ജനുവരി 26 ന് ചെങ്കോട്ടയിൽ സുരക്ഷാ സംവിധാനങ്ങൾക്ക് വൻ പാളിച്ച സംഭവിച്ചുവെന്നും ഇതുസംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുൻ നാവികസേനാ മേധാവി രാഷ്ട്രപതിക്ക് കത്തയച്ചു. റിട്ട. അഡ്മിറൽ എൽ രാംദാസാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിശദമായ കത്ത് അയച്ചത്.
സാധാരണ നിലയിലുള്ള സുരക്ഷാ സംവിധാനങ്ങൾക്ക് പുറമേ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കൂടുതൽ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കാറുണ്ട്. അവിടെ വിവിധ ചടങ്ങുകളുടെ ചുമതല വഹിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ നേരിട്ടറിയാവുന്നതാണ് ഇവയൊക്കെ. എന്നാൽ ഈ വർഷം ജനുവരി 26ന് മാത്രം അതുണ്ടായില്ല. സ്ഥിരമായി അവിടെ സജ്ജീകരിച്ചിട്ടുള്ള സേനാവിഭാഗത്തെ അന്ന് കാണാനുണ്ടായിരുന്നില്ല. കവാടങ്ങൾ പലതും അടച്ചുപൂട്ടാറുണ്ടായിരുന്നു. അവയെല്ലാം തുറന്നിട്ടുവെന്ന സൂചനയും കത്തിലുണ്ട്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കർഷകരാണ് പ്രക്ഷോഭം നടത്തിയതെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവമായശ്രമം നടന്നു. എന്നാൽ കർഷകപ്രക്ഷോഭകരിലെ 90 ശതമാനവും നേരത്തേ നിശ്ചയിച്ച വഴികളിലൂടെ സമാധാനപരമായി ട്രാക്ടർ റാലിയിൽ പങ്കെടുത്ത് തിരിച്ചുപോകുകയാണുണ്ടായത്. അക്കാര്യവും സുരക്ഷാവീഴ്ചയും മറച്ചുവച്ചാണ് സർക്കാർ സംവിധാനങ്ങളും ചില രാഷ്ട്രീയ നേതാക്കളും കർഷകരെയും പ്രക്ഷോഭകരെയും കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കർഷകരുടെ ചെറിയൊരു സംഘവും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ളവരും ഇത്ര സുഗമമായി ചെങ്കോട്ടയിൽ കയറിയതിനെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കർഷകരുടെ പേരിൽ ഒരു വിഭാഗം ആളുകൾ ചെങ്കോട്ടയിൽ അതിക്രമിച്ചുകയറി സിഖ് മതപതാക ഉയർത്തുകയായിരുന്നു. ഇതിന് പിന്നിൽ ഡൽഹി പൊലീസിന്റെയും ബിജെപിയുടെയും ഗൂഢാലോചനയുണ്ടെന്ന് കർഷകർ ആരോപിക്കുന്നു.
ENGLISH SUMMARY: Former Navy chief sends letter to President; Serious security breach at Red Fort
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.