പാലാരിവട്ടം പാലം; മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വാദം കള്ളം

Web Desk
Posted on October 16, 2019, 1:26 pm

കൊച്ചി: പാലാരിവട്ടം പാലം നിര്‍മിച്ച കരാര്‍ കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂറായി നല്‍കിയത് നയപരമായ തീരുമാനമാണെന്ന മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വാദം കള്ളം. ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും അന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. പാലാരിവട്ടം പാലം ഉള്‍പ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ പത്ത് പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയ ആദ്യ ഫയല്‍ മാത്രമാണ് മുഖ്യമന്ത്രിയടക്കം കണ്ടത്.

മുന്‍കൂര്‍ പണം നല്‍കിയതടക്കമുള്ള എല്ലാ വഴിവിട്ട പ്രവര്‍ത്തനങ്ങളും മന്ത്രി നേരിട്ടെടുത്ത തീരുമാനമായിരുന്നുവെന്ന് ഇതോടെ വ്യക്തം. അതിനിടെ, പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. സഹായം തേടി വിജിലന്‍സ് ആഭ്യന്തര സെക്രട്ടറി മുഖേന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കും. കരാറുകാരനായ സുമിത് ഗോയലിന് മുന്‍കൂറായി 8.25 കോടിരൂപ നല്‍കിയതിന് പിന്നില്‍ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് വിജിലന്‍സിന് തെളിവ് ലഭിച്ചിരുന്നു.

തുക നല്‍കിയത് നയപരമായ തീരുമാനമായിരുന്നുവെന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ വാദം. അങ്ങനെയാണെങ്കില്‍ ഇതിന്റെ ഫയല്‍ മന്ത്രിസഭ കാണണം. എന്നാല്‍ 2013 ഡിസംബര്‍ പത്തിനും 2014 മാര്‍ച്ച് നാലിനും ഇടയില്‍ നടന്ന ഒരു മന്ത്രിസഭായോഗത്തിലും ഈ ഫയല്‍ വന്നിട്ടില്ല. അതേസമയം, പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ചില ഫയലുകള്‍ കാണാനില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വിജിലന്‍സ് അറിയിച്ചു.ഉപതിരഞ്ഞെടുപ്പിന് പ്രചാരണ രംഗത്ത് ഇറങ്ങേണ്ടതില്ലെന്ന് യു ഡി എഫ് പറഞ്ഞതോടെ ഇബ്രാഹിംകുഞ് വിദേശത്താണുള്ളത്.