Web Desk

കോഴിക്കോട്

January 30, 2020, 8:30 am

മുൻമന്ത്രി എം കമലം അന്തരിച്ചു

Janayugom Online

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം കമലം (94) നിര്യാതയായി. ഇന്നലെ രാവിലെ ആറരയോടെ നടക്കാവിലെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ മാവൂർ റോഡ് ശ്മാശനത്തിൽ സംസ്കരിച്ചു.

1982ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്നു. അടിയന്തരാവസ്ഥയിലും വിമോചനസമരത്തിലും ജയിൽവാസം അനുഷ്ഠിച്ചു. സംസ്ഥാന വനിതാകമ്മിഷൻ അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് നഗരസഭയിലെ കൗൺസിലറായാണ് കമലം രാഷ്ട്രീയ ജീവിതമാരംഭിച്ചത്. 1948 ൽ, 19ാം വയസ്സിലായിരുന്നു അത്. 15 വർഷത്തോളം നഗരസഭാംഗമായി തുടർന്നു. 1965,67,70 വർഷങ്ങളിൽ നിയമസഭയിലേക്കു മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.

കോൺഗ്രസ് മഹിളാവിഭാഗം കൺവീനറായെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ സമരം ചെയ്ത് ജയിലിലായി. പിന്നീട് ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ അധ്യക്ഷയായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. പിൽക്കാലത്ത് കോൺഗ്രസിൽത്തന്നെ തിരിച്ചെത്തി. 77 ൽ ലോക്‌സഭയിലേക്കു മൽസരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ജനതാ പാർട്ടി ടിക്കറ്റിലായിരുന്നു മൽസരിച്ചത്. പിന്നീട് 80 ൽ കൽപ്പറ്റയിൽനിന്നു നിയമസഭയിലേക്കു വിജയിച്ചു.

Eng­lish Sum­ma­ry: for­mer min­is­ter m kamalam dies