ഷാജുവിനും കുടുംബത്തിനും തണലൊരുക്കി ടികെഎം കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ സ്‌നേഹകൂട്ടായ്മ

Web Desk
Posted on June 09, 2019, 5:02 pm
കൊല്ലം ടി കെ എം എഞ്ചിനിയറിങ്ങ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ പിഴല ഷാജുവിനും കുടുംബത്തിനും പണിത് നല്‍കിയ വീടിന്‍റെ താക്കോല്‍ മല്‍സ്യതൊഴിലാളികള്‍ ചേര്‍ന്ന് ഷാജുവിന്‍റെ കുടുംബത്തിന് കൈമാറുന്നു

കൊച്ചി: കടമക്കുടി പിഴല പാലിയംതുരുത്ത് പന്നക്കാപ്പറമ്പില്‍ വീട്ടില്‍ ഷാജുവിനും കുടുംബത്തിനും ഇനി മനസ്സമാധാനത്തോടെ അന്തിയുറങ്ങാം. കൊല്ലം ടി കെ എം എഞ്ചിനീയറിങ്ങ് കോളേജിലെ 1990- 1994 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ഷാജുവിന്‍റെയും കുടുംബത്തിന്‍റെയും അടച്ചു റപ്പുള്ള വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്.

ഭാര്യയും ബുദ്ധിമാന്ദ്യം സംഭവിച്ച മകളും ഉള്‍പ്പെടുന്ന ഷാജുവിന്‍റെ കുടുംബത്തിന്‍റെ ദുരവസ്ഥ, പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. യുഎസ്എയിലെ ഐവ മലയാളീസ് അസോസിയേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഷാജുവിന്‍റെ കുടുംബത്തിനുള്ള വീട് നിര്‍മ്മാണത്തിനുള്ള മുഴുവന്‍ ചെലവും നല്‍കാമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ഉറപ്പ് നല്‍കി. അങ്ങനെ പൂര്‍വ്വ വിദ്യാര്‍ഥികളായ ആര്‍ക്കിടെക്റ്റുമാര്‍ പ്ലാന്‍ തയ്യാറാക്കി. 70 ദിവസം കൊണ്ട് വീടിന്‍റെ മുഴുവന്‍ പണിയും പൂര്‍ത്തീകരിച്ചു. അങ്ങിനെ മഴക്കാലം ശക്തിയാര്‍ജിക്കുന്നതിനു മുമ്പേ ഷാജുവിനും കുടുംബത്തിനും വീടിന്‍റെ താക്കോല്‍ കൈമാറി. ഇന്ന് രാവിലെ നടന്ന ലളിതമായ ചടങ്ങില്‍ പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയ മല്‍സ്യ തൊഴിലാളികള്‍ ചേര്‍ന്ന് ഷാജുവിനും കുടുംബത്തിനും താക്കോല്‍ കൈമാറി.

ടി കെ എം എഞ്ചിനീയറിങ്ങ് പൂര്‍വ്വ വിദ്യാര്‍ഥികളായ സെബാസ്റ്റ്യന്‍ (ആര്‍ക്കിടെക്റ്റ്, ), ബെന്നി കോതാട്, ഫ്രാങ്ക്, അരുണ്‍ എ എം, സുനില്‍ സേവ്യര്‍, ജോണ്‍ കള്ളിവയലില്‍, സില്‍വിസേവ്യര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്യം നല്‍കി . ചടങ്ങില്‍മത്സ്യതൊഴിലാളികളായ മാലിപ്പുറം പണിക്കവീട്ടില്‍ റഷീദ്, കുഴിക്കണ്ടത്തില്‍ അസീസ്, പണിക്കവീട്ടില്‍ നസീര്‍, മണ്ണാറ വീട്ടില്‍ ബാബു, മരോട്ടിപ്പറമ്പില്‍ സെബാസ്റ്റ്യന്‍ എന്നിവരെയും ചുരുങ്ങിയ കാലയളവില്‍ അര്‍പ്പണ ബോധത്തോടെ വീടിന്റെ പണി പൂര്‍ത്തികരിച്ച ചിറ്റൂര്‍ സജി കോളരിക്കലിനെയും മെമന്റോ നല്‍കി ആദരിച്ചു.