24 April 2024, Wednesday

പൗരാവകാശത്തെ തടവിലാക്കരുതെന്ന് മുൻ ഉദ്യോഗസ്ഥർ

Janayugom Webdesk
July 17, 2022 9:35 pm

സംസാരിക്കാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുന്ന ആളുകളെ വേട്ടയാടുന്നത് നിര്‍ത്താന്‍ സര്‍ക്കാരിനെ ഉപദേശിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് 72 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന് കത്തെഴുതി. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ തുടർച്ചയായ തടങ്കലും വ്യക്തിഗത അവകാശങ്ങള്‍ നിഷേധിക്കുന്നതും ചൂണ്ടിക്കാട്ടി കോണ്‍സ്റ്റിറ്റ്യുഷണല്‍ കണ്‍ടക്ട് ഗ്രൂപ്പിന് (സിസിജി) കീഴിലുള്ള മുൻ ഉദ്യോഗസ്ഥരാണ് കത്തയച്ചത്.
‘സര്‍ക്കാരിന് അസൗകര്യമുള്ളവരെന്ന് തോന്നുന്ന വ്യക്തികളുടെ പൗരസ്വാതന്ത്ര്യം ബോധപൂർവം ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികൾ മാത്രമല്ല, നിയമ ഉദ്യോഗസ്ഥരും അനുദിനം കേസുകൾ നിർമ്മിക്കുന്ന അപകടകരമായ അവസ്ഥ നിരാശയുണ്ടാക്കുന്നു. നിയമത്തിനുമുമ്പിൽ തുല്യത എന്ന് ഭരണഘടന അനുശാസിക്കുമ്പോള്‍ നൂപൂർ ശർമ്മയോടും മുഹമ്മദ് സുബൈറിനോടും കാണിക്കുന്ന വിവേചനം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മുൻ ഉദ്യോഗസ്ഥർ പറഞ്ഞു. സുബൈറിനെ തുടർച്ചയായി തടങ്കലിൽ വയ്ക്കുന്നതിന് നിയമപരമായ സാധുതയില്ലെന്നും അവര്‍ പറഞ്ഞു.
ആരോഗ്യകരമായ ജനാധിപത്യത്തിന് വിയോജിപ്പിന്റെ ശബ്ദം ആവശ്യമാണെന്ന് നിരീക്ഷിച്ച് 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി കോടതി വെള്ളിയാഴ്ച സുബൈറിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് യുപി പൊലീസ് രജിസ്റ്റർ ചെയ്ത ചില എഫ്ഐആറുകളിൽ റിമാന്റ് ചെയ്തതിനാൽ സുബൈർ ജയിലിൽ തന്നെ തുടരും.
പറയാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുന്നവർക്കെതിരെയുള്ള വേട്ട അവസാനിപ്പിക്കാനും ഭാവിയിൽ അടിസ്ഥാനരഹിതമായ കേസുകളൊന്നും ഫയൽ ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും പൊലീസ് അധികാരികൾക്ക് നിർദ്ദേശം നൽകാൻ സർക്കാരിനെ ഉപദേശിക്കണമെന്നും ജാമ്യത്തിനായുള്ള അപേക്ഷകളെ പതിവായി എതിർക്കുന്ന അറ്റോർണി ജനറലിന് അയച്ച കത്തിൽ പറയുന്നു.
മുൻ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഹർഷ് മന്ദർ, മുൻ മുഖ്യ വിവരാവകാശ കമ്മിഷണർ വജാഹത്ത് ഹബീബുള്ള, മുൻ ആരോഗ്യ സെക്രട്ടറി കെ സുജാത റാവു എന്നിവരുള്‍പ്പെടെ 72 പേരാണ് കത്തില്‍ ഒപ്പു വച്ചിട്ടുള്ളത്. ജനങ്ങളെ വിവേചനരഹിതമായി അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നത് ഇന്ത്യയെ പൊലീസ് രാഷ്ട്രമാക്കുകയാണെന്ന് അടുത്തിടെ സുപ്രീം കോടതി നടത്തിയ പ്രസ്താവനയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Eng­lish Sum­ma­ry: For­mer offi­cials say civ­il rights should not be imprisoned

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.