രാഷ്ട്രീയ അഭയം നല്‍കണമെന്ന് പാകിസ്ഥാനിലെ മുന്‍ എംഎല്‍എ

Web Desk
Posted on September 10, 2019, 9:55 pm

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നല്‍കണമെന്ന് പാകിസ്ഥാനിലെ മുന്‍ എംഎല്‍എ ബാല്‍ദേവ് കുമാര്‍ ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്‌രീക്‌ഐഇസാഫ് പാര്‍ട്ടിയിലെ എംഎല്‍എയായിരുന്ന ബാല്‍ദേവ് കുമാറാണ് ഇന്ത്യയില്‍ അഭയം തേടിയത്. പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ വര്‍ധിക്കുകയാണെന്നും രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് ബാല്‍ദേവ് കുമാറിന്റെ ആവശ്യം.

മൂന്ന് മാസത്തെ വിസയില്‍ ഓഗസ്റ്റ് 12നാണ് ബാല്‍ദേവ് ഇന്ത്യയില്‍ എത്തിയത്. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും മുമ്പുതന്നെ ലുധിയാനയിലെ ഖന്നയിലെത്തിച്ചിരുന്നു. പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങളെ തുടര്‍ന്നാണ് തന്റെ കുടുംബത്തെ ഇവിടെ നിന്ന് മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ അദ്ദേഹവും ഖന്നയിലാണ് താമസം. തനിക്ക് പാകിസ്ഥാനിലേക്ക് മടങ്ങി പോകേണ്ടെന്നും ബാല്‍ദേവ് പറയുന്നു.ഇമ്രാന്‍ഖാന്‍ കഴിഞ്ഞ വര്‍ഷം അധികാരത്തിലേറിയപ്പോള്‍ പാക് ജനത ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ പുതിയ പാകിസ്ഥാന്‍ നിര്‍മ്മിക്കുമെന്ന ഇമ്രാന്‍ ഖാന്റെ വാഗ്ദാനം വെറും പാഴ്‌വാക്കായിരിക്കുകയാണെന്നും ബാല്‍ദേവ് കുറ്റപ്പെടുത്തി.

പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ ഒട്ടും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ വലിയ പീഡനങ്ങളാണ് പാകിസ്ഥാനില്‍ നടക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല. മുസ്‌ലിം മതത്തിലുള്ളവര്‍ പോലും വലിയ ഭീഷണിയാണ് പാകിസ്ഥാനില്‍ നേരിടുന്നതെന്നും ബാല്‍ദേവ് പറഞ്ഞു.