24 April 2024, Wednesday

മുന്‍ കേന്ദ്ര നിയമ മന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2023 9:50 pm

പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് രാത്രി ഏഴിന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. 1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി സര്‍ക്കാറില്‍ നിയമമന്ത്രിയായിരുന്നു. 1975 ജൂണില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍ എതിര്‍വിഭാഗമായ രാജ് നരെയ്നുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പൗരാവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ്. 

പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നിരവധി കേസുകളില്‍ ഹാജരായിട്ടുണ്ട്. 1980ല്‍ പ്രമുഖ എന്‍ജിഒയായ ‘സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍’ സ്ഥാപിച്ചു. സുപ്രീംകോടതിയില്‍ സംഘടന നിരവധി പൊതുതാല്‍പര്യ ഹരജികള്‍ നല്‍കിയിട്ടുണ്ട്. 1980‑ൽ ബിജെപിയിൽ ചേർന്ന ഭൂഷൺ പിന്നീട് 1986‑ൽ പാർട്ടിയിൽ നിന്ന് രാജിവച്ചു. ആം ആദ്മി പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ മകനാണ്. 

Eng­lish Summary:Former Union Law Min­is­ter Shan­ti Bhushan passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.