
കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന എം നാരായണന്‍(73) അന്തരിച്ചു. വാര്‍ദ്ധ്യക സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതൽ 1996 വരെയും 1996 മുതല്‍ 2001 വരെയും രണ്ട് തവണ നേരത്തെയുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്നു. 1991 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ചെറുവത്തൂർ നീലേശ്വരം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പഴയ ഹൊസ്ദുർഗ് മണ്ഡത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിടാൻ യത്നിച്ച ജനകീയനായ എംഎൽഎ യായിരുന്നു എം നാരായണൻ. രണ്ട് വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ഒട്ടേറെ വികസന പദ്ധതികളാണ് ഹൊസ്ദുർഗ് മണ്ഡലത്തിനു വേണ്ടി നടപ്പിലാക്കിയത്. 18 വർഷം പോസ്റ്റുമാൻ ജോലി ചെയ്തിരുന്ന എം നാരായണന്‍ ജോലി രാജിവെച്ച ശേഷമാണ് പാർട്ടി തിരഞ്ഞെടുപ്പ് രംഗത്ത് ഇറക്കിയത്. 2015 മുതൽ 2020 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
എ ഐ വൈ എഫ് വെസ്റ്റ് എളേരി പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. സി പി ഐ ജില്ലാ കൗൺസിൽ അംഗം, സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി കെ എം യു ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മടിക്കൈയിലെ നാരായണൻ നായർ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് അദ്ദേഹം നടത്തിയ നിരാഹാര സമരം സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ജില്ലാശുപത്രി ശോചനീയാവസ്ഥ പരിഹരിക്കുന്നമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മാന്തോപ്പിൽ നടത്തിയ നിരാഹാര സമരവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതാണ്.
സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്‍, സി പി മുരളി, കാസര്‍കോട് ജില്ലാ സെക്രട്ടറി സി പി ബാബു, ബി കെ എം യു സംസ്ഥാന പ്രസിഡന്റ് ചിറ്റയംഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.