ സ്‌കൂള്‍, കുവൈറ്റ്). മരുമക്കള്‍: ലെനി (സയന്റിസ്റ്റ്, യു.എസ്.എ), ജോയല്‍ (എന്‍ജിനീയര്‍, കുവൈറ്റ്), ഡോ. അന്‍സു (കോട്ടയം).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.